മിന്നലായി സിറ്റി

Posted on: August 12, 2015 6:00 am | Last updated: August 12, 2015 at 12:20 am
SHARE
യായ ടുറെ ഗോള്‍ നേടുന്നു
യായ ടുറെ ഗോള്‍ നേടുന്നുവെസ്റ്റ്‌ബ്രോംവിച്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയത്തുടക്കം. എവേ മാച്ചില്‍ വെസ്റ്റ്‌ബ്രോംവിച് ആല്‍ബിയനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് മാനുവല്‍ പെല്ലെഗ്രിനിയുടെ പട കുതിപ്പാരംഭിച്ചത്. യായടുറെ ഇരട്ടഗോളുകളോടെ തിളങ്ങിയപ്പോള്‍ വിന്‍സെന്റ് കൊംപാനി തകര്‍പ്പന്‍ ഹെഡര്‍ ഗോളിലൂടെ കൈയ്യടി നേടി. ഏറെ താരമൂല്യവുമായി ലിവര്‍പൂളില്‍ നിന്ന് സിറ്റിയുടെ നിരയിലെത്തിയ റഹീം സ്റ്റെര്‍ലിംഗ് നിഷ്പ്രഭനായി.
പ്രീമിയര്‍ ലീഗില്‍ എല്ലാ ടീമുകളും ആദ്യമത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്ന് പോയിന്റുകളും മൂന്ന് ഗോളുകളുമുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് മുന്നില്‍. ലീസെസ്റ്റര്‍, ക്രിസ്റ്റല്‍പാലസ്, വെസ്റ്റ്ഹാം, ആസ്റ്റന്‍വില്ല, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുകളും ആദ്യ മത്സരം ജയിച്ചു. ആഴ്‌സണല്‍ പരാജയപ്പെട്ടതും ചെല്‍സി സമനിലയിലായതുമാണ് ലീഗിനെ ശ്രദ്ധേയമാക്കിയത്.
ഒമ്പതാം മിനുട്ടിലാണ് സിറ്റിയുടെ ലീഡ് ഗോള്‍ പിറന്നത്. ടുറെയും ഡേവിഡ് സില്‍വയും തമ്മിലുള്ള നീക്ക്‌പോക്കിലായിരുന്നു ഗോള്‍ സംഭവിച്ചത്. ഇരുപത്തിനാലാം മിനുട്ടില്‍ ടുറെയുടെ രണ്ടാം ഗോള്‍. അമ്പത്തൊമ്പതാം മിനുട്ടിലാണ് കോര്‍ണര്‍ ബോളിന് തലവെച്ച് കൊംപാനി മനോഹരമായ ഗോള്‍ നേടിയത്.
49 ദശലക്ഷം പൗണ്ടിന് ക്ലബ്ബ് റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ സിറ്റിയിലെത്തിയ സ്റ്റെര്‍ലിംഗിലായിരുന്നു ഏവരുടെയും കണ്ണ്. പ്രീ സീസണ്‍ മത്സരങ്ങളില്‍ ഗോളടിച്ചു കൊണ്ടു മികവറിയിച്ച സ്റ്റെര്‍ലിംഗിന് പ്രീമിയര്‍ ലീഗിലെ ആദ്യ കളിയില്‍ തിളക്കം നഷ്ടമായി. സ്‌കോറിംഗ് അവസരങ്ങള്‍ തുലച്ച സ്റ്റെര്‍ലിംഗിനെ എഴുപത്തിനാലാം മിനുട്ടില്‍ കോച്ച് തിരികെ വിളിച്ചു.
വെസ്റ്റ്‌ബ്രോം കോച്ച് ടോണി പുളിസ് ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച വെനിസ്വെല സ്‌ട്രൈക്കര്‍ സോളമന്‍ റോന്‍ഡന്‍ ചെറിയ മിന്നലാട്ടം നടത്തിയെങ്കിലും ഗോള്‍ സാധ്യമായില്ല.