റെയില്‍വേ പോലീസില്ല; ആര്‍ പി എഫും

Posted on: August 12, 2015 6:00 am | Last updated: August 12, 2015 at 12:04 am
SHARE

റെയില്‍വേ അധികൃതര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയുടെ ഏറ്റവും പുതിയ നിദര്‍ശനമാകുകയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലെ ഗുരുതരമായ അലംഭാവം. കേരള എക്‌സ്പ്രസില്‍ വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നത് ട്രെയിനുകളിലെ അതിക്രമത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഇത്തരം സംഭവങ്ങള്‍ ദിനംപ്രതിയെന്നോണം ട്രെയിനുകളില്‍ അരങ്ങേറുന്നുണ്ട്. ട്രെയിന്‍ യാത്ര ഭീതിജനകമാംവിധം അരക്ഷിതമാകുമ്പോഴും വേണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ റെയില്‍വേ നടപടി സ്വീകരിക്കുന്നില്ല. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴില്‍ മാത്രം 900 ആര്‍ പി എഫുകാരുടെ ഒഴിവുകള്‍ ഒരു വര്‍ഷമായിട്ടും നികത്തപ്പെടാതെ കിടക്കുകയാണ്.
സൗമ്യയുടെ ദാരുണ കൊലപാതകത്തെ തുടര്‍ന്ന് ട്രെയിനുകളിലെ സുരക്ഷക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. കൂടാതെ, തിരുവനന്തപുരം, പാലക്കാട് ഡിവിഷനല്‍ മാനേജര്‍മാരും റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് ശിപാര്‍ശ സമര്‍പ്പിച്ചു. 1503 പേരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍, പലപ്പോഴായി നിയമിച്ചത് 600 പേരെ മാത്രം. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സി (ആര്‍ പി എഫ്)ല്‍ ആവശ്യത്തിന് അംഗങ്ങളെ നിയമിക്കുന്നില്ലെന്ന് മാത്രമല്ല, കേരളത്തില്‍ സേവനമനുഷ്ഠിക്കേണ്ടവരെ തമിഴ്‌നാട്ടിലേക്കും മറ്റും പിന്‍വലിക്കുന്ന പ്രവണതയുമുണ്ട് റെയില്‍വേക്ക്. തിരുവനന്തപുരം ഡിവിഷനു കീഴില്‍ 350ഉം പാലക്കാട് ഡിവിഷനു കീഴില്‍ 550ഉം ഒഴിവുകളാണുള്ളത്. പാലക്കാട് ഡിവിഷന്റെ സ്ഥിതിയാണ് പരിതാപകരം. മംഗലാപുരം, സേലം ഡിവിഷനു കീഴിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും പരിശോധനക്ക് പോകേണ്ടത് പാലക്കാട് ഡിവിഷന് കീഴിലെ ഉദ്യോഗസ്ഥരാണ്. ഇക്കാരണത്താല്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജോലി ചെയ്യാന്‍ ആവശ്യത്തിന് ആര്‍ പി എഫുകാരില്ല. യാത്രക്കിടയിലെ മോഷണം, അതിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികളില്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്യുകയും പരാതി നല്‍കിയ പോലീസ് സ്റ്റേഷനില്‍ നിന്ന് സംഭവം നടന്ന സ്ഥലത്തെ സ്റ്റേഷനിലേക്ക് പരാതി ഫാക്‌സ് ചെയ്ത് നടപടിയെടുക്കുകയും ചെയ്യുന്ന സംവിധാനം ആവിഷ്‌കരിച്ചിരുന്നു. ഇപ്പോഴിത് കാര്യക്ഷമമല്ല. മദ്യപിച്ച് ട്രെയിനില്‍ കയറുന്നവരെ തടയാന്‍ രണ്ട് വര്‍ഷം മുമ്പ് എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കിയ ആള്‍കോമീറ്റര്‍ പരിശോധനാ സംവിധാനവും നിലച്ചിരിക്കുന്നു.
സംസ്ഥാന സര്‍ക്കാറിന് കീഴിലെ റെയില്‍വേ പോലീസ് സംവിധാനം തകര്‍ക്കാന്‍ റെയില്‍വേ അധികൃതര്‍ കരുനീക്കുന്നുവെന്നതാണ് ഈ പ്രശ്‌നത്തിന്റെ മറ്റൊരു വശം. റെയില്‍വേ പോലീസിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് റെയില്‍വേ ബോര്‍ഡിനെ പല തവണ സമീപിച്ചെങ്കിലും അവര്‍ പച്ചക്കൊടി കാണിച്ചില്ല. റെയില്‍വേ പോലീസിന്റെ ശമ്പളം സംസ്ഥാന സര്‍ക്കാറും റെയില്‍വേയും ചേര്‍ന്നാണ് നല്‍കുന്നത്. മാത്രമല്ല, റെയില്‍വേ പോലീസിന്റെ അംഗബലം കൂട്ടാന്‍ റെയില്‍വേയുടെ അനുമതി ആവശ്യവുമാണ്. ഇതിന് അനുമതി നല്‍കുന്നില്ലെന്ന് മാത്രമല്ല ആര്‍ പി എഫുകാരെ വര്‍ധിപ്പിക്കാന്‍ തയ്യാറാകുന്നുമില്ല.
റെയില്‍വേ പോലീസും ആര്‍ പി എഫും തമ്മില്‍ നിലനില്‍ക്കുന്ന മൂപ്പിളമ തര്‍ക്കവും സ്ഥിതി വഷളാക്കുന്നു. ഇപ്പോള്‍ കേസന്വേഷണത്തിനുള്ള ചുമതല റെയില്‍വേ പോലീസിനാണ്. സംരക്ഷണ ചുമതല മാത്രമാണ് ആര്‍ പി എഫിനുള്ളത്. തങ്ങള്‍ക്ക് പൂര്‍ണ ചുമതല നല്‍കണമെന്ന് ആര്‍ പി എഫുകാര്‍ നിരന്തരം ആവശ്യപ്പെട്ടു വരുന്നുണ്ട്. അവരുടെ സേവന, വേതന വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഇത് അനിവാര്യമാണത്രേ. ഇക്കാര്യത്തില്‍ റെയില്‍വേക്ക് ആര്‍ പി എഫിനോട് ചായ്‌വുണ്ടാകുക സ്വാഭാവികം. ചുരുക്കത്തില്‍ പോലീസിനെ നിര്‍വീര്യമാക്കുന്നു. ആര്‍ പി എഫുകാരെ ആവശ്യത്തിന് നിയമിക്കുന്നുമില്ല. ഇതാണ് സ്ഥിതി. ഈ നില തുടര്‍ന്നാല്‍ തീവണ്ടി യാത്ര കൂടുതല്‍ അരക്ഷിതമാകുമെന്നുറപ്പാണ്. സൗമ്യമാരെ കൊലക്ക് കൊടുത്താലേ നമ്മുടെ വ്യവസ്ഥ ഉണരൂ എന്ന് വരുന്നത് എത്ര ഭീകരമാണ്.
കേരളത്തിലെ യാത്രക്കാരും മനുഷ്യരാണ്. വെറും മനുഷ്യരല്ല. കൃത്യമായി ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന മനുഷ്യര്‍. അവരെ അക്രമികള്‍ക്കും കൊള്ളക്കാര്‍ക്കും വിട്ടു കൊടുത്ത് ലാഭം കൂട്ടാന്‍ ലാക്കു നോക്കുന്ന റെയില്‍വേ നടപടി അംഗീകരിച്ച് കൊടുക്കാനാകില്ല. ഇക്കാര്യത്തില്‍ കൃത്യമായ ഗൃഹപാഠം നടത്തി വസ്തുതകള്‍ കേന്ദ്ര അധികൃതര്‍ക്ക് മുന്നിലെത്തിക്കാന്‍ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രിയും ഉദ്യോഗസ്ഥരും തയ്യാറാകണം. കൃത്യമയ തുടര്‍ പ്രക്രിയകളും വേണം. ആവശ്യത്തിന് എണ്ണം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് ഉറപ്പ് വരുത്താനെങ്കിലും അടിയന്തരമായി റെയില്‍വേ തയ്യാറാകണം. ആര്‍ പി എഫുകാരില്ലെങ്കില്‍ സംസ്ഥാന പോലീസില്‍ കൂടുതല്‍ പേരെ റെയില്‍വേ സുരക്ഷക്ക് നിയമിക്കാന്‍ അനുമതി ലഭിക്കണം. നിരീക്ഷണ ക്യാമറകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് അടുത്ത പടിയായി വേണം. ശുഭയാത്രയും സുരക്ഷിതയാത്രയുമൊക്കെ വെറും ആശംസകളും മുദ്രാവാക്യവുമായി ചുരുങ്ങരുത്.