ആറ് മാസത്തോളം ശമ്പളമില്ല; മലയാളികളടക്കം 200 ഓളം തൊഴിലാളികള്‍ ദുരിതത്തില്‍

Posted on: August 12, 2015 6:00 am | Last updated: August 12, 2015 at 3:24 pm
SHARE

PRAVASIKAL

മസ്‌കത്ത്: ആറ് മാസത്തോളം ശമ്പളം നല്‍കാതെ കമ്പനി അധികൃതര്‍ തൊഴിലാളികളെ പീഡിപ്പിക്കുന്നതായി പരാതി. മലയാളികളടക്കമുള്ള 200 ഓളം തൊഴിലാളികളെയാണ് വേതനം നല്‍കാതെ കമ്പനി അധികൃതര്‍ മാനസികമായി പീഡിപ്പിക്കുന്നത്. സീബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെസ്റ്റ് ഇന്‍ഫാസ്ട്രക്ചര്‍ ഡെവലപ്പേഴ്‌സ് എല്‍ എല്‍ സി എന്ന റോഡ് നിര്‍മാണ കമ്പനിക്കെതിരെ എംബസിയുമായി ബന്ധപ്പെട്ട് നിയമനടപടിക്ക് ഒരുങ്ങുകയാണ് ഒരുകൂട്ടം തൊഴിലാളികള്‍. ശമ്പളം നല്‍കാതെ പീഡനം തുടര്‍ന്നതോടെ ജോലിക്ക് പോകാതെ തൊഴിലാളികള്‍ പണിമുടക്കിലാണ്. ഇതോടെ കമ്പനിയുടെ ഇബ്രി, മബേല, നഖല്‍, പി ഒ ഡി എന്നിവിടങ്ങളിലെ നിര്‍മാണ പ്രവൃത്തി പൂര്‍ണമായും സ്തംഭിച്ചു.
സൂപ്പര്‍വൈസര്‍ മുതല്‍ പല തസ്തികകളിലുമുള്ള തൊഴിലാളികളും പണിമുടക്കി കമ്പനിക്കെതിരെ നിയമനടപടികള്‍കള്‍ക്കായി ശ്രമിക്കുകയാണ്. ഓഫീസ് സ്റ്റാഫുകള്‍ക്ക് ആറ് മാസത്തെയും നിര്‍മാണ തൊഴിലാളികള്‍ക്ക് അഞ്ച് മാസത്തെയും ശമ്പളം ലഭിക്കാനുണ്ട്. ശമ്പളം ലഭിക്കാതെ വന്നതോടെ നിരവധി തൊഴിലാളികള്‍ ജോലി രാജിവെക്കുകയും ചെയ്തു. ആറ് മാസക്കാലയളവില്‍ പലപ്പോഴും ശമ്പളം നല്‍കാമെന്ന് പറഞ്ഞ് തൊഴിലാളികളെ കമ്പനി ഉടമകള്‍ വഞ്ചിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയും കര്‍ണാടക സ്വദേശിയുമാണ് കമ്പനിയുടെ പ്രധാന നടത്തിപ്പുകാര്‍.
ശമ്പളം ലഭിക്കാതെ വന്നതോടെ നിര്‍മാണ തൊഴിലാളികളുടെ ജീവിതം പരിതാപകരമായി. ഭക്ഷണത്തിനും താമസത്തിനുമായി ഇവര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ദുരിതം സഹിക്കാതായതോടെ പല തൊഴിലാളികളും ആത്മഹത്യയുടെ വക്കിലാണെന്ന് തൊഴിലാളികള്‍ എംബസിക്ക് നല്‍കിയ കൂട്ട നിവേദനത്തില്‍ പറയുന്നു. 180 ഓളം പേര്‍ ഒപ്പിട്ട നിവേദനം എംബസിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് തൊഴിലാളികളിലൊരാള്‍ പറഞ്ഞു.
അതിനിടെ, വിസാ കാലാവധി കഴിഞ്ഞവരും തൊഴിലാളികളിലുണ്ട്. കഴിഞ്ഞ രണ്ട് മാസമായി വിസാ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്ക് പുറത്തുപോകാനാകാത്ത അവസ്ഥയാണ്. വിസ പുതുക്കി നല്‍കാനോ കുടിശ്ശികയടക്കമുള്ള ശമ്പളം നല്‍കി ഇവരെ നാട്ടിലയക്കാനോ കമ്പനി അധികൃതര്‍ തയാറാകുന്നില്ല. കമ്പനിയില്‍ നിന്ന് രാജിവെച്ചവര്‍ക്ക് കഴിഞ്ഞ മാസം ശമ്പളം നല്‍കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നത്രെ.
അതേസമയം, തൊഴിലാളികളുടെ ആരോപണവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ കമ്പനി ഉടമകള്‍ തയാറായില്ല. കമ്പനി ഉടമകളുടേതായി ലഭിച്ച ചില നമ്പറുകളിലേക്ക് കോളുകള്‍ പോലും പോകുന്നില്ല. തൊഴിലാളികളെ കബളിപ്പിച്ച് ഇവര്‍ രാജ്യം വിട്ടിട്ടുണ്ടെന്നും സംശയിക്കിപ്പെടുന്നു.