മോദിയുടെത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമം: യെച്ചൂരി

Posted on: August 12, 2015 6:00 am | Last updated: August 11, 2015 at 11:45 pm
SHARE

sitaram-yechury-general-secretary-lal-salaam_650x400_41429432432

തിരുവനന്തപുരം: ആര്‍ എസ് എസ് പിന്തുണയോടെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ പ്രധാനമന്ത്രിയല്ല മറിച്ച് പ്രധാന സേവകനാണ് താനെന്ന വാഗ്ദാനം നല്‍കി അധികാരത്തിലേറിയ മോദി ഇപ്പോള്‍ അമേരിക്കയുടെ സേവകനാകുന്നതാണ് കാണാന്‍ കഴിയുന്നത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി പി എമ്മിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം മുതല്‍ രാജ്’ഭവന്‍ വരെ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സമരം രാജ്ഭവന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കര്‍ഷക ആത്മഹത്യ പെരുകുമ്പോഴും മോദി സര്‍ക്കാറിന് കോര്‍പറേറ്റുകളെ സഹായിക്കാനാണ് താത്പര്യം. യു പി എ, എന്‍ ഡി എ സര്‍ക്കാറുകളുടെയും കേരളത്തിലെ യു ഡി എഫ് സര്‍ക്കാറിന്റെയും നയങ്ങള്‍ ലക്ഷ്യമാക്കുന്നത് പൊതുമുതല്‍ കൊള്ളയും വിദേശി-സ്വദേശി കോര്‍പറേറ്റുകളുടെ കൊള്ളലാഭം പരമാവധി വര്‍ധിപ്പിച്ചു കൊടുക്കലുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിലക്കയറ്റം, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച, അഴിമതി എന്നീ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിരോധ സമരം. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സമരം ഗതാഗത തടസ്സമുണ്ടാക്കാതെ റോഡിന്റെ ഒരു വശത്ത് കേന്ദ്രീകരിച്ചായിരുന്നു. വടക്കേ അറ്റം മഞ്ചേശ്വരത്ത് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ആദ്യകണ്ണിയായപ്പോള്‍ രാജ്ഭവന് മുന്നില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവസാന കണ്ണിയായി.
ദേശീയ പാതക്ക് പുറമെ എം സി റോഡില്‍ അങ്കമാലി മുതല്‍ കേശവദാസപുരം വരെ 241 കിലോമീറ്റര്‍, വയനാട് ജില്ലയില്‍ 52 കിലോമീറ്റര്‍, പാലക്കാട് മുതല്‍ ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളി വരെ 72 കിലോമീറ്റര്‍, ഇടുക്കിയില്‍ 75 കിലോമീറ്റര്‍ നീളത്തില്‍ ബഹുജനങ്ങള്‍ അണിനിരന്നു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചു. ആനാവൂര്‍ നാഗപ്പന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്തു. മഞ്ചേശ്വരത്ത് പി ബി അംഗം എസ് രാമചന്ദ്രന്‍പിളളയും കൊച്ചിയില്‍ പി ബി അംഗം എം എ ബേബിയും സമരം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമാണ് സമരം ഉദ്ഘാടനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here