Connect with us

National

പാക്കിസ്ഥാന്‍ ഈ വര്‍ഷം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 192 തവണ

Published

|

Last Updated

ന്യൂഡല്‍ഹി: ഈ വര്‍ഷം ജൂലൈ 26 വരെ പാക്കിസ്ഥാന്‍ 192 തവണ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തിയെന്ന് സര്‍ക്കാര്‍. ഈ ഘട്ടങ്ങളിലെല്ലാം ശക്തമായ തിരിച്ചടി നടത്താന്‍ സാധിച്ചുവെന്നും ഇന്നലെ ലോക്‌സഭയില്‍ ആഭ്യന്ത മന്ത്രാലയം പറയുന്നു. അതിര്‍ത്തിയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഗ്രാമീണരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാര തുകക്ക് പുറമേ അഞ്ച് ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുമെന്നും ആഭ്യന്തര സഹമന്ത്രി ഹരിഭായി ചൗധരി എഴുതി നല്‍കിയ മറുപടിയില്‍ സഭയെ അറിയിച്ചു. 192 വെടിനിര്‍ത്തല്‍ ലംഘനങ്ങളിലായി മൂന്ന് സിവിലിയന്‍മാരും ഒരു ബി എസ് എഫ് ജവാനും മരിച്ചുവെന്നും മന്ത്രി അറിയിച്ചു. 22 പേര്‍ക്ക് പരുക്കേറ്റു. മൊത്തം 7,110 പേരെ പ്രത്യക്ഷമായും പരോക്ഷമായും ആക്രമണം ബാധിച്ചു. 50 വീടുകള്‍ തകര്‍ന്നു. കഴിഞ്ഞ വര്‍ഷം 430 തവണയാണ് വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഉണ്ടായത്. ഇതില്‍ 14 പേര്‍ മരിച്ചു. 12 പേര്‍ സിവിലിയന്‍മാരും രണ്ട് പേര്‍ ബി എസ് എഫ് ജവാന്‍മാരുമാണ്. 2.08 ലക്ഷം പേര്‍ ആക്രമണത്തിന്റെ കെടുതി അനുഭവിച്ചുവെന്നും ചൗധരി പറഞ്ഞു. 2013ല്‍ 148 വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അതിര്‍ത്തി കൂടുതല്‍ സംഘര്‍ഷഭരിതമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു പ്രകോപനവുമില്ലാതെയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നത്. ഇതിന് അപ്പപ്പോള്‍ ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്. മാത്രമല്ല, ജനങ്ങളെ സംരക്ഷിക്കാനുള്ള വിവിധ നടപടികള്‍ കൈകൊള്ളുന്നുണ്ടെന്നും മന്ത്രി ചൗധരി പറഞ്ഞു. നിയന്ത്രണ രേഖയുടെ സാധുത ഉയര്‍ത്തിപ്പിടിക്കാനും അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും 2003ല്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാനും ഇന്ത്യ നിരന്തരം നയതന്ത്രതലത്തില്‍ ആവശ്യപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Latest