ഒബാമയുടെ നേതൃത്വത്തില്‍ ആണവ ഉച്ചകോടി അടുത്ത വര്‍ഷം

Posted on: August 12, 2015 6:00 am | Last updated: August 11, 2015 at 10:33 pm
SHARE

obama on terrorism
വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തില്‍ അതിവിപുലമായ ആണവ ഉച്ചകോടി. അടുത്ത വര്‍ഷം മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലായിരിക്കും ചര്‍ച്ചക്ക് കളമൊരുക്കുന്നതെന്നാണ് കരുതപ്പെടുന്നത് . ആണവ സുരക്ഷയുടെ വിഷയത്തില്‍ നടക്കുന്ന നാലാമത്തെതും അവസാനത്തെതുമായിരിക്കും ഈ സംഗമം. ലോക നേതാക്കളുടെ നീണ്ട നിര തന്നെ ഈ ചര്‍ച്ചാവേദികളില്‍ സജീവമാകുമെന്നാണ് കരുതപ്പെടുന്നത്.
മാര്‍ച്ച് 31ന് തുടങ്ങി ഏപ്രില്‍ ഒന്നിന് അവസാനിക്കുന്ന ചര്‍ച്ച, ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ഉയര്‍ത്തുന്ന ഭീഷണികള്‍ ഇല്ലാതാക്കുന്നതിനും യുറേനിയത്തിന്റെ ഉപയോഗം കുറക്കുന്നതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി നിര്‍ദേശിക്കുന്നതിനും ഊന്നല്‍ നല്‍കുന്നതായിരിക്കും. മുറിപ്പെടുത്തുന്ന ആയുധങ്ങളില്‍ നിന്ന് സമൂഹത്തിന് സുരക്ഷ നല്‍കുക, ആണവായുധങ്ങളുടെ നിയമവിരുദ്ധ കൈമാറ്റങ്ങള്‍ തടയുക, ആണവ ഭീകരതക്കുള്ള എല്ലാ ശ്രമങ്ങളും കണ്ടെത്തി തടയിടുക അടക്കമുള്ള വിഷയങ്ങളും ഉച്ചകോടിയുടെ ഭാഗമായിരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് വ്യക്തമാക്കി.
ആണവ സുരക്ഷാ ഉച്ചകോടിയില്‍ ആരെല്ലാമായിരിക്കും പങ്കെടുക്കുക എന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ലോകത്തെ വിവിധ രാജ്യങ്ങളുടെ മേധാവികള്‍ ചര്‍ച്ചക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2010ല്‍ വാഷിംഗ്ടണ്‍ ഡി സിയില്‍ നടന്ന പ്രഥമ ആണവ സുരക്ഷാ ഉച്ചകോടിയില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുത്തിരുന്നു. 2010 ലെ ഈ ചര്‍ച്ചക്ക് ശേഷം 2012 ല്‍ സിയോളില്‍ വെച്ചും 2014ല്‍ ഹേഗില്‍ വെച്ചും നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഈ ഉച്ചകോടി. ഈ സംഗമങ്ങളെല്ലാം ആണവായുധങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. ആണവ സുരക്ഷക്കു വേണ്ടി നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിന് മുമ്പ് ആണവ ഭീകരതക്കെതിരെ നമ്മുടെ തീരുമാനങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ഇനിയും കാത്തിരിക്കേണ്ടി വരുന്നത് താങ്ങാന്‍ കഴിയില്ലെന്ന് ഏണസ്റ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here