അവസാന നഗരമായ ലോദറും പിടിച്ചെടുത്തു; അബ്‌യാന്‍ പ്രവിശ്യയും ഹൂത്തികള്‍ക്ക് നഷ്ടമായി

Posted on: August 12, 2015 6:00 am | Last updated: August 11, 2015 at 10:30 pm
SHARE

hoothi
സന്‍ആ: യമനില്‍ ഹൂത്തിവിമതര്‍ക്ക് മറ്റൊരു കനത്ത തിരിച്ചടി നല്‍കി അബ്‌യാന്‍ പ്രവിശ്യപൂര്‍ണമായും ഹൂത്തിവിരുദ്ധ സൈന്യം പിടിച്ചെടുത്തു. പുറത്താക്കപ്പെട്ട യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിക്ക് പിന്തുണ നല്‍കുന്ന സംഘമാണ് സഊദിയുടെ വ്യോമാക്രമണ പിന്തുണയോടെ ഈ പ്രവിശ്യ പിടിച്ചടക്കിയത്. അബ്‌യാന്‍ പ്രവിശ്യയില്‍ ഹൂത്തിവിമതരുടെ കൈവശമുണ്ടായിരുന്ന അവസാന നഗരമായ ലോദറും പിടിച്ചെടുത്തതായും ഇപ്പോള്‍ പ്രവിശ്യ പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലായതായും സൈനിക നേതൃത്വം അറിയിച്ചു. വളരെ പ്രധാനപ്പെട്ട വിജയമെന്നാണ് ഹൂത്തിവിരുദ്ധരുടെ ഈ നടപടിയെ വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍ പ്രവിശ്യ തിരിച്ചുപിടിക്കുന്നതിനുള്ള പോരാട്ടത്തില്‍ മരിച്ചവരുടെ എണ്ണം ഇരുവിഭാഗവും പുറത്തുവിട്ടിട്ടില്ല.
പശ്ചിമ യമനില്‍ ഇനി ഹൂത്തികളുടെ നിയന്ത്രണത്തിലായി അവശേഷിക്കുന്നത് ഒരു പ്രവിശ്യ മാത്രമാണ്. ഇവിടെ ഹൂത്തിവിമതര്‍ സൈനിക കേന്ദ്രമടക്കമുള്ള സജ്ജീകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. യമന്‍ തലസ്ഥാനം പിടിച്ചടക്കാന്‍ ഈ പ്രവിശ്യ ഉപയോഗിച്ച് ഹൂത്തികള്‍ക്ക് സാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. അബ്‌യാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ സിന്‍ജിബിര്‍ കഴിഞ്ഞ ഞായറാഴ്ച ഹൂത്തി വിമതര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ യമനിലെ സര്‍ക്കാര്‍ അനുകൂല സൈനികര്‍ക്ക് പിന്തുണയേകി സഊദിയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണം നടക്കുന്നുണ്ട്. പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ തിരികെ പ്രസിഡന്റ് പദവിയിലെത്തിക്കുകയും പിടിച്ചടക്കിയ പ്രദേശങ്ങള്‍ ഹൂത്തികള്‍ നിരുപാധികം തിരിച്ചുനല്‍കുകയും ചെയ്താല്‍ മാത്രമേ വ്യോമാക്രമണം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന. എന്നാല്‍ ഇതിന് തയ്യാറായി ഹൂത്തികള്‍ മുന്നോട്ടുവന്നിട്ടില്ല. ഇതിന് മുമ്പ് നിരവധി തവണ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിരുന്നെങ്കിലും പൂര്‍ണമായ വിജയത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here