Connect with us

International

തീരസംരക്ഷണ സേന നാല് മാസം കടലില്‍ തമ്പടിച്ചു; പിടികൂടിയത് നൂറ് കോടി യു എസ് ഡോളര്‍ വിലമതിക്കുന്ന മയക്കുമരുന്ന്

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട പൂര്‍ത്തിയാക്കി യു എസ് തീരസംരക്ഷണ സേന നാല് മാസത്തിന് ശേഷം തീരമണഞ്ഞു. നൂറ് കോടി യു എസ് ഡോളര്‍ വിലമതിക്കുന്ന ഹെറോയ്‌നും കൊക്കെയ്‌നും തീരസംരക്ഷണ സേന പിടികൂടി. കാലിഫോര്‍ണിയയിലെ സാന്‍ ദീഗോ തീരസംരക്ഷണ സേന കേന്ദ്രത്തില്‍ തിരിച്ചെത്തുമ്പോള്‍ 32 മെട്രിക് ടണ്‍ കൊക്കെയ്‌നും രണ്ട് ടണ്‍ ഹെറോയ്‌നുമാണ് സേനയുടെ കൈവശമുണ്ടായിരുന്നത്. ശരാശരി 17 കാറുകളുടെ ഭാരം ഇതിനുണ്ടാകുമെന്ന് ദൗത്യത്തിന് നേതൃത്വം നല്‍കിയവര്‍ ചൂണ്ടിക്കാട്ടി. നാല് മണിക്കൂറോളം സമയമെടുത്താണ് ഇത് കരയിലേക്കത്തിച്ചത്. വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും അക്രമണങ്ങളും തടയാന്‍ ശക്തമായ നടപടികള്‍ അനിവാര്യമാണെന്നും ഇനിയും പ്രവര്‍ത്തിക്കാന്‍ ധാരാളമുണ്ടെന്നും അഡ്മിറല്‍ പോള്‍ സുകുന്‍ഫിറ്റ് പറഞ്ഞു.
മെക്‌സിക്കോ, മധ്യഅമേരിക്ക, തെക്കെ അമേരിക്ക എന്നീ കടല്‍തീര മേഖലകളെ കേന്ദ്രീകരിച്ച് നടത്തിയ നാല് മാസം നീണ്ടുനിന്ന നിരീക്ഷണത്തിനൊടുവിലാണ് ഇത്രയും വലിയ മയക്കുമരുന്നു വേട്ട തീരസംരക്ഷണ സേന പൂര്‍ത്തിയാക്കിയത്. മയക്കുമരുന്ന് കടത്തുന്ന 30ലധികം ബോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഏപ്രില്‍ തുടക്കം മുതല്‍ ആരംഭിച്ച ദൗത്യം ജൂലൈ അവസാനം വരെ നീണ്ടുനിന്നു. പിടിച്ചെടുത്ത മുഴുവന്‍ മയക്കുമരുന്നുകളുടെയും ലക്ഷ്യകേന്ദ്രം അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളായിരുന്നുവെന്ന് സൈനിക നേതൃത്വം വ്യക്തമാക്കി. മൊത്തക്കച്ചവട നിലവാരത്തിലെടുക്കുമ്പോള്‍ 100 കോടി അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്നതാണ് ഈ മയക്കുമരുന്ന് ശേഖരം. എന്നാല്‍ വ്യക്തികള്‍ക്കോ മാര്‍ക്കറ്റിലോ ഇതിന്റെ മൂല്യം കണക്കാക്കുമ്പോള്‍ വില ഇനിയും കൂടുമെന്ന് അഡ്മിറല്‍ പോള്‍ വെളിപ്പെടുത്തി.
കൊക്കെയ്ന്‍, ഹെറോയ്ന്‍ തുടങ്ങിയ മയക്കുമരുന്നുകളുടെ ഉപയോഗം അടുത്തകാലത്തായി കാലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കുതിച്ചുയര്‍ന്നതായി കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത കോടികള്‍ വിലമതിക്കുന്ന ഈ മയക്കുമരുന്നുകള്‍ രഹസ്യമായ സ്ഥലത്തേക്ക് നീക്കി നശിപ്പിച്ചുകളയാനാണ് തീരുമാനം.