അവയവദാനത്തില്‍ പുതിയ ചരിത്രം രചി്ച്ച് കേരളം: ചെന്നൈയില്‍ ശസ്ത്രക്രിയ പുരോഗമിക്കുന്നു

Posted on: August 11, 2015 9:00 am | Last updated: August 12, 2015 at 9:24 am
SHARE

heartകൊച്ചി: അവയവദാനത്തിലും കൈമാറ്റത്തിലും പുതിയ ചരിത്രമെഴുതിക്കൊണ്ട് കേരളത്തില്‍ നിന്ന് ഹൃദവും ശ്വാസകോശവും ചെന്നൈയിലുള്ള രോഗിക്കായി മാറ്റിവെക്കുന്നു. ആലപ്പുഴ കായംകുളം സ്വദേശി കോട്ടോളില്‍ എച്ച് പ്രണവ് (19)ന്റെ അവയവങ്ങളാണ് പ്രത്യേക വിമാനത്തില്‍ കൊണ്ടു പോയത്. കൂടാതെ, യുവാവിന്റെ കിഡ്‌നിയും കരളും ലേക് ഷോര്‍ ആശുപത്രിലെയും മറ്റൊരു കിഡ്‌നി കോഴിക്കോട് മെഡിക്കല്‍ കോളജിലെയും ചെറുകുടല്‍ അമൃത ആശുപത്രിയിലെയും കണ്ണിന്റെ കോര്‍ണിയ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെയും രോഗികളില്‍ വെച്ചുപിടിപ്പിക്കാനായി കൈമാറി. ഞായറാഴ്ചയാണ് വാഹനാപകടത്തെ തുടര്‍ന്ന് പ്രണവിനെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിലാണ് പ്രണവ് മരണാസന്നനായത്. പ്രണവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതം ബന്ധുക്കളില്‍ നിന്ന് ലഭിച്ചതോടെ സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരം ഗ്രൂപ്പില്‍ പെട്ടവര്‍ നടത്തിയ അന്വേഷണത്തിലാണ് ചെന്നൈ ഫോര്‍ട്ടിസ് ആസ്പത്രിയിലുള്ള രോഗിക്ക് ഹൃദയവും ശ്വാസകോശവും യോജിക്കുമെന്ന് കണ്ടെത്തിയത്.

അവയവങ്ങള്‍ വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ രാവിലെ എട്ടരക്കാണ് കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ആരംഭിച്ചത്. ഉച്ചക്ക് 12 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തുടര്‍ന്ന് പ്രത്യേക പെട്ടിയില്‍ റോഡ് മാര്‍ഗം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച അവയവങ്ങള്‍ സ്വകാര്യ ജെറ്റ് വിമാനത്തില്‍ ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അരൂരില്‍ നിന്നും ബൈപാസ് വഴി ആംബുലന്‍സില്‍ അവയവങ്ങള്‍ നെടുമ്പാശേരിയിലേക്ക് കൊണ്ടു പോകാന്‍ സിറ്റി ട്രാഫിക് പൊലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ച് സുരക്ഷിത പാത ഒരുക്കി.

ചെന്നൈയില്‍ നിന്നും ശസ്ത്രക്രിയ വിദഗ്ധന്മാരായ ഡോ. സുരേഷ് റാവു, ഡോ. മുരളികൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ 12 അംഗ സംഘമാണ് ശസ്ത്രക്രിയക്കായി ലേക് ഷോര്‍ ആശുപത്രിയിലെത്തിയത്. ആദ്യമായാണ് കേരളത്തില്‍ നിന്നും പുറത്തേക്ക് അവയവദാനം നടക്കുന്നത്. കേരള സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ ‘മൃതസഞ്ജീവനി’ലൂടെയാണിത്.

രണ്ട് മണിയോടെ ചെന്നൈയില്‍ എത്തിയ വിമാനത്തില്‍ നിന്ന് മുപ്പത് മിനിറ്റിനകം തന്നെ അവയവങ്ങള്‍ ആസ്പത്രിയില്‍ എത്തിച്ചു. ചെന്നൈ മലര്‍ ആസ്പത്രിയില്‍ ഇപ്പോള്‍ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.

രാവിലെ ഇതേ രോഗിയുടെ ഒരു കിഡ്‌നിയും കരളും ലേക്‌ഷോറിലെ തന്നെ രണ്ട് രോഗികള്‍ക്ക് മാറ്റിവെച്ചു. ചെറുകുടല്‍ ആമൃത ആസ്പത്രിയില്‍ കഴിയുന്ന രോഗിക്ക് മാറ്റിവെക്കാനായി കൊണ്ടുപോയി. ഒരു കിഡ്‌നി കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ള രോഗിക്കായി ഉപയോഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here