പാചകവാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാമെന്ന് സുപ്രീംകോടതി

Posted on: August 11, 2015 6:37 pm | Last updated: August 12, 2015 at 3:24 pm
SHARE

lpg cylinde
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. എന്നാല്‍, പൊതുവിതരണ സമ്പ്രദായം, പാചക വാതക സബ്‌സിഡി എന്നിവക്ക് ആധാര്‍ ഉപയോഗപ്പെടുത്താമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് ഭരണഘടനാ ബഞ്ചിന് വിട്ടുകൊണ്ടാണ് മൂന്നംഗ ബഞ്ച് ഇടക്കാല ഉത്തരവിട്ടത്. സര്‍ക്കാര്‍ സേവനങ്ങളും ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് പൊതുജനങ്ങളെ അറിയിക്കുന്നതിനായി പത്ര, ദൃശ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ആധാറിലെ വ്യക്തിവിവരങ്ങള്‍, ക്രിമിനല്‍ കേസ് അന്വേഷണത്തിന് കോടതിയുടെ നിര്‍ദേശപ്രകാരമല്ലാതെ പുറത്തു വിടരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ആധാര്‍ കാര്‍ഡ് പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ ഭരണഘടനാ ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ വിപുലമായ ബഞ്ച് ഹരജി പരിഗണിക്കും.
ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എസ് എ ബോബ്‌ഡെ, സി നാഗപ്പന്‍ എന്നിവരടങ്ങിയ ബഞ്ച് നിരവധി ചോദ്യങ്ങളാണ് കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചത്. സ്വകാര്യത മൗലികാവകാശമാണോ എന്നാണ് കോടതി പ്രധാനമായും ചോദിച്ചത്. അങ്ങനെയാണെങ്കില്‍ മൗലികാവകാശത്തിന്റെ അതിര്‍വരമ്പ് എന്താണെന്നും ഹരജി ഭരണഘടനാ ബഞ്ചിന് കൈമാറിക്കൊണ്ട് മൂന്നംഗ ബഞ്ച് ചോദിച്ചു.
പൊതുവിതരണം, മണ്ണെണ്ണ, പാചകവാതക സബ്‌സിഡി എന്നിവക്കല്ലാതെ മറ്റൊരു ആവശ്യത്തിനും ആധാര്‍ കാര്‍ഡ് ഉപയോഗിക്കരുത്. എന്നാല്‍, പാചകവാതക, മണ്ണെണ്ണ സബ്‌സിഡി ലഭ്യമാക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി. ആധാറിലെ വ്യക്തിഗത വിവരങ്ങള്‍ കോടതിയുടെ നിര്‍ദേശപ്രകാരമുള്ള ക്രിമിനല്‍ അന്വേഷണങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
അതേസമയം, ആധാറില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന ഹരജി കോടതി അനുവദിച്ചില്ല. ആധാറിനു വേണ്ടി ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്. സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമല്ലെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയില്‍ ബോധിപ്പിച്ചു.