Connect with us

International

ഇറാനില്‍ ചാരപ്രവര്‍ത്തനം: വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടറുടെ ശിക്ഷ ഒരാഴ്ചക്കകം

Published

|

Last Updated

ടെഹ്‌റാന്‍: ഇറാനില്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ വിചാരണ ചെയ്യപ്പെട്ട വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ ജാസണ്‍ റിസൈന്‍സിന്റെ ശിക്ഷ ഒരാഴ്ചക്കകം വിധിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മെയ് 25ന് തുടങ്ങിയ രഹസ്യ കോടതി നടപടികള്‍ പ്രഹസനമായിരുന്നുവെന്നും ഇദ്ദേഹത്തിന്റെ അഭിഭാഷക ലൈല അഹ്‌സാന്‍ പറഞ്ഞു. കേസിന്റെ നാലാമത്തെതും അവസാനത്തെതെന്ന് നൂറ് ശതമാനം ഉറപ്പില്ലാത്തതുമായ വിചാരണയാണ് തിങ്കളാഴ്ച നടന്നതെന്നും ഇവര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുന്ന 39 കാരനായ റിസൈന്‍ ഇറാനിയന്‍ വംശജനായ അമേരിക്കക്കാരനാണ്. കോടതി നടപടികള്‍ തട്ടിപ്പാണെന്നാണ് ഇദ്ദേഹത്തിന്റെ കുടുംബവും സഹപ്രവര്‍ത്തകരും ആരോപിക്കുന്നത്. രാജ്യരഹസ്യങ്ങള്‍ ശത്രുരാജ്യങ്ങള്‍ക്ക് കൈമാറിയെന്നതാണ് ഇദ്ദേഹത്തിനെതിരായ കുറ്റം. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ടെഹ്‌റാന്‍ ലേഖകനായ റിസൈനെയും ഭാര്യയെയും മാധ്യമപ്രവര്‍ത്തകയുമായ യെഗാനെഹ് സ്വാലാഹിയെയും 2014 ജുലൈ 22നാണ് അറസ്റ്റ് ചെയ്യുന്നത്. മൂന്ന് മാസം കസ്റ്റഡിയില്‍വെച്ച സ്വലാഹിയെ പിന്നീട് ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു.

Latest