പലിശ രഹിത ബേങ്കിംഗ് ആഗോള പ്രതിഭാസം

Posted on: August 11, 2015 6:00 am | Last updated: August 11, 2015 at 10:01 am
SHARE

money1940 കാലങ്ങളില്‍ പലിശ രഹിത ബേങ്കിംഗിനെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പരിഹസിച്ച് തള്ളുകയായിരുന്നു. സാമ്പത്തിക വ്യവസ്ഥയുടെ അടിത്തൂണാണ് പലിശയെന്നും അതില്ലാത്ത ഒരു സാമ്പത്തിക ക്രമം അസാധ്യമാണെന്നും വരുത്തിത്തീര്‍ത്ത് നൂറ്റാണ്ടുകളായി ലോകത്തെ കൈപ്പിടിയിലൊതുക്കി ചൂഷണം ചെയ്തു വരികയായിരുന്ന ഭൗതിക വ്യവസ്ഥിതികളുടെ വിശിഷ്യാ മുതലാളിത്ത വ്യവസ്ഥിതികളുടെ നടത്തിപ്പുകാര്‍. പലിശരഹിത സാമ്പത്തികക്രമം എന്ന ആശയത്തെ ബോധപൂര്‍വം പുച്ഛിച്ച് തള്ളുകയായിരുന്നു. എന്നാല്‍, അനിഷേധ്യമായ യാഥാര്‍ഥ്യമായി ഇന്ന് പലിശ രഹിത സാമ്പത്തിക ക്രമം ലോകത്ത് വളര്‍ന്നു കഴിഞ്ഞു. പലിശരഹിത ബേങ്കുകള്‍ വലിയ മൂലധനവുമായി പല രാജ്യങ്ങളിലും വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എളുപ്പത്തില്‍ ഇതിനുള്ള ഫണ്ട് ശേഖരിക്കുവാന്‍ പ്രേരിപ്പിച്ചുകൊണ്ട് പ്രധാനമായും ലാഭനഷ്ടങ്ങളില്‍ (PLS-Profit Loss Sharing ) പങ്കാളികളാക്കുന്ന പലിശരഹിത സംവിധാനം ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുമുണ്ട്.
ഇസ്‌ലാമിക് ബേങ്കിംഗ് ആന്റ് ഇന്‍ഷ്വറന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (IBII ) 2014 ലെ കണക്ക് പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷമായി 20% മുതല്‍ 30% വരെ വളര്‍ച്ചാ നിരക്കുള്ള പലിശരഹിത ബേങ്ക് ലോകത്ത് 75 ഓളം രാജ്യങ്ങളില്‍ 650 ല്‍ പരം സ്ഥാപനങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ 20 ഓളം രാജ്യങ്ങള്‍ മുസ്‌ലിം രാജ്യങ്ങളല്ലന്നെതും അവയില്‍ വളരെ പുരോഗതി കൈവരിച്ചിരിക്കുന്നത് ജര്‍മനിയിലാണെന്നതും ശ്രദ്ധേയമാണ്. അള്‍ജീരിയ, ആസ്‌ത്രേലിയ, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റ്, ബ്രൂണെ, കാനഡ, സൈപ്രസ്, ഫ്രാന്‍സ്, ഈജിപ്ത്, ഗാംബിയ, ഇന്തോനേഷ്യ, ഇറ്റലി, ലക്‌സംബര്‍ഗ്, മലേഷ്യ, മൊറോക്കോ, നെതര്‍ലാന്‍ഡ്, റഷ്യ, ദക്ഷിണ ആഫ്രിക്ക, ശ്രീലങ്ക, സ്വിറ്റ്‌സര്‍ലാന്‍ഡ്, യു കെ, യു എസ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ വളരെ ഫലപ്രദമായ രീതിയില്‍ ഇന്ന് നടന്നുവരുന്നു. ഇന്ത്യാ ഗവണ്‍മെന്റ് ഈ വിഷയം പഠിക്കാന്‍ റിസര്‍വ് ബേങ്കിേനോട് ആവശ്യപ്പെടുകയുണ്ടായി. അത് പ്രകാരം റിസര്‍വ്വ് ബേങ്ക് ഉന്നതതല കമ്മിറ്റിയെ നിയോഗിക്കുകയും ആ കമ്മിറ്റി പഠനം നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി വിദേശ ബാങ്കുകളില്‍പെട്ട സിറ്റി ബേങ്ക്, സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബേങ്ക്, എച്ച് എസ്് ബി സി എന്നിവ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പ്, യു എസ് എന്നിവിടങ്ങളിലും ഈ ബേങ്കിന്റെ വാതായനങ്ങള്‍ തുറന്നിട്ടിട്ടുണ്ട്. ഇത് റിസര്‍വ്വ് ബേങ്ക് ഓഫ് ഇന്ത്യയുടെ കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമായി.
ലോകത്ത് ഉടലെടുത്ത പ്രത്യയശാസ്ത്രങ്ങളും മതങ്ങളും പലിശ ഒരു ചൂഷണമാര്‍ഗ്ഗമാണെന്ന ആശയത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളതായികാണാം. ‘Birth of money from money without any effort is to be forbidden” (കേവലം പ്രയത്‌നമില്ലാതെ പണം പണത്തെ ഉല്‍പാദിപ്പിക്കുന്നത് നിരോധിക്കേണ്ടതാണ്) എന്ന് അരിസ്റ്റോട്ടിലും, ‘To demand any increase in the principal amont in the transaction is to be forbidden” (കൈമാറ്റ പ്രക്രിയകളില്‍ പണത്തിന് കൂടുതല്‍ പണം നല്‍കുന്നത് നിരോധിക്കേണ്ടതാണ്) എന്ന ജൂദായിസത്തിലെ കാഴ്ചപ്പാടും, ‘..Hand freely hoping nothing thereby-‘ Luke 6/35 (പണം കൈമാറ്റ പ്രക്രിയയില്‍ കൂടുതല്‍ പണം ആഗ്രഹിക്കാതിരിക്കുക) എന്ന ബൈബിളിലെ പ്രഖ്യാപനവും ”പലിശ വാങ്ങുന്ന ബ്രാഹ്മണന്‍ ക്ഷുദ്രനായി പോകുന്നതാണ്” എന്ന മനുസ്മൃതിയിലെ കാഴ്ചപ്പാടും പലിശ മൂലധനത്തിന്റെ ഉല്‍പാദനക്ഷമതയെ (marginal efficiency of capital) ബാധിക്കുന്നതുകൊണ്ട് വികസിത രാജ്യങ്ങളില്‍ പലിശ സീറോ റൈറ്റില്‍ ആക്കുകയോ വികസ്വര രാജ്യങ്ങളില്‍ വളരെ താഴ്ന്ന നിരക്കില്‍ ആക്കുകയോ ആവശ്യമാണെന്ന ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ J.M keynes പറഞ്ഞതും, സാമ്പത്തിക വരുമാന മേഖലയിലെ ഒരു ചൂഷണമാണ് (fiscsl exploitatiol) പലിശ എന്ന കാറല്‍മാക്‌സിന്റെയും മാവോസേതൂങ്ങിന്റെയും പ്രഖ്യാപനങ്ങളും ഇതിനുദാഹരണങ്ങളാണ്. ഇസ്‌ലാം പലിശയേയും പലിശയിലേക്ക് നീങ്ങുന്ന സാഹചര്യങ്ങളേയും നിഷിദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്‌ലാം പലിശനിരോധിക്കുമ്പോള്‍ പലിശരഹിത സാമുഹിക ക്രമത്തിന്റെ ഭാഗമായി ലാഭനഷ്ടവിഹിതങ്ങളുള്‍പ്പെടെ ഏഴോളം സാമ്പത്തിക സങ്കേതങ്ങളെ പ്രയോഗവല്‍കരിച്ചുകൊണ്ട് പരമ്പരാഗത ബേങ്കിംഗിന് ഒരു ബദല്‍ സംവിധാനം കൊണ്ടുവരുന്നു. ഇത്തരം സങ്കേതങ്ങളെയും സംവിധാനങ്ങളെയും പലിശരഹിത സാമൂഹികക്രമത്തിന്റെ രൂപവത്കരണത്തിന് ഇതര പ്രസ്ഥാനങ്ങള്‍ക്കും പ്രത്യശാസ്ത്രങ്ങള്‍ക്കും അവതരിപ്പിക്കാന്‍ കഴിയാതെ പോയതുകൊണ്ടാണ് ഇന്ന് ലോകത്ത് നിലവിലുള്ള പലിശരഹിത ബേങ്കുകള്‍ ഇസ്‌ലാമിക് ബേങ്കിംഗ് എന്ന പേരില്‍ അറിയപ്പെടുന്നത്. അല്‍ ബറക്കാ ബാങ്കിംഗ്, ശരീഅ കംബ്ലിയന്റ് ബേങ്കിംഗ്, സീറോ റേറ്റ് ഫൈനാന്‍സിംഗ്, പങ്കാളിത്ത സാമ്പത്തിക ക്രമം (particieatory financing), ആസ്തിയധിഷ്ടിത ധനവിനിയോഗം (Assct backed financing) എന്നിങ്ങനെ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.

ഉപകരണങ്ങള്‍

പ്രധാനമായും ഏഴ് ഉപകരണങ്ങള്‍ അഥവാ സങ്കേതങ്ങള്‍ ഉണ്ട്. ഇവകള്‍ പരസ്പരം യോജിപ്പിച്ചും ചേര്‍ത്തും ഏകദേശം പത്തൊമ്പതോളം ഉപകരണങ്ങളായി പ്രയോഗതലത്തില്‍ ഉപയോഗിക്കാം.
മുദാറബ (PLS-Profit Loss Sharing) ലാഭനഷ്ടങ്ങളില്‍ പങ്കാളിത്തം.
മുശാറക്ക ( Joint venture ,Partnership )
മുറാബഹ (costplus. )
ഇജാറ (leasing method )
മുഅജ്ജല്‍(deferred payment sale system പണം പിന്നീട് നല്‍കുന്ന കച്ചവട സമ്പ്രദായം)
ബയ്അ്‌സലം (forward buying മുന്‍കൂര്‍ കച്ചവടം)
ഖര്‍ദ് ഹസന്‍ (Benevelant പലിശരഹിത വായ്പ)
മുകളില്‍ സൂചിപ്പിച്ച ഏഴ് ഉപകരണങ്ങളിലായാണ് ബേങ്ക് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഘടനയും പ്രയോഗവും ഗുണങ്ങളും പിന്നീട് വിശദീകരിക്കുന്നതാണ്.

ലക്ഷ്യങ്ങള്‍

പലിശരഹിതവും ചൂഷണമുക്തവുമായ ബേങ്കിംഗ് രീതി വ്യാപിപ്പിച്ച് ജനങ്ങള്‍ക്ക് സമാധാനം നല്‍കുക.
മിച്ചം വെക്കുന്ന പണത്തിന് പലിശരഹിതമായ ലാഭാര്‍ത്ഥം നിക്ഷേപസൗകര്യം നല്‍കുക.
മിച്ചതുകയെ ഉല്‍പാദനക്ഷമമായ മേഖലയിലേക്ക് നീക്കുക.
ചെലവ് കുറഞ്ഞ രീതിയിലും പലിശ രഹിതമായ രീതിയിലും ദരിദ്രര്‍ക്കും അശരണര്‍ക്കും സാമ്പത്തിക സഹായം എത്തിക്കുക. ഉദാഹരണം (Benevelant loan (ഖര്‍ള് ഹസന്‍) എന്ന ഉപകരണം.
സാമ്പത്തിക സാമൂഹിക നീതി ഉറപ്പുവരുത്തുക.
സംരംഭക പ്രവര്‍ത്തനങ്ങള്‍ക്ക് ലാഭം പ്രേരകമാക്കല്‍
ഊഹക്കച്ചവടം നിര്‍ത്തല്‍ ചെയ്യല്‍.
മൂലധന ഉടമകളേയും (owner of capital ) സംരംഭകരേയും (Entrepreneurs ) ഒരുമിപ്പിക്കുന്നതുകൊണ്ട് റിസ്‌ക് പങ്കുവെക്കാന്‍ സഹായിക്കുന്നു.
പണം മൂലധനവല്‍കരിക്കുന്നതുകൊണ്ടാണ് വിലയുണ്ടാകുന്നതെന്നും അത് സ്വയം വിലകല്‍പ്പിക്കാവുന്ന ഒരു സാധനം(Commodity) അല്ലെന്നുമുള്ള നീതിയുടെയും ന്യായത്തിന്റെയും കാഴ്ചപ്പാടിനെ യഥാര്‍ഥവത്കരിച്ച് കാണിക്കുന്നു.
ആസ്തിയധിഷ്ഠിത ധനവിനിയോഗം എന്ന നിലക്ക് കടവും കടക്കെണിയും ഇല്ലാതാക്കുന്നു.
പലിശരഹിത സമ്പദ്ഘടനയില്‍ ഉല്‍പാദന ഘടകങ്ങളായ മൂലധനം, സംരംഭകം (Capital and organisation) എന്നിവ സംയോജിപ്പിക്കുന്നതുകൊണ്ടും, ഉല്‍പാതനചെലവില്‍ പലിശ അപ്രത്യക്ഷമാകുന്നത് കൊണ്ടും സാധനങ്ങളുടെ ഉല്‍പാദന ചെലവും തദ്വാരാ വിലയും കുറയുന്നതുകൊണ്ട് ചോദനം (Demand) ഉപഭോഗം (consumption) ഉത്പാദനം (Production ) എന്നിവ വര്‍ധിക്കുകയും രാജ്യത്ത് സാമ്പത്തിക പുരോഗതി എളുപ്പം കൈവരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

ലക്ഷ്യങ്ങള്‍അവലംബിക്കുന്നത് ലാഭ നഷ്ടം

പലിശ ബേങ്കുകള്‍(പരമ്പരാഗത ബാങ്കുകള്‍) പലിശയെ ആശ്രയിച്ച് നിലകൊള്ളുമ്പോള്‍ പലിശരഹിത ബേങ്കുകള്‍ ലാഭനഷ്ട വിതരണത്തെ ആണ് അവലംബമാക്കുന്നത്.
പലിശബേങ്കുകള്‍ കടം (debt) ഉണ്ടാക്കിത്തീര്‍ക്കുമ്പോള്‍ പലിശരഹിത ബേങ്കുകള്‍ ആസ്തി (Asset) വര്‍ധനവിലൂടെയാണ് നീങ്ങുന്നത്. ഉദാഹരണം ഒരാള്‍ 20 ലക്ഷം രൂപ കടം കൊടുത്ത് അയ്യായിരം രൂപ വാങ്ങുന്നു. പകരം 20 ലക്ഷം രൂപ വിലയുള്ള ഒരു കെട്ടിടം അല്ലെങ്കില്‍ ഒരു മെഷീന്‍ വാങ്ങി അല്ലെങ്കില്‍ നിര്‍മിച്ച് 5000 രൂപ വാടകക്ക് കൊടുക്കുന്നു. രണ്ട് ബേങ്കുകളും തമ്മിലുള്ള ഒരു പ്രകട വ്യത്യാസം ഇവിടെ കാണാം. അല്ലെങ്കില്‍ 15 ലക്ഷം രൂപ വിലയുള്ള ഒരു കാര്‍ വാങ്ങാന്‍ ലോണിന് പലിശ ബേങ്കിനെ സമീപിച്ചാല്‍ 15 ലക്ഷം രൂപ പലിശവ്യവസ്ഥിതിയില്‍ ലോണായി (Creating debt ) നല്‍കുന്നു. എന്നാല്‍ ഇതേ ആവശ്യത്തിന് പലിശ രഹിത ബേങ്കിനെ സമീപിച്ചാല്‍ പണം കടമായി നല്‍കുന്നതിന് പകരം കാര്‍തന്നെ നല്‍കുന്നു. ഇവിടെ കടത്തിന് പകരം ആസ്തിയാണ് ഉണ്ടാകുന്നത്. ഇത് എങ്ങനെ ലാഭകരമായി നടത്താം എന്ന് ഘടന വിശദീകരിക്കുമ്പോള്‍ മനസ്സിലാകുന്നതാണ്.
പലിശ ബാങ്കുകളിലുള്ളതുപോലെ സേവിംഗ് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവ പലിശരഹിത ബാങ്കിലും ഉണ്ടെങ്കിലും മൂന്നാമത്തെ ഇനമായ ഫിക്‌സ്ഡ് ഡെപ്പോസിറ്റ് അക്കൗണ്ട് എന്നതിന് പകരം പലിശരഹിത ബേങ്കില്‍ ഇന്‍വെസ്റ്റ്‌മെന്റ് അക്കൗണ്ട് എന്നാണ് പറയുക. രണ്ട് ബാങ്കുകളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസമാണിത്. ഫിക്‌സ്ഡ് ഡെപ്പോസിറ്റില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് ഒരു നിശ്ചിത നിരക്കില്‍ പലിശ കിട്ടിക്കൊണ്ടിരിക്കുമ്പോള്‍ പലിശരഹിത ബേങ്കില്‍ ഇന്‍വെസ്റ്റ് മെന്റ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചവര്‍ ബേങ്കുമായി രണ്ടുതരം കരാറിലാണ് ഏര്‍പ്പെടുന്നത്. ഒന്നാമതായി ഈ പണം ഉല്‍പാദന മേഖലയില്‍ ലാഭാര്‍ഥം നിക്ഷേപിക്കാനുള്ള അവകാശം ബേബാങ്കിന് നല്‍കുന്നു. രണ്ടാമതായി അത്തരം നിക്ഷേപങ്ങളില്‍ നിന്ന് വരുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനം ബേങ്കിന് സര്‍വ്വീസ് ചാര്‍ജ് ആയി എടുത്ത് ബാക്കി ഡെപ്പോസിറ്റര്‍ക്ക് നല്‍കണം എന്നാണ്. ഇതേ സമയം ബേങ്ക് ഈ തുക നിക്ഷേപകര്‍ക്ക് നല്‍കുമ്പോള്‍ മൊത്തം മുടക്കിയ തുകയില്‍ ഈ ഷെയറിന്റെ അനുപാതത്തില്‍ ലാഭം ബേങ്കിലടക്കണമെന്ന ഒരു വ്യവസ്ഥ നിക്ഷേപകരുമായി ഉണ്ടാക്കുന്നു. ഉദാഹരണം എ എന്ന ഡെപ്പോസിറ്റര്‍ ആ ബേങ്കില്‍ ഇന്‍വെസ്റ്റ്‌മെന്റ് അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്യുന്നു. ബേങ്ക് ബി എന്ന സംരംഭകന് പണം ലാഭാര്‍ഥം നിക്ഷേപത്തിന് നല്‍കുന്നു. 200 കോടി രൂപ മുതല്‍മുടക്കുള്ള ഒരു സംരംഭത്തില്‍ 100 കോടി രൂപ ബി മുടക്കുകയും 100 കോടി രൂപ ബാങ്കില്‍ നിന്ന് എ യുടെ ഇന്‍വെസ്റ്റ്‌മെന്റ് അക്കൗണ്ടിലുള്ള പണം എടുക്കുകയും ചെയ്യുന്നുവെങ്കില്‍ ആ ബാങ്ക് എ യുമായുണ്ടാക്കുന്ന കരാറില്‍ 50% ലാഭം ബാങ്കില്‍ നിക്ഷേപിക്കാന്‍ ധാരണയായി എന്ന് സങ്കല്‍പിച്ചാല്‍ ഈ തുകയില്‍ നിന്ന് ബാങ്കിന്റെ സര്‍വ്വീസ് ചാര്‍ജ്കഴിച്ച് ബാക്കി തുക എ യുടെ അക്കൗണ്ടില്‍ ചേര്‍ത്തുകൊണ്ടിരിക്കും. ഒരു വേള സംരംഭകന്‍ ബി യുടേതല്ലാത്ത കാരണത്താല്‍ ബിസിനസ് നഷ്ടത്തിലായാല്‍ എ കൂടി അതില്‍ ഷെയര്‍ ചെയ്യേണ്ടതാകും. പണം കടമെടുക്കുന്ന ബി എന്ന സംരംഭകന്‍ പലിശ ഭയക്കേണ്ടതില്ല. എന്നാല്‍ ലാഭത്തിന്റെ ഷെയര്‍ എ ക്ക് നല്‍കിയാല്‍ മതിയാവും. നഷ്ടമുണ്ടായാല്‍ അതില്‍ എ പങ്കാളിയാവുകയും ചെയ്യും എന്നതുകൊണ്ട് ബി എന്ന സംരംഭകന് കൂടുതല്‍ ഉത്സാഹത്തോടെ ബിസിനസ് നടത്താന്‍ കഴിയുകയും ചെയ്യുന്നു.
പലിശാധിഷ്ഠിത ബേങ്കില്‍ സംരംഭകന്‍ ബിസിനസില്‍ 100% ശതമാനം ലാഭം നേടുമ്പോഴും മുതലുടമക്ക് ഒരു നിശ്ചിത ശതമാനം (10% / ,11%) പലിശയായി മാത്രം നല്‍കുന്നു. അതുപോലെ സംരംഭകന്‍ നഷ്ടത്തിലാകുമ്പോഴും ഒരു നിശ്ചിത ശതമാനം പലിശയായി മുതലുടമക്ക് നല്‍കണം. ഇത് രണ്ടും സാമ്പത്തിക അനീതിയാണ്. എന്നാല്‍ പലിശരഹിത ബേങ്കില്‍ ഇത് സംഭവിക്കുന്നില്ല.
പലിശബാങ്കുകളില്‍ പലിശക്ക് വായ്പ എന്ന ഒരിനം മാത്രമേ പ്രധാന പ്രവര്‍ത്തനമായിട്ടുള്ളൂ എങ്കില്‍ പലിശരഹിത ബേങ്കില്‍ ഏഴ് സാമ്പത്തിക സങ്കേതങ്ങളിലൂടെ Invest Finance, Trading finance, lease agrement എന്നിങ്ങനെ മൂന്ന് വിധം സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നു.
പലിശാധിഷ്ഠിത ബേങ്കില്‍ തത്വപ്രകാരം നാല് ഉത്പാദന ഘടകങ്ങള്‍ (Four factors of production ._Land, Labour, Capatal, Entrepreneurship /Organisation ) ഉള്ളതുകൊണ്ട് ഉത്പാദന ചെലവും സാധന വിലയും കൂടിയിരിക്കും. എന്നാല്‍ പലിശരഹിത ബേങ്കില്‍ തത്വപ്രകാരം മൂലധനവും (Capital.) സംരംഭകവും (Entrepreneurship)- ഒന്നായ് പ്രവര്‍ത്തിക്കുന്നതുകൊണ്ട് മൂന്ന് ഉത്പാദന ഘടകങ്ങളേ ഉണ്ടാകുന്നുള്ളൂ. അതുകൊണ്ട് ഉത്പാദന ചെലവും തദ്വാരാ വസ്തുക്കളുടെ വിലയും വളരെയധികം കുറവായിരിക്കും.
(നാളെ ബേങ്കിംഗിലെ
മാനേജ്‌മെന്റ് വൈദഗ്ധ്യം)

LEAVE A REPLY

Please enter your comment!
Please enter your name here