വോട്ടിംഗ് മെഷീനുകളുടെ പരിശോധന തുടങ്ങി

Posted on: August 11, 2015 9:25 am | Last updated: August 11, 2015 at 9:25 am
SHARE

പാലക്കാട്: ജില്ലയില്‍ അടുത്ത ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ്ങ് മെഷീനുകളുടെ പരിശോധന തുടങ്ങി. പാലക്കാട് ആര്‍.ഡി.ഒ ഓഫീസ് സമീപത്തുള്ള വോട്ടിങ്ങ് മെഷീനുകളുടെ ഗോഡൗണിനോട് ചേര്‍ന്ന ഹാളിലാണ് പരിശോധന നടത്തുന്നത്.
പരിശോധന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി നിര്‍വഹിച്ചു. കര്‍ശനമായ പോലീസ് സംരക്ഷണത്തിലാണ് പരിശോധ നടക്കുന്നത്. പ്രവേശന കവാടത്തില്‍ മെറ്റല്‍ ഡറ്റക്ടറും സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ആദ്യമായാണ് ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീനുകള്‍ ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നത്.
ഹൈദരാബാദിലെ ഇലക്ട്രാണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യലിമിറ്റഡില്‍ നിന്നുള്ള മൂന്ന് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. കമ്പനി തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിന് വേണ്ടി മാത്രം തയ്യാറാക്കിയ 35000 പുതിയ വോട്ടിംഗ് മെഷിനുകളും 10500 ബാലറ്റ് യൂനിറ്റുകളും പരിശോധിക്കും.
ഒരു പോളിംഗ് ബൂത്തില്‍ കുറഞ്ഞത് ഒരു കണ്‍ട്രോള്‍ യൂനിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളുമാണ് ഉണ്ടാവുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് ഓരോ ബാലറ്റ് യൂണിറ്റുകള്‍ വീതം ഉപയോഗിക്കും. ആഗസ്റ്റ് 20 വരെ പ്രവര്‍ത്തനം തുടരും. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ഒമ്പത് മണിവരെ പരിശോധന നടത്തുന്നത്. പരിശോധനക്കായി മൂന്ന് ഉദ്യോഗസ്ഥര്‍ കൂടി ഉടനെ എത്തും.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.വിജയകുമാറാണ് മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നേട്ടം വഹിക്കുന്നത്. ഷാനവാസ്ഘാന്‍.പി.എ. പരിശോധന പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫിസറാണ്. ലളിത് ബാബുവാണ് അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍. രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച ് ഷനോജ് (സി.പി.എം) പ്രദീപ് കുമാര്‍ പി.ബി (കേരള കോണ്‍ഗ്രസ് എം) എന്നിവര്‍ പങ്കെടുത്തു.