ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 2.33 കോടി രൂപ

Posted on: August 11, 2015 9:24 am | Last updated: August 11, 2015 at 9:24 am
SHARE

വടക്കഞ്ചേരി: കുളമ്പ് രോഗവും, കുരലടപ്പനും ബാധിച്ച് കന്നുകാലികള്‍ ചത്തൊടുങ്ങിയ വകയില്‍ പാലക്കാട് ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുളളത് 2.33 കോടി രൂപ.
ഈ തുക എത്രയും വേഗം കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയുളള കൃഷിവകുപ്പ് മന്ത്രിക്കും, ക്ഷീര വികസന വകുപ്പ് മന്ത്രിക്കും എം പി ഓര്‍മ്മക്കുറിപ്പോടെ വീണ്ടും കത്ത് നല്‍കി.
നേരത്തെ പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി തിരുവനന്തപുരത്ത് ചേര്‍ന്ന എം പിമാരുടെ യോഗത്തിലും പ്രസ്തുത വിഷയം എം പി ഉന്നയിച്ചിരുന്നു. ജില്ലയില്‍ ആകെ കുളമ്പു രോഗം ബാധിച്ച് 2435 കന്നുകാലികള്‍ ചത്തൊടുങ്ങിയെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്.
പ്രസ്തുത കണക്ക് പ്രകാരം സര്‍ക്കാരില്‍ നിന്നും ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ നഷ്ടപരിഹാര തുക 2.30 കോടി രൂപയാണ്. എന്നാല്‍ 191 കേസുകളിലായി 30 ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് ഇതുവരെ നല്‍കിയിട്ടുളളത്. ബാക്കി വരുന്ന 2244 കേസുകളിലായി 2 കോടി രൂപ സര്‍ക്കാര്‍ ഇനിയും നല്‍കേണ്ടതുണ്ട്.
കൂടാതെ കുളമ്പ് രോഗം ബാധിച്ച് ചത്തൊടുങ്ങിയ കറവപ്പശുക്കള്‍ക്ക് ക്ഷീര വികസന വകുപ്പും പതിനായിരം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് 63 കര്‍ഷകര്‍ക്ക് മാത്രമാണ് ഇതുവരെ ധനസഹായം നല്‍കിയിട്ടുളളത്. കറവപ്പശുക്കള്‍ ചത്തൊടുങ്ങിയ 330 കര്‍ഷകരുടെ അപേക്ഷകള്‍ കൂടി മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ക്ഷീര വികസന വകുപ്പിന് കൈമാറിയിട്ടുണ്ട്.
സര്‍ക്കാരില്‍ നിന്നും തുകയനുവദിക്കാത്തതിനാല്‍ പ്രസ്തുത അപേക്ഷകളും വകുപ്പില്‍ കെട്ടിക്കിടക്കുകയാണ്. കൃത്യമായ ഇടവേളകളില്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നല്ലാതെ ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതിന് സര്‍ക്കാര്‍ ഇതുവരെയും പ്രത്യേകം തുകയനുവദിച്ചിട്ടില്ല. അതതു വകുപ്പുകളില്‍ നിന്നും തനതു ഫണ്ടെടുത്ത് ചെലവഴിച്ചാണ് ക്ഷീര കര്‍ഷകര്‍ക്ക് ഇതുവരെ ധനസഹായം കൈമാറിയത്. കുളമ്പ് രോഗം ബാധിച്ച് ചത്തൊടുങ്ങിയതിനാല്‍ ഇന്‍ഷ്വറന്‍സ് സംരക്ഷണവും ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാകാത്ത സാഹചര്യമുണ്ട്.
കടുത്ത സാമ്പത്തിക വിഷമതകള്‍ക്കിടയിലാണ് ക്ഷീര കര്‍ഷകര്‍ ഈ മേഖലയില്‍ പിടിച്ചു നില്‍ക്കുന്നത്. ഇവര്‍ക്ക് ആശ്വാസവും, സംരക്ഷണവും നല്‍കുന്ന നടപടികള്‍ സര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും എം പി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here