ആനക്കൊമ്പ് വാങ്ങുന്നത് മലേഷ്യന്‍ മാഫിയാ സംഘം

Posted on: August 11, 2015 5:19 am | Last updated: August 10, 2015 at 11:19 pm
SHARE

പാലക്കാട്;സംസ്ഥാനത്തെ വനമേഖലയില്‍ നിന്ന് കൊന്നൊടുക്കുന്ന കാട്ടാനകളുടെ കൊമ്പ് വാങ്ങുന്നത് മലേഷ്യന്‍ മാഫിയാ സംഘമെന്ന് സൂചന. ആനക്കൊമ്പിന് പുറമെ കാട്ടുപോത്തിന്റെ തലയോടും വിമാനത്താവളങ്ങള്‍ വഴി നിര്‍ബാധം കടത്തിയിട്ടും ഇത് വരെ പിടികൂടാന്‍ സാധിക്കാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. ആനവേട്ടുയുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മലേഷ്യന്‍ സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. മലേഷ്യന്‍ ആനിമല്‍ ട്രാഫികിംഗ് കാര്‍ട്ടലുകള്‍ എന്ന് അന്തര്‍ദേശീയ വൃത്തങ്ങളില്‍ വിളിപ്പേരുള്ള മാഫിയക്ക് മുപ്പതിലേറെ ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വേരോട്ടമുണ്ട്. ടൂറിസത്തിന്റെ മറവില്‍ കോടിക്കണക്കിന് രൂപ വിലയുള്ള ആനക്കൊമ്പുകളും കൊന്ന് സ്റ്റഫ് ചെയ്ത മൃഗങ്ങളെയും ഭാഗ്യ ചിഹ്നങ്ങളായി കാണുന്ന അപൂര്‍വ ജീവികളെയും കടുവാത്തോലുകളും അസ്ഥികളുമെല്ലാം ഇവര്‍ വില്‍പ്പന നടത്തുന്നതായും വനംവകുപ്പ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റികളുടെ കണക്ക് പ്രകാരം 2000 മുതല്‍ 2012 വരെയുള്ള കാലയളവില്‍ നൂറ് കോടിയോളം രൂപ വിലയുള്ള വന്യജീവി കള്ളക്കടത്ത് സാമഗ്രികളാണ് പിടികൂടിയത്. ആനക്കൊമ്പ്, കടുവാത്തോല്‍, മയില്‍പ്പീലി, നക്ഷത്ര ആമകള്‍, വെള്ളിമൂങ്ങ, ഇരുതലമൂരി, കടുവകളുടെ അസ്ഥി, തേറ്റകള്‍, അപൂര്‍വയിനം ശലഭങ്ങള്‍, കാട്ടുപോത്തിന്റെ കൊമ്പുകള്‍, ശിരസ്സ്, മാന്‍തോല്‍, പാമ്പിന്‍ വിഷം തുടങ്ങിയവയാണ് പിടികൂടിയതില്‍ ഉള്‍പ്പെടുന്നത്.
കേരളത്തിലെ ഉള്‍വനങ്ങളില്‍ പട്രോളിംഗ് തീരെ ഇല്ലാതായതും ഉദ്യോഗസ്ഥര്‍ ഓഫീസ് പ്രവര്‍ത്തനത്തില്‍ മാത്രമായി ഒതുങ്ങിയതും ആനവേട്ടക്ക് ആക്കം കൂട്ടി. വനംവകുപ്പില്‍ നിന്ന് വിരമിച്ച ചില ജീവനക്കാരുടെ നീക്കങ്ങളെക്കുറിച്ചും വനം ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇവരെ നിരീക്ഷിച്ചിട്ടില്ല. വന്യ മൃഗവേട്ടക്ക് വിരമിച്ച ജീവനക്കാരുടെ പങ്കിനെക്കുറിച്ചുള്ള സൂചനകളും അന്വേഷണ സംഘത്തില്‍ ലഭിച്ചതായി അറിയുന്നു.
തിരുവനന്തപുരം കേന്ദ്രീകരിച്ച് മലേഷ്യന്‍ മാഫിയക്ക് സ്ഥിരമായി ചരക്കെത്തിക്കുന്ന ഏജന്റുമാരുടെ ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ അറസ്റ്റിലായ ഐക്കര വാസുവിന്റെ വെടി കൊണ്ടിട്ടും ചാകാത്ത അമ്പതിലേറെ കൊമ്പന്മാര്‍ ഇപ്പോഴും ഇടമലയാര്‍ വനത്തിലുണ്ടെന്ന് പിടിയിലായ വാസുവിന്റെ സംഘത്തിലെ പാചകക്കാരന്‍ വനംവകുപ്പിന് മൊഴി നല്‍കിയിരുന്നു. ഈ ആനകളെക്കുറിച്ചുള്ള അന്വേഷണം വനംവകുപ്പ് അടുത്ത ദിവസങ്ങളില്‍ ആരംഭിക്കാനിരിക്കുകയാണ്.
ഇന്റര്‍പോളിന് വിവരം നല്‍കി അന്തര്‍സംസ്ഥാന മാഫിയയെ നിയന്ത്രിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. മലേഷ്യയില്‍ നേരിട്ട് പോയുള്ള അന്വേഷണം തത്കാലം ഉണ്ടാകില്ല. സംസ്ഥാനത്തെ ആഭ്യന്തര വിമാന സര്‍വീസുകളിലെ യാത്രക്കാരെയടക്കം കര്‍ശനമായ പരിശോധനക്ക് വിധേയരാക്കി വിമാനത്താവളങ്ങള്‍ വഴിയും തുറമുഖം വഴിയും മൃഗക്കടത്ത് തടയുകയെന്ന ലക്ഷ്യമാണ് അധികൃതര്‍ക്കുള്ളതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here