Connect with us

Gulf

ഇന്ത്യ-യു എ ഇ ഭായ് ഭായ്‌

Published

|

Last Updated

ഇടക്ക് നഷ്ടപ്പെട്ടുപോയ മഹത്തായ പൈതൃകമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇയിലെത്തുമ്പോള്‍ ഇന്ത്യ തിരിച്ചുപിടിക്കുന്നത്. 35 വര്‍ഷത്തിനു ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ദുബൈയിലെത്തുകയാണ്. ക്രിസ്തുവിന് 3,000 വര്‍ഷം മുമ്പ് ഇന്ത്യയും ഈ മേഖലയും തമ്മില്‍ വാണിജ്യ ബന്ധം സ്ഥാപിക്കപ്പെട്ടതിനു ശേഷം ഓരോ നൂറ്റാണ്ട് പിന്നിടുമ്പോഴും സാംസ്‌കാരിക, വ്യാപാര ബന്ധം ശക്തിപ്പെടുകയായിരുന്നു. മേഖലയില്‍ എണ്ണ ഖനനം ആരംഭിക്കുന്നതിന് മുമ്പ് പായ്കപ്പല്‍ വഴി അറബ് സമൂഹവും ഇന്ത്യന്‍ സമൂഹവും അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരുന്നു. അരി, സുഗന്ധ ദ്രവ്യങ്ങള്‍, കയര്‍ ഉല്‍പന്നങ്ങള്‍ എന്നിവക്കു വേണ്ടി ഏഴ് എമിറേറ്റുകളില്‍ നിന്ന് ഇന്ത്യയിലേക്ക്, വിശേഷിച്ച് കേരളത്തിലേക്ക് ആളുകള്‍ പോയ്‌കൊണ്ടിരുന്നു. ചിലര്‍, ഇണയെ കണ്ടെത്തിയത് കേരളത്തില്‍ നിന്ന്. യൂറോപ്പില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള കപ്പല്‍ യാത്ര യു എ ഇ തുറമുഖങ്ങള്‍ വഴി ആയിരുന്നു. ബ്രിട്ടീഷ് ആധിപത്യകാലത്ത്, ഇന്ത്യന്‍ നാണയങ്ങളാണ് യു എ ഇയില്‍ പ്രചരിപ്പിക്കപ്പെട്ടത്.
യു എ ഇ എമിറേറ്റുകള്‍ എണ്ണ കണ്ടെത്തിയതോടെ യാത്രികരുടെ ദിശാമാറ്റം സംഭവിച്ചു. ഇന്ത്യക്കാര്‍ ജീവിതോപാധി തേടി കൂട്ടമായി ഇങ്ങോട്ട് എത്താന്‍ തുടങ്ങി. ഇതിനിടയില്‍, ഇന്ത്യാ വിഭജനം നടന്നപ്പോള്‍ കുറേ സിന്ധി സമൂഹം യു എ ഇയിലെത്തി വാണിജ്യ മേഖലയില്‍ സാന്നിധ്യമുറപ്പിച്ചു.
1971ല്‍ യു എ ഇ രൂപവത്കൃതമാകുന്നതിന് മുമ്പ് തന്നെ ഇന്ത്യക്കാര്‍ വിവിധ എമിറേറ്റുകളില്‍ തമ്പടിച്ചിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളില്‍ നിന്ന് എങ്ങോട്ടെന്നില്ലാതെ കപ്പല്‍ കയറിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഫുജൈറ, ഖോര്‍ഫുക്കാന്‍ എന്നിവിടങ്ങളില്‍ നങ്കൂരമിടുന്ന കപ്പലുകളില്‍ നിന്നിറങ്ങുന്നവരില്‍ ഏറെയും അവസാനം എത്തിപ്പെടുന്നത് ദുബൈയിലെ “ഖാദര്‍ ഹോട്ടല്‍” പരിസരത്ത്. എണ്ണയുടെ വരുമാനം കൊണ്ട്, യു എ ഇ ആകാശം മുട്ടെ വളര്‍ന്നു. അംബരചുംബികളായ കെട്ടിടങ്ങള്‍, മികച്ച തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, രാജകീയമായ റോഡുകള്‍ എന്നിവ കൊണ്ട് സമ്പന്നമായി. വിളിപ്പുറത്തുള്ള ഇന്ത്യക്കാരും പാക്കിസ്ഥാനികളും മറ്റും യു എ ഇയിലെത്തി നിര്‍മാണ സംരംഭങ്ങളില്‍ പങ്കുചേര്‍ന്നു.
1981ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യു എ ഇ സന്ദര്‍ശിച്ചത് ഇന്തോ യു എ ഇ ബന്ധത്തില്‍ നാഴികക്കല്ലായി. അന്ന്, ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ യു എ ഇ പ്രസിഡന്റ്.
എണ്ണയുറവിടം കൊണ്ടു മാത്രമല്ല, യു എ ഇ പുരോഗതി പ്രാപിച്ചതെന്ന് ഇന്ദിരാഗാന്ധി പറഞ്ഞു. യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് യു എ ഇ ആദ്യ പ്രധാനമന്ത്രി ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂം എന്നിവരുടെ ദീര്‍ഘവീക്ഷണത്തെ ഇന്ദിരാഗാന്ധി വാനോളം പുകഴ്ത്തി.
മറ്റൊന്ന് കൂടി ഇന്ദിരാഗാന്ധി ചൂണ്ടിക്കാട്ടി. സൗഹൃദത്തിന്റെ ദീര്‍ഘ ചരിത്രം ഇന്ത്യയും ഗള്‍ഫു രാജ്യങ്ങളും തമ്മില്‍ ഉണ്ടെങ്കില്‍ കൂടി, നേതൃത്വങ്ങള്‍ ഇടക്കിടെ പരസ്പരം കണ്ട്, അത് ഊട്ടിയുറപ്പിക്കണം. സൗഹൃദം താനെ ഉണ്ടാകുന്നതല്ല.””
പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോള്‍ ഇന്ദിരാഗാന്ധിയുടെ വാക്കുകള്‍ അര്‍ഥവത്താണ്. ഇന്ത്യ യു എ ഇ വാണിജ്യ ബന്ധം ഇനിയും മെച്ചപ്പെടണം. 6,000 കോടി ഡോളറിന്റെ ഇടപാടാണ് വര്‍ഷത്തില്‍ നടക്കുന്നത്. രണ്ടു വര്‍ഷം മുമ്പുവരെ ഇക്കാര്യത്തില്‍ യു എ ഇയുടെ ഒന്നാം പങ്കാളി ഇന്ത്യയായിരുന്നു. ഇന്ന് ചൈനയാണ്. 800 കോടി ഡോളറിന്റെ നിക്ഷേപം യു എ ഇക്ക് ഇന്ത്യയിലുണ്ട്. ഇന്ത്യക്കാര്‍ ധാരാളമായി യു എ ഇയില്‍ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടെ വാണിജ്യ ബന്ധത്തില്‍ വന്‍ കുതിപ്പ് പ്രതീക്ഷിക്കാം. ഇന്ത്യയിലേക്കും തിരിച്ചും നേരിട്ടുള്ള നിക്ഷേപത്തിന്റെ ഒഴുക്കുണ്ടാകും.