രാജ്യത്തിനായി ജീവന്‍ ബലിയര്‍പിച്ച സൈനികര്‍ക്ക് ആദരവോടെ വിട

Posted on: August 10, 2015 7:09 pm | Last updated: August 10, 2015 at 7:09 pm
SHARE
bb
കൊല്ലപ്പെട്ട സ്വദേശി സൈനികരുടെ മയ്യിത്ത് നിസ്‌കാരത്തില്‍ സുപ്രിം കൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി പങ്കെടുത്തപ്പോള്‍

റാസല്‍ ഖൈമ: യമനില്‍ ഹൂത്തി വിമതര്‍ക്കെതിരായ പോരാട്ടത്തിനിടയില്‍ കൊല്ലപ്പെട്ട സ്വദേശി സൈനികരുടെ മയ്യിത്ത് നിസ്‌കാരത്തില്‍ സുപ്രിം കൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി പങ്കെടുത്തു. ഇന്നലെ രാവിലെയാണ്, രാജ്യത്തിനായി ജീവന്‍ ത്യജിച്ച മൂന്നു സൈനികരില്‍ രണ്ടു പേരുടെ മയ്യിത്ത് നിസ്‌കാരം ശൈഖ് സഊദിന്റെ സാന്നിധ്യത്തില്‍ റാസല്‍ ഖൈമായില്‍ നടന്നത്. യമനില്‍ സഊദി അറേബ്യയുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ റെസ്റ്റോറിംഗ് ഹോപ് എന്ന പേരില്‍ ഹൂത്തികള്‍ക്കെതിരെ ആക്രമണം നടക്കുന്നത്. മൂന്നു പേര്‍ കൂടി ഒറ്റ ദിവസം മരിച്ചതോടെ രാജ്യത്തിനായി ജീവന്‍ ബലിയര്‍പിച്ച സൈനികരുടെ എണ്ണം ആറായി.
ഫസ്റ്റ് കോര്‍പറല്‍മാരായ ഖാലിദ് മുഹമ്മദ് അബ്ദുല്ല അല്‍ ഷേഹി, ഫഹീം സഈദ് അഹ്മദ് അല്‍ ഹബ്‌സി എന്നിവരുടെ മയ്യിത്ത് നിസ്‌കാരമാണ് റാസല്‍ ഖൈമായിലെ ശൈഖ് സായിദ് മസ്ജിദില്‍ നടന്നത്. ശൈഖ് ഖാലിദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് ബിന്‍ സഖര്‍ അല്‍ ഖാസിമി തുടങ്ങിയ പ്രമുഖരും മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കാളികളായി. ജുമ ജൗഹര്‍ ജുമ അല്‍ ഹമ്മാദിയായിരുന്നു ഇവര്‍ക്കൊപ്പം ജീവന്‍ ത്യജിച്ച മൂന്നാമത്തെ സൈനിക ഓഫീസര്‍. ഹമ്മാദിയുടെ മയ്യിത്ത് നിസ്‌കാരം നിസ്‌കാരം ഷാര്‍ജയിലെ ശൈഖ് സഊദ് അല്‍ ഖാസിമി മസ്ജിദിലായിരുന്നു നടന്നത്. കഴിഞ്ഞ ദിവസം പ്രത്യേക സൈനിക വിമാനത്തിലായിരുന്നു മൂന്നു സൈനിക ഓഫീസര്‍മാരുടെയും മൃതദേഹങ്ങള്‍ അബുദാബിയിലെ അല്‍ ബത്തീന്‍ സൈനിക വിമാനത്താവളത്തില്‍ എത്തിച്ചത്. ഉയര്‍ന്ന സൈനിക ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക ചടങ്ങോടെ മൃതദേഹം ഏറ്റുവാങ്ങിയത്. ഞായറാഴ്ച യൂ എ ഇ സായുധ സേനാ ജനറല്‍ ഹെഡ്ക്വാട്ടേഴ്‌സ് സൈനികരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. നോണ്‍ കമ്മീഷന്‍സ് ഓഫീസറായ ഹാസിം ഉബൈദ് അല്‍ അലി, സെയ്ഫ് യൂസുഫ് അഹ്മദ് അല്‍ ഫലാസി, ലഫ്. അബ്ദുല്‍അസീസ് സര്‍ഹാന്‍ സാലിഹ് അല്‍ കഅബി എന്നിവര്‍ ഓപറേഷന്‍ ഹോപ്പിന്റെ ഭാഗമായി യമനില്‍ നേരത്തെ രക്തസാക്ഷിത്വം വഹിച്ചിരുന്നു.