ഉച്ച വിശ്രമ നിയമം ലംഘിച്ചത് 30 കമ്പനികള്‍

Posted on: August 10, 2015 7:03 pm | Last updated: August 10, 2015 at 7:03 pm
SHARE

&MaxW=640&imageVersion=default&AR-150619319അബുദാബി: സൂര്യാഘാതമേറ്റ് തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതും പരുക്കേല്‍ക്കുന്നതും തടയാനായി യു എ ഇ സര്‍ക്കാര്‍ 11 വര്‍ഷമായി നടപ്പാക്കി വരുന്ന ഉച്ച വിശ്രമ നിയമം 30 കമ്പനികള്‍ ലംഘിച്ചതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ച വിശ്രമ നിയമം രാജ്യത്ത് പ്രാബല്യത്തിലുണ്ടാവുക. ഉച്ചക്ക് 12.30 മുതല്‍ വൈകീട്ട് മൂന്നു വരെ തൊഴിലാളികളെ നിര്‍മാണം ഉള്‍പെടെയുള്ള സൂര്യാഘാതം ഏല്‍ക്കന്ന പുറം ജോലികളില്‍ നിയോഗിക്കുന്നത് നിയമം നിരോധിച്ചിട്ടുണ്ട്. ഉച്ച വിശ്രമ നിയമം ആരംഭിച്ചത് മുതല്‍ കഴിഞ്ഞ മാസം 31 വരെയുള്ള കാലഘട്ടത്തിലാണ് 30 കമ്പനികള്‍ നിയമലംഘനം നടത്തിയതെന്നും മന്ത്രാലയം വിശദീകരിച്ചു. 27,000 സൈറ്റ് സന്ദര്‍ശനങ്ങളാണ് നിയമലംഘനം കണ്ടെത്താനായി ജൂലൈ അവസാനം വരെ നടത്തിയതെന്ന് ഇന്‍സ്‌പെക്ഷന്‍ അഫയേഴ്‌സ് വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മഹര്‍ അല്‍ ഒബീദ് വ്യക്തമാക്കി. മൊത്തം 34,411 സന്ദര്‍ശനങ്ങള്‍ നടത്തിയതില്‍ 27,242 എണ്ണമാണ് ഉച്ച വിശ്രമ നിയമം ലംഘിക്കുന്നതുമായി ബന്ധപ്പെട്ടുള്ളത്. 7,169 സന്ദര്‍ശനങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ബോധവത്ക്കരണത്തിനുമായിരുന്നു.
11 വര്‍ഷം മുമ്പാണ് രാജ്യത്ത് ഉച്ച വിശ്രമ നിയമം നടപ്പാക്കാന്‍ ആരംഭിച്ചത്. നിയമം ലംഘിക്കുന്ന കമ്പനിക്ക് ഓരോ തൊഴിലാളിക്കും 5,000 എന്ന തോതിലാണ് പിഴ ചുമത്തുക. 50,000 ദിര്‍ഹത്തില്‍ അധികം പിഴ ചുമത്തപ്പെടുന്ന കേസുകള്‍ തൊഴില്‍ മന്ത്രാലയ ഓഫീസിലേക്ക് മാറ്റും. ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും തൊഴില്‍ മന്ത്രാലയം ഉത്തരവിടും. അല്‍ ഐനിലാണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനം നടന്നത്. ഇവിടെ 11 കമ്പനികള്‍ ഉച്ച വിശ്രമ നിയമം ലംഘിച്ചപ്പോള്‍ അബുദാബിയിലും റാസല്‍ ഖൈമയിലും അഞ്ചു കമ്പനികള്‍ വീതവും ദുബൈയില്‍ നാലു കമ്പനികളുമാണ് നിയമലംഘനം നടത്തിയത്. അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നീ എമിറേറ്റുകൡ ഓരോ നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഷാര്‍ജയിലാണ് ഒരൊറ്റ നിയമലംഘനവും ഉണ്ടാവാതിരുന്നത്.