അശ്ലീല സൈറ്റുകള്‍ പൂര്‍ണ്ണമായി നിരോധിക്കുന്നത് അപ്രായോഗികമാണെന്ന് കേന്ദ്ര സര്‍ക്കാര്‍

Posted on: August 10, 2015 2:57 pm | Last updated: August 12, 2015 at 8:51 am
SHARE

ban porn

ന്യൂഡല്‍ഹി: അശ്ലീല സൈറ്റുകള്‍ പൂര്‍ണ്ണമായി നിരോധിക്കുന്നത് അപ്രായോഗികമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ നിരോധിക്കാമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ അറിയിച്ചു. സാങ്കേതിക വിദ്യ ഇത്രയേറെ പുരോഗമിച്ച കാലത്ത് ഇത്തരം നിരോധനങ്ങള്‍ സാധ്യമല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.

അശ്ലീല സൈറ്റുകളില്‍ ഒന്ന് നിരോധിച്ചാല്‍ മറ്റൊരു പേരില്‍ പ്രത്യക്ഷപ്പെടുമെന്നും അതിനാല്‍ ലക്ഷക്കണക്കിനുള്ള സൈറ്റുകള്‍ നിരോധിക്കുക പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണോ എന്നത് മുതിര്‍ന്നവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയുടെ കാലത്ത് സമ്പൂര്‍ണ നിരോധനം പ്രായോഗികമാവില്ല. ജനങ്ങളുടെ കിടപ്പുമുറികളില്‍ സര്‍ക്കാരിന് എത്തി നോക്കാന്‍ സാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഗി കോടതിയില്‍ പറഞ്ഞു.

സുപ്രീം കോടതി വിമര്‍ശനത്തെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. 857 സൈറ്റുകളാണ് ഇത്തരത്തില്‍ നിരോധിച്ചിരിക്കുന്നത്.