സുരക്ഷക്ക് ആളില്ല; കേരളത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ റെയില്‍വേക്ക് വിമുഖത

Posted on: August 10, 2015 6:11 am | Last updated: August 10, 2015 at 12:19 am
SHARE

കണ്ണൂര്‍: സംസ്ഥാനത്ത് ട്രെയിന്‍ യാത്രക്കാര്‍ക്കു നേരെ അതിക്രമം പെരുകുമ്പോഴും വേണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ റെയില്‍വേ നടപടി സ്വീകരിക്കുന്നില്ല. റെയില്‍വേ സംരക്ഷണ സേനയില്‍ കേരളത്തിനു കീഴിലെ ഡിവിഷനില്‍ മാത്രം നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടന്നിട്ടും നിയമനകാര്യത്തില്‍ റെയില്‍വേ ബോര്‍ഡ് ഒരു തീരുമാനവും കൈക്കൊള്ളുന്നില്ല. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴില്‍ മാത്രം 900 ആര്‍ പി എഫുകാരുടെ ഒഴിവുകള്‍ ഒരു വര്‍ഷമായിട്ടും നികത്തപ്പെടാതെ കിടക്കുന്നുണ്ട്. ദേശീയതലത്തില്‍ ആര്‍ പി എഫില്‍ മെഗാ റിക്രൂട്ട്‌മെന്റ് നടത്താന്‍ റെയില്‍വേ പദ്ധതിയിട്ടിരുന്നുവെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. 2011 ഫെബ്രുവരിയില്‍ സൗമ്യയുടെ ദാരുണ കൊലപാതകത്തെ തുടര്‍ന്ന് ട്രെയിനുകളിലെ സുരക്ഷക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. കൂടാതെ, തിരുവനന്തപുരം, പാലക്കാട് ഡിവിഷനല്‍ മാനേജര്‍മാരും റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് ശിപാര്‍ശ സമര്‍പ്പിച്ചു. 1503 പേരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഘട്ടം ഘട്ടമായി നിയമിച്ചത് 607 പേരെ മാത്രം.
ശേഷിക്കുന്ന നിയമനങ്ങള്‍ അനിശ്ചിതമായി നീളുകയാണ്. തിരുവനന്തപുരം ഡിവിഷനു കീഴില്‍ 350ഉം പാലക്കാട് ഡിവിഷനു കീഴില്‍ 550ഉം ഒഴിവുകളാണുള്ളത്. പാലക്കാട് ഡിവിഷന്റെ സ്ഥിതിയാണ് പരിതാപകരം. മംഗലാപുരം, സേലം ഡിവിഷനു കീഴിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും പരിശോധനക്ക് പോകേണ്ടത് പാലക്കാട് ഡിവിഷനു കീഴിലെ ഉദ്യോഗസ്ഥരാണ്. ഇക്കാരണത്താല്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജോലി ചെയ്യാന്‍ ആവശ്യത്തിന് ആര്‍ പി എഫുകാരില്ല.
ട്രെയിന്‍ യാത്രയിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സീറോ എഫ് ഐ ആര്‍ സംവിധാനത്തിന് റെയില്‍വേ രൂപം നല്‍കിയിരുന്നു. യാത്രക്കിടയിലെ മോഷണം, അതിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്യുകയും പരാതി നല്‍കിയ പോലീസ് സ്റ്റേഷനില്‍ നിന്ന് സംഭവം നടന്ന സ്ഥലത്തെ സ്റ്റേഷനിലേക്ക് പരാതി ഫാക്‌സ് ചെയ്ത് നടപടിയെടുക്കുകയും ചെയ്യുന്ന സംവിധാനമായിരുന്നു അത്. ഇതും കാര്യക്ഷമമായി നടക്കുന്നില്ല. കൂടാതെ, മദ്യപിച്ച് ട്രെയിനില്‍ കയറുന്നവരെ തടയാന്‍ രണ്ട് വര്‍ഷം മുമ്പ് എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കിയ ആള്‍കോമീറ്റര്‍ പരിശോധനാ സംവിധാനവും നിലച്ചു. സംസ്ഥാന സര്‍ക്കാറും റെയില്‍വേ മന്ത്രാലയവും തമ്മിലുള്ള അസ്വാരസ്യങ്ങളും സുരക്ഷ പാളംതെറ്റാന്‍ കാരണമാകാറുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ നടപടികള്‍ക്ക് റെയില്‍വേയുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണം ലഭിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. എന്നാല്‍, പല കാരണങ്ങള്‍ പറഞ്ഞ് സംസ്ഥാന സര്‍ക്കാറിനെ പഴിക്കുകയാണ് റെയില്‍വേ മന്ത്രാലയം.