കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നു: സി പി എം

Posted on: August 10, 2015 6:02 am | Last updated: August 10, 2015 at 12:04 am
SHARE

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നും ഗ്രൂപ്പ് വഴക്ക് കേരളത്തില്‍ ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നിരിക്കുകയാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കോണ്‍ഗ്രസിലെ ഐ വിഭാഗം ക്രിമിനലുകള്‍ വീട്ടുമുറ്റത്ത് ഉമ്മയുടെ മുന്നിലിട്ടാണ് എ ഗ്രൂപ്പ് പ്രവര്‍ത്തകനായ ഹനീഫയെ കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷെമീര്‍ നിരവധി കേസുകളില്‍ പ്രതിയും, ഗുണ്ടാ നിയമപ്രകാരം ജയില്‍വാസം അനുഭവിച്ചയാളുമാണ്. മുഖ്യമന്ത്രിയുടെ ഗ്രൂപ്പും ആഭ്യന്തര മന്ത്രിയുടെ ഗ്രൂപ്പും തമ്മിലുള്ള ഏറ്റുമുട്ടലായതുകൊണ്ടാണ് പോലീസ് നിഷ്‌ക്രിയമായി നില്‍ക്കുന്നത്.
തൃശൂര്‍ ജില്ലയില്‍ മാത്രം കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി ഈ സര്‍ക്കാറിന്റെ കാലത്ത് കൊല്ലപ്പെടുന്ന മൂന്നാമത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഹനീഫ. അയ്യന്തോളില്‍ കോണ്‍ഗ്രസ് നേതാക്കളായ മധു ഈച്ചരത്തും ലാലാജി കൊള്ളന്നൂരും എ, ഐ ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ടത്. സ്വന്തം പാര്‍ട്ടിക്കാരെ പോലും ക്രിമിനലുകളെ ഉപയോഗിച്ച് വധിക്കുന്ന സംസ്‌കാരത്തിലേക്ക് തന്നെ കോണ്‍ഗ്രസ് എത്തിയിരിക്കുന്നെന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
26 സി പി എം പ്രവര്‍ത്തകര്‍ ഇപ്പോഴത്തെ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് കൊല്ലപ്പെട്ടു. അതില്‍ അഞ്ച് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസുകാരാണ്. സ്വന്തം പാര്‍ടിക്കാരെയും രാഷ്ട്രീയ എതിരാളികളെയും കൊലപ്പെടുത്തികൊണ്ട് മുന്നോട്ടുപോകുന്ന നയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്നും കോടിയേരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.