ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്കറിയില്ല…

Posted on: August 10, 2015 6:00 am | Last updated: August 10, 2015 at 12:00 am
SHARE

OLYMPUS DIGITAL CAMERA
”മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്ക് കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ” – ബൈബിള്‍

കോണ്‍ഗ്രസിന്റെ നേതാവും കേരളത്തിന്റെ മുഖ്യമന്ത്രിയുമാണെങ്കിലും ഉമ്മന്‍ ചാണ്ടി, എല്ലാ ഞായറാഴ്ചയും പള്ളിയില്‍പ്പോയി കുര്‍ബാന കൈക്കൊള്ളുന്ന സത്യക്രിസ്ത്യാനിയാണ്. അദ്ദേഹം ഭരിക്കുമ്പോള്‍ അത് ഭരണഘടനാനുസൃതമാകുന്നതിനൊപ്പം ബൈബിളില്‍ കൂടി അധിഷ്ഠിതമായാല്‍ അത്ഭുതപ്പെടാനില്ല. (തീവ്ര ഹിന്ദുത്വം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന സംഘ് പരിവാറുകാരെപ്പോലെയല്ല, ജാതി, മതം, വര്‍ഗം എന്നിത്യാദി ഭേദങ്ങളൊന്നുമില്ലാതെ ഏവര്‍ക്കും പ്രയോജനം ഉറപ്പാക്കുന്നുണ്ട് ബൈബിളിനെ അധിഷ്ഠിതമാക്കുമ്പോള്‍ മുഖ്യമന്ത്രി) ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടുത്തിടെ എടുത്ത മൂന്ന് തീരുമാനങ്ങളില്‍ ബൈബിളിന്റെ സ്വാധീനം ചെറുതല്ലാതെയുണ്ട്. അതിലൊന്ന് റിപ്പോര്‍ട്ടിലെ തിരുത്താണ്, രണ്ടാമത്തേത് നിയമ ഭേദഗതി, മറ്റൊന്ന് ചട്ട ഭേദഗതിയും. ആദ്യത്തേതില്‍ ബൈബിളിനോട് അത്രയൊന്നും മമതയില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി തീരുമാനമെടുക്കേണ്ടതിനാല്‍ പ്രാബല്യത്തിലാകുമോ എന്നതില്‍ സംശയം നിലനില്‍ക്കുന്നു. മൂന്നാമത്തേതില്‍, 2015 ജൂണ്‍ ഒന്നിന് പത്ത് വര്‍ഷമാകുന്ന കൈയേറ്റങ്ങള്‍ ക്രമവത്കരിക്കാനുള്ള ഭേദഗതി പിന്‍വലിക്കേണ്ടിവന്നുവെങ്കിലും പട്ടയം നല്‍കാവുന്ന ഭൂമിയുടെ അളവ് ഒന്നില്‍ നിന്ന് നാലേക്കറാക്കാനും പട്ടയം കിട്ടിയാലുടന്‍ വില്‍ക്കാനുമുള്ള ഭേദഗതികള്‍ നിലനിര്‍ത്താനായത് ആശ്വാസം നല്‍കുന്നുണ്ടാകണം. നടപ്പാക്കുന്നതില്‍ കാട്ടിയ അതിരറ്റ സാമര്‍ഥ്യം മൂലം, 2008 വരെയുള്ള വയല്‍ നികത്തലുകള്‍ ക്രമപ്പെടുത്തിക്കൊടുക്കാനുള്ള ഭേദഗതി (രണ്ടാമത്തേത്) നിലനില്‍ക്കുന്നു.
ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കേണ്ടവനാണ് മനുഷ്യന്‍. അത്തരത്തിലുള്ളയാളുകള്‍ കാടുകള്‍ കൈയേറുന്നതും അവിടെ കൃഷിയിറക്കി ഉപജീവനം കഴിക്കുന്നതും തെറ്റായി കാണാന്‍ സാധിക്കില്ല. അത്തരം കൈയേറ്റങ്ങള്‍ക്ക് മനുഷ്യ നിര്‍മിതിയായ വര്‍ഷങ്ങളുടെയും മാസങ്ങളുടെയും തീയതികളുടെയും കണക്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ചിതവുമല്ല. അങ്ങനെ കൈയേറിയ കൃഷിഭൂമിയില്‍, വനഭൂമിയെന്ന് കണക്കാക്കി വനംവകുപ്പിട്ട ജണ്ടകള്‍ക്കുള്ളിലാണെങ്കില്‍പ്പോലും, മനുഷ്യന് അധീശത്വം നല്‍കേണ്ട ബാധ്യത ഉമ്മന്‍ ചാണ്ടിക്കുണ്ട്. അതുകൊണ്ടാണ് വനഭൂമിക്കുള്ളില്‍ കൃഷിഭൂമിയുണ്ടെങ്കില്‍ അവകളെ, പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെന്ന കസ്തൂരിരംഗന്‍ പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദേശിച്ചത്. രണ്ട് ദിനം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കി, വനംവകുപ്പിന്റെ ജണ്ടക്കുള്ളില്‍പ്പെട്ട കൃഷിഭൂമിക്ക് താത്കാലിക നമ്പര്‍ നല്‍കി വേര്‍തിരിച്ച് മനുഷ്യന്റെ ആധിപത്യം കേന്ദ്ര സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ നടപടി സ്വീകരിക്കുകയും ചെയ്തു.
ഭൂമിയുടെ മുഴുവന്റെയും ആധിപത്യം മനുഷ്യനായിരിക്കെ, അതിന്‍മേല്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം മറ്റാര്‍ക്കുമാകാന്‍ പാടില്ല. അപ്പോള്‍ പിന്നെ കുറച്ച് പ്രദേശങ്ങളെ വയലെന്ന പേരില്‍ മാറ്റി നിര്‍ത്തി, മനുഷ്യന് നികത്തി ഉപയോഗിക്കാന്‍ പാടില്ലാത്ത വിധത്തിലാക്കുന്നത് ശരിയല്ല തന്നെ. 2008 വരെയുള്ള നികത്തുലകളൊക്കെ, അല്‍പ്പം പണം പിഴയായി ഈടാക്കി നിയമവിധേയമാക്കാന്‍ തീരുമാനിച്ചു. പണം പിഴയായി ഈടാക്കാന്‍ തീരുമാനിച്ചതുപോലും സര്‍ക്കാറിലേക്ക് വരുമാനമുണ്ടാക്കുന്ന സംഗതിയാണെന്ന് വരുത്തി ധനബില്ലിന്റെ ഭാഗമാക്കി, നിയമം ഭേദഗതി ചെയ്യുന്നതിനാണ്. ബൈബിളിനോട് മമത കുറവെങ്കിലും ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ധനബില്ലെന്ന മാര്‍ഗം ഉപയോഗപ്പെടുത്തുന്നതില്‍ കേന്ദ്രത്തിലുള്ളവരുടെ മനഃസമ്മതം ഉമ്മന്‍ ചാണ്ടി പിന്നീടറിഞ്ഞുകാണണം. റവന്യൂ മന്ത്രിയായ അടൂര്‍ പ്രകാശിന് ബൈബിളില്‍ അത്രത്തോളം ഗ്രാഹ്യമുണ്ടോ എന്ന് സംശയമുള്ളതിനാലാണ്, ബാര്‍ കോഴയാരോപണത്തെ പ്രതിരോധിക്കാന്‍ ബൈബിള്‍ വാക്യങ്ങള്‍ അനര്‍ഗളം നിര്‍ഗളിപ്പിച്ച ധനമന്ത്രി കെ എം മാണിയോട് നെല്‍വയല്‍ – തണ്ണീര്‍ത്തട നിയമത്തിലെ ഭേദഗതി ധനബില്ലിന്റെ ഭാഗമാക്കാന്‍ പറഞ്ഞത്. അധീശത്വത്തിന്റെ കാര്യത്തില്‍ കാലഗണന പ്രസക്തമല്ല. 2008 വരെയുള്ള നികത്തലുകള്‍ എന്ന് പറഞ്ഞുവെങ്കിലും അതിന് ശേഷമുള്ള നികത്തലുകളും 2008ന് മുമ്പുള്ളത് എന്ന് രേഖപ്പെടുത്തിയാല്‍ കാലഗണന അപ്രസക്തമായിക്കൊള്ളുമെന്ന ഉറപ്പ് മുഖ്യമന്ത്രിക്കുണ്ട്.
അധീശത്വമുള്ളവരുടെ ഗണത്തില്‍, ഉപജീവനത്തിന് മറ്റുവഴിയൊന്നുമില്ലാതെ വനം, റവന്യൂ ഭൂമി കൈയേറിയ ചെറുകിട-നാമമാത്രക്കാര്‍ മാത്രമല്ല ഉള്ളത്. ഏക്കറുകണക്കിന് വനഭൂമി കൈയേറി മരങ്ങളൊക്കെ വെട്ടിത്തെളിച്ച് റിസോര്‍ട്ടുകള്‍ കെട്ടിയുയര്‍ത്തിയവരുണ്ട്, റവന്യൂ ഭൂമിയോ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയോ തരിശായിക്കിടക്കുന്നതുകണ്ട് ദുഃഖിതരായി അതില്‍ കൈയേറ്റം നടത്തുകയും കെട്ടിടങ്ങള്‍ പണിയുകയും ചെയ്തവരുണ്ട്, പാട്ടത്തിന് കിട്ടിയ തോട്ടഭൂമി മറിച്ചുവില്‍ക്കാന്‍ സാധിക്കാതെ ഖിന്നരായവരുണ്ട്, പാട്ടക്കാലാവധി കഴിഞ്ഞും കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി വിറ്റൊഴിഞ്ഞ് തലവേദനയൊഴിവാക്കാന്‍ കാത്തിരിക്കുന്നവരുണ്ട്, റവന്യൂ ഭൂമി കൈയേറി തുടങ്ങിയ ക്വാറികള്‍ തുടര്‍ന്ന് നിയമപരമായി നടത്താന്‍ ആഗ്രഹിച്ചിരിക്കുന്നവരുണ്ട്. ഇവരുടെയൊക്കെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് കൈയേറിയതില്‍ ഒരേക്കറിനേ പട്ടയം നല്‍കൂ എന്നത് മാറ്റി നാലേക്കറിന് പട്ടയം നല്‍കാന്‍ തീരുമാനിച്ചത്. കൈയേറ്റ ഭൂമിക്ക് പട്ടയം കിട്ടിയാല്‍ 25 കൊല്ലം കഴിഞ്ഞേ വില്‍ക്കാനാവൂ എന്ന നിബന്ധന ഒഴിവാക്കി, പട്ടയം കിട്ടിയാല്‍ പിറ്റേന്ന് വില്‍ക്കാമെന്ന് ഉത്തരവിട്ടത്. 2005 ജൂണ്‍ ഒന്നുവരെയുള്ള കൈയേറ്റങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനിച്ചത് അതിന്റെ തുടര്‍ച്ചയും.
ഭൂമിക്കുമേല്‍ മനുഷ്യനുള്ള അധീശത്വത്തെക്കുറിച്ച് അറിയാവുന്നവരും അറിയാത്തവരും എതിര്‍ത്തു. അതിനാല്‍ അവസാനത്തെ ഭേദഗതി വേണ്ടെന്ന് വെക്കേണ്ടിവന്നു. അറിയാത്തവര്‍ എതിര്‍ക്കുന്നത് മനസ്സിലാക്കാം. അറിയാവുന്നവരും എതിര്‍ത്താലോ? ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്കറിയില്ല, ഇവരോട് പൊറുക്കേണമേ എന്ന് അപേക്ഷിക്കാനേ തത്കാലം നിവൃത്തിയുള്ളൂ. വിഴിഞ്ഞം തുറമുഖ പദ്ധതി, താലത്തില്‍വെച്ച് നല്‍കിയതിന്റെ പ്രത്യുപകാരമെന്നോണം അദാനി മുതലാളി, വലിയ മുതലാളിയുമായി സംസാരിക്കുമെന്നും അവിടുന്നുള്ള നിര്‍ദേശമനുസരിച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുള്ള ബി ജെ പിക്കാര്‍ പെരുമാറുമെന്നും അതിന്റെയടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി മുഖ്യമന്ത്രി പദം കിട്ടുമെന്നും ഉമ്മന്‍ ചാണ്ടിക്ക് ന്യായമായും ആഗ്രഹിക്കാം. ഇപ്പോള്‍ പിന്‍വലിച്ചതൊക്കെ, നടപ്പാക്കാന്‍ പാകത്തിലുള്ള കരുത്ത് അന്നുണ്ടാകണമേ എന്ന് മുട്ടിപ്പായി പ്രാര്‍ഥിക്കുകയുമാകാം.
ഇത്തരം കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ അത് ആരെടുക്കുന്നുവെന്നത് അപ്രസക്തമാണെന്നത്, ബൈബിള്‍ വാക്യത്തില്‍ നിന്ന് തന്നെ സുവ്യക്തമാണ്. 2005 വരെയുള്ള കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ പാകത്തില്‍ ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത് ആരെന്ന ചോദ്യത്തിന് അതുകൊണ്ടാണ് മറുപടി വേണ്ടെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തീരുമാനമെടുത്തത് എന്ന് റവന്യു മന്ത്രി ആവര്‍ത്തിക്കുന്നു. എന്നിട്ടും തന്റെ അറിവോടെയാണ് തീരുമാനമെന്ന് അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ല. പക്ഷേ, മന്ത്രിസഭയുടെ അറിവ് ഇക്കാര്യത്തില്‍ വേണ്ടതില്ല എന്നതില്‍ അദ്ദേഹത്തിന് സംശയമില്ല. ഭൂമിക്കുമേല്‍ മനുഷ്യനുള്ള അധീശത്വം ഉത്പത്തിക്കാലത്തുതന്നെ ഉറപ്പിക്കപ്പെട്ടതിനാല്‍, ഭൂവിനിയോഗം അനുവദിക്കുന്നതില്‍ ആരുടെയും അറിവോ അനുവാദമോ ആവശ്യമില്ല തന്നെ. അത് കടലാസിലാക്കി പ്രസിദ്ധം ചെയ്യുന്നതില്‍ മാത്രമേ മനുഷ്യഹസ്തത്തിന്റെ ആവശ്യമുള്ളൂ. മന്ത്രിമാര്‍, മുഖ്യമന്ത്രി, ഇവരൊക്കെ ചേരുന്ന മന്ത്രിസഭ എന്നിവയുടെയൊക്കെ ആവശ്യം പിന്നെ എന്തിന് എന്നാണ് ചോദ്യമെങ്കില്‍ സോളാര്‍, ബാര്‍ തുടങ്ങി വചനങ്ങളില്‍ പരാമര്‍ശിക്കാത്ത വിഷയങ്ങളൊക്കെ ആര് പരിഗണിക്കുമെന്ന മറുചോദ്യമുണ്ട് ഉത്തരമായി.
കൃഷി ചെയ്യുന്നവരുടെ എണ്ണം തുലോം കുറഞ്ഞു. വയലുകളില്‍ വലിയൊരളവ് തരിശിട്ടിരിക്കയാണ്. അതൊക്കെ നികത്തി നിര്‍മാണാത്മകമായി ഉപയോഗിക്കുകയും അതുവഴി സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുക എന്നതില്‍ എന്താണ് തെറ്റ്? കാട് കൈയേറി കൃഷിയിറക്കുന്നവര്‍ മൊത്തം ഉത്പാദത്തിന്റെ ശതമാനക്കണക്കിലേക്ക് നല്‍കുന്ന സംഭാവന കണക്കിലെടുത്താല്‍ കൂടുതല്‍ കാട് തെളിച്ച് കൃഷിയിറക്കാന്‍ അനുവാദം നല്‍കുകയാണ് വേണ്ടത്. അതിന് തത്കാലം മുതിരുന്നില്ല. പക്ഷേ, നിലവില്‍ കാട് കൈയേറി കൃഷിയിറക്കിയവരെ സംരക്ഷിക്കുക എന്നത് സാമ്പത്തിക വളര്‍ച്ചക്ക് അനിവാര്യമാണ്. ക്വാറികള്‍, റിസോര്‍ട്ടുകള്‍ എന്നിവയും വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ആയതിനാല്‍ അധികൃതാനധികൃതഭേദമില്ലാതെ അവകളെ സംരക്ഷിക്കണം, പുതിയവക്ക് മുളപൊട്ടാന്‍ അവസരമൊരുക്കുകയും വേണം. സര്‍ക്കാര്‍ നല്‍കുന്ന മൂന്ന് സെന്റ് ഭൂമിയില്‍ കൂരകെട്ടുന്നവര്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് സംഭാവനകളൊന്നും നല്‍കുന്നില്ല. സര്‍ക്കാര്‍ ഖജാനയെ ചോര്‍ത്തുകയും ചെയ്യുന്നു. ആയതിനാല്‍ ഇവരേക്കാള്‍ പരിഗണനയും സഹായവും അര്‍ഹിക്കുന്നത് മുന്‍ചൊന്ന വിഭാഗങ്ങളില്‍പ്പെടുന്നര്‍ തന്നെ.
മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം കണക്കിലെടുക്കണമെന്നും പ്രകൃതി വിഭവങ്ങളെ നിയന്ത്രണമില്ലാതെ ചൂഷണം ചെയ്ത് ശതമാനക്കണക്കില്‍ വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുന്നവര്‍ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നത് ഓര്‍ക്കണമെന്നും ചിലരൊക്കെ പറയുന്നുണ്ട്. വയലും കാടുമൊക്കെ ഇല്ലാതാകുന്നത് വെള്ളക്ഷാമം രൂക്ഷമാക്കുമെന്നും അത് തലമുറകളോട് ചെയ്യുന്ന അനീതിയാണെന്നും ഇവര്‍ വാദിക്കുന്നു. അടുത്തിടെ കത്തോലിക്കാ സഭയുടെ പരമോന്നത നേതാവായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഇതൊക്കെ പറഞ്ഞിരുന്നു. ഇത്തരം വാദങ്ങളുന്നയിക്കാന്‍ അടുത്തിടെ ശീലിച്ച കോണ്‍ഗ്രസ് നേതാക്കളൊന്നും ആത്മാര്‍ഥമായല്ല ഇത് പറയുന്നത് എന്ന് ഏറ്റം നന്നായി അറിയാവുന്നയാളാണ് ഉമ്മന്‍ ചാണ്ടി. ആത്മാര്‍ഥമായുണ്ടായിരുന്നുവെങ്കില്‍ നയത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവര്‍ സമ്മര്‍ദം ചെലുത്തുമായിരുന്നില്ലേ? പോപ്പിന്റെ അഭിപ്രായങ്ങള്‍ക്ക് കേരളത്തിലെ സഭ വലിയ പ്രാധാന്യം നല്‍കുമെന്ന് തോന്നുന്നില്ല. പ്രാധാന്യം നല്‍കിയിരുന്നുവെങ്കില്‍ പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് അവര്‍ ആവശ്യപ്പെടുമായിരുന്നു. കസ്തൂരിരംഗന്‍ പോലും വേണ്ടെന്ന് സഭ പറയുമ്പോള്‍, പോപ്പിന് പോലും നിഷേധിക്കാനാകാത്ത ബൈബിള്‍ വാക്യം തന്നെയാണ് പ്രസക്തം. എന്തെന്നാല്‍ വോട്ട് കേരള സഭയിലാണ്. മാത്രമല്ല, മാര്‍പ്പാപ്പ മാറി വരും, വാക്യം അവിടെത്തന്നെയുണ്ടാകും.
ഭൗതികവാദികളായ പ്രതിപക്ഷത്തിന് ഭൂമിക്കു മേല്‍ മനുഷ്യനുള്ള അധീശത്വം നേരത്തെ തന്നെ മനസ്സിലായിട്ടുണ്ട്. കോണ്‍ഗ്രസിലെ നേതാക്കള്‍ വലിയ എതിര്‍പ്പുന്നയിച്ചപ്പോഴും പേരിനൊരു പ്രസ്താവന നല്‍കി അവര്‍ അടങ്ങിയിരുന്നതിന് കാരണമതാണ്.
സദുദ്ദേശ്യം മനസ്സിലാക്കുന്ന ചിലരുണ്ട്, ഔദ്യോഗികമായി പ്രതിപക്ഷമാണെങ്കിലും. എന്തിനെയെങ്കിലും എതിര്‍ത്ത് തോല്‍പ്പിച്ചുവെന്ന അപഖ്യാതി അവര്‍ക്കുണ്ടാകുന്നില്ലല്ലോ എന്ന ആശ്വാസമുണ്ട്. ശത്രുവിന് പോലും ദോഷമുണ്ടാകും വിധത്തില്‍ പ്രവര്‍ത്തിക്കരുതെന്നാണല്ലോ വാക്യം.