Connect with us

International

തീവെപ്പ് കേസില്‍ ഏഴ് ജൂതര്‍ അറസ്റ്റില്‍

Published

|

Last Updated

വെസ്റ്റ്ബാങ്ക്: ഫലസ്തീന്‍ സര്‍ക്കാറിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ശക്തമായ സമ്മര്‍ദങ്ങളെ തുടര്‍ന്ന് തീവെപ്പ് കേസില്‍ നിരവധി ജൂതരെ ഇസ്‌റാഈല്‍ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ശിന്‍ ബെത് സുരക്ഷാ സര്‍വീസും ഇസ്‌റാഈല്‍ പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ചുരുങ്ങിയത് ഏഴ് പേരെങ്കിലും അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അധിനിവേശ വെസ്റ്റ്ബാങ്കിലെ അദെയ് ആദ് മേഖലയിലുള്ള ഒരു കുടിയേറ്റ കേന്ദ്രത്തില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ വെസ്റ്റ്ബാങ്കിലെ ഫലസ്തീനികള്‍ക്കെതിരെ നടന്ന ജൂത കുടിയേറ്റക്കാരുടെ നിരവധി ആക്രമണങ്ങളെ തുടര്‍ന്നാണ് ഇസ്‌റാഈല്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്. ദ്യൂമയില്‍ പിഞ്ചുകുട്ടിയും പിതാവും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാരാണ് ഇപ്പോള്‍ പിടിയിലായതെന്നാണ് സൂചന. സംഭവം വാര്‍ത്തയായതോടെ ജൂതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഇസ്‌റാഈലിന് മേല്‍ സമ്മര്‍ദം ശക്തിപ്പെട്ടിരുന്നു. ക്രൂരത ചെയ്യുന്ന ജൂതരെ നിലക്കുനിര്‍ത്തണമെന്ന് അമേരിക്കയും ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടിരുന്നു. സംഭവം ഫലസ്തീനിലും വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ ആക്രമണങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഇസ്‌റാഈലിനാണെന്നും ആ രാജ്യത്തിനെതിരെ ഈ കേസ് മുന്നില്‍ വെച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി(ഐ സി സി)യെ സമീപിക്കുമെന്നും ഫലസ്തീന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രിയോട് ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകണമെന്ന് ഫലസ്തീന്‍ നേതൃത്വം ആവശ്യപ്പെട്ട വാര്‍ത്തകളും പുറത്തുവന്നിരുന്നു.

Latest