ചിറകറ്റ സ്വപ്നങ്ങളുമായി അവര്‍ തിരികെയെത്തി

Posted on: August 10, 2015 6:00 am | Last updated: August 9, 2015 at 11:34 pm
SHARE

kkkkk
നെടുമ്പാശ്ശേരി: സഊദി ജയിലില്‍ നിന്നും മോചിതരായ 53 ഇന്ത്യക്കാര്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇവരില്‍ ആറുപേര്‍ മലയാളികളാണ് ഇന്നലെ രാവിലെ 11.30 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ എസ് വി 742 നമ്പര്‍ സഊദി എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇവര്‍ ജന്മനാട്ടില്‍ മടങ്ങിയെത്തിയത്.
തൃപ്പയാര്‍ സ്വദേശി ഷഹിന്‍, ചിറയിന്‍കീഴ് സ്വദേശി മുഹമ്മദ് അബ്ദുല്ല, മണ്ണാര്‍ക്കാട് സ്വദേശി ഷാജഹാന്‍, തിരുവനന്തപുരം സ്വദേശി രജീഷ്, പൊന്നാനി സ്വദേശി കാസിം, മഞ്ചേരി സ്വദേശി സജീവ് എന്നിവരാണ് സഊദി ജയിലില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ മലയാളികള്‍. വിവിധ ഏജന്‍സികള്‍ വഴിയും വ്യക്തികള്‍ വഴിയും 60000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ വിസക്ക് നല്‍കി വഞ്ചിതരായവരാണ് ഇവരില്‍ പലരും.
ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. പത്ത് ദിവസം മുതല്‍ മൂന്ന് മാസം വരെ ജയിലില്‍ കഴിഞ്ഞവരാണ് മടങ്ങിയെത്തിയവരില്‍ ഏറെയും. വാഗ്ദാനം ചെയ്യപ്പെട്ട ജോലി ലഭിക്കാതെയും, ശമ്പളം പോലും നല്‍കാതെയും പലരും പീഡനങ്ങള്‍ക്കിരയായി.
2 ലക്ഷം രൂപ വിസക്ക് നല്‍കി ഗള്‍ഫിലെത്തിയ തനിക്ക് അറബിയുടെ കീഴില്‍ 1200 റിയാല്‍ ശമ്പളത്തിന് വിവിധ ജോലികള്‍ ചെയ്യേണ്ടി വന്നെന്നും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ പോലീസില്‍ അഭയം പ്രാപിക്കുകയായിരുന്നുവെന്നും മണ്ണാര്‍ക്കാട് സ്വദേശി ഷാജഹാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. പീഡനങ്ങളുടെയും യാതനകളുടെയും അനുഭവങ്ങളാണ് മടങ്ങിയെത്തിയ ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നത്. യാത്ര രേഖകള്‍ നഷ്ടപ്പെട്ട ഇവരില്‍ പലര്‍ക്കും ഇന്ത്യന്‍ എംബസിയില്‍ നിന്നും നല്‍കിയ പ്രത്യേക എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിലാണ് ജന്മനാട്ടിലേക്ക് മടങ്ങാനായത്. വിമാനത്താവളത്തിലെത്തിയ നോര്‍ക്ക ഉദ്യോഗസ്ഥര്‍ അന്യസംസ്ഥാനക്കാര്‍ ഉല്‍പ്പെടെയുള്ളവര്‍ക്ക് 2000 രൂപ വീതം വിതരണം ചെയ്തു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ വിവിധ പ്രവാസി സംഘടനകള്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് വേഗത്തില്‍ ജയില്‍ മോചനത്തിനും ജന്മനാട്ടില്‍ തിരികെയെത്താനും വഴിയൊരുങ്ങിയത്. സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കം, ഹബീബ് എലംകുളം എന്നിവര്‍ വിമാനത്തില്‍ ഇവരെ അനുഗമിച്ചിരുന്നു. ഒ ഐ സി സി പ്രതിനിധി ഇസ്മഇല്‍ എരുമേലി സ്വീകരിക്കാന്‍ വിമാനത്താവളത്തിലും എത്തിയിരുന്നു. ഒരാഴ്ച മുമ്പ് സഊദി ജയിലില്‍ നിന്നും മോചിതരായ 35 ഇന്ത്യക്കാര്‍ നെടുമ്പാശ്ശേരി വഴി ജന്മനാട്ടില്‍ തിരിച്ചെത്തിയിരുന്നു.