സ്വര്‍ണ വില ചാഞ്ചാട്ടത്തില്‍; കുരുമുളക് വില താഴേക്ക്

Posted on: August 10, 2015 6:00 am | Last updated: August 9, 2015 at 11:44 pm
SHARE

downloadകേരളത്തില്‍ സ്വര്‍ണ വില ചാഞ്ചാടി. ചിങ്ങം അടുത്തതോടെ ആഭരണ കേന്ദ്രങ്ങളില്‍ തിരക്ക്. വെളിച്ചെണ്ണ ഓണ വില്‍പ്പനക്ക് ഒരുങ്ങി. ആവശ്യക്കാര്‍ കുറഞ്ഞതോടെ കുരുമുളകിനും തിരിച്ചടി. ചുക്ക് വില താഴ്ന്നു. വ്യവസായികളുടെ പിന്‍മാറ്റം റബ്ബറിന് തിരിച്ചടിയായി.

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില കയറി ഇറങ്ങി. പവന്‍ 18,920 രൂപയില്‍ നിന്ന് 18,720 ലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 18,880 ലാണ്. ഒരു ഗ്രാമിന്റെ വില 2,360 രൂപ. ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിന് 1092 ഡോളറിലാണ്. 1999 ന് ശേഷം ആദ്യമായാണ് തുടര്‍ച്ചയായി ഏഴ് ആഴ്ചകളില്‍ സ്വര്‍ണ വില ഇടിയുന്നത്.
ഓണ വില്‍പ്പനക്ക് ഒരുങ്ങുകയാണ് വെളിച്ചെണ്ണ വിപണി. ചിങ്ങത്തിലെ വന്‍ വില്‍പ്പന മുന്നില്‍ കണ്ട് മില്ലുകാര്‍ വന്‍തോതില്‍ വെളിച്ചെണ്ണ ഒരുക്കിയിട്ടുണ്ട്. അതേസമയം വ്യവസായികള്‍ കൊപ്ര സംഭരണം കുറച്ചതോടെ വില 7,930 ല്‍ നിന്ന് 7,870 ലേക്ക് താഴ്ന്നു. വെളിച്ചെണ്ണ പ്രദേശിക ഡിമാന്റിന്റെ മികവില്‍ വാരാന്ത്യം 11,700 ലാണ്.
കുരുമുളക് കയറ്റുമതിക്കാര്‍ ചരക്ക് സംഭരണം പുര്‍ത്തിയാക്കി താല്‍ക്കാലികമായി രംഗം വിട്ടു. ടെര്‍മിനല്‍ വിപണിയില്‍ കുരുമുളകിന് പെടുന്നനെ ആവശ്യം കുറഞ്ഞത് വില ഇടിവിന് കാരണമായി. വിപണിയിലെ തളര്‍ച്ച കണ്ട് അന്തര്‍സംസ്ഥാന വ്യാപാരികളും ചരക്ക് സംഭരണം കുറച്ചതോടെ 1,300 രൂപ ഇടിഞ്ഞു. 66,300 ല്‍ നിന്ന് ഗാര്‍ബിള്‍ഡ് കുരുമുളക് വാരാവസാനം 65,000 രൂപയായി. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 62,000 രൂപ. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 10,950 ഡോളറാണ്. വിയറ്റ്‌നാമും ഇന്തോനേഷ്യയും ബ്രസീലും കുരുമുളക് വില്‍പ്പനക്ക് ഇറക്കുന്നുണ്ട്.
ഉത്തരേന്ത്യയില്‍ നിന്ന് ചുക്കിന് ആവശ്യം ചുരുങ്ങിയത് വിലയെ ബാധിച്ചു. എന്നാല്‍ വിവിധ വിദേശ രാജ്യങ്ങളുമായി കരാറുകള്‍ ഉറപ്പിച്ചവര്‍ ചുക്കിലെ താല്‍പര്യം നിലനിര്‍ത്തി. പച്ച ഇഞ്ചി വില ഉയര്‍ന്ന തലങ്ങളില്‍ നീങ്ങുന്നത് ചുക്ക് വിപണിക്ക് താങ്ങ് പകരും. വാരാന്ത്യം മീ ഡിയം ചുക്ക് 22,750 രൂപയിലും ബെസ്റ്റ് ചുക്ക് 23,750 രൂപയിലുമാണ്.
രാജ്യത്തെ പ്രമുഖ ടയര്‍ കമ്പനികള്‍ വിദേശ റബ്ബറില്‍ താല്‍പര്യം നിലനിര്‍ത്തിയത് ആഭ്യന്തര വിപണിയെ തളര്‍ത്തി. ടയര്‍ നിര്‍മാണത്തിന് ആവശ്യമായ ആര്‍ എസ് എസ് നാലാം ഗ്രേഡ് റബ്ബര്‍ വില 300 രൂപ പിന്നിട്ടവാരം കുറഞ്ഞു. ശനിയാഴ്ച നാലാം ഗ്രേഡ് ഷീറ്റ് വില 11,900 രൂപയിലാണ്. കൊച്ചിയില്‍ ആകെ 300 ടണ്‍ റബ്ബര്‍ മാത്രമാണ് പോയ വാരം വില്‍പ്പനക്ക് വന്നത്.
ജപ്പാനില്‍ റബ്ബര്‍ വില തുടര്‍ച്ചയായ മുന്നാം വാരത്തിലും ഇടിഞ്ഞു. പിന്നിട്ട അഞ്ച് ദിവസത്തിനിടയില്‍ ടോക്കോമില്‍ റബ്ബറിന് അഞ്ച് ശതമാനം വിലത്തകര്‍ച്ച നേരിട്ടു. ആഗോള റബ്ബര്‍ വിപണി രണ്ടാം മാസമായി ശക്തമായ വില്‍പ്പന സമ്മര്‍ദത്തെ അഭിമുഖീകരിക്കുകയാണ്. ജൂലൈയില്‍ ടോക്കോമില്‍ റബ്ബര്‍ വില ഏഴ് ശതമാനം ഇടിഞ്ഞതിന്റെ ചുവട് പിടിച്ച് ചൈന, സിംഗപ്പുര്‍ മാര്‍ക്കറ്റുകളിലും ഇന്ത്യയിലും റബ്ബറിന് തിരിച്ചടി നേരിട്ടു.