Connect with us

Kerala

സാമ്പത്തിക പ്രതിസന്ധി ഇന്നത്തെ പി എസ് സി യോഗം ചര്‍ച്ച ചെയ്യും

Published

|

Last Updated

തിരുവനന്തപുരം: പി എസ് സിക്ക് ധനവകുപ്പ് ഏര്‍പ്പെടുത്തിയ സാമ്പത്തികനിയന്ത്രണത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി ഇന്ന് ചേരുന്ന കമ്മീഷന്‍ വീണ്ടും ചര്‍ച്ച ചെയ്യും. വിഷയത്തില്‍ ധനമന്ത്രി കെ എം മാണിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലോപ്പസ് മാത്യു അധ്യക്ഷനായ മൂന്നംഗ ഉപസമിതി കമ്മീഷനില്‍ വിശദീകരിക്കും. പി എസ് സിക്കുമേല്‍ ധന വകുപ്പ് യാതൊരു സാമ്പത്തിക നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഉപസമിതി അംഗങ്ങളെ ധനമന്ത്രി അറിയിച്ചത്. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ ബില്ലുകള്‍ മാറുന്നതിനായി ട്രഷറിയെ സമീപിക്കാനാണ് പി എസ് സിയുടെ തീരുമാനം.
ട്രഷറിയില്‍ ശമ്പള വിതരണത്തിനു ശേഷം ചൊവ്വാഴ്ച മുതല്‍ മറ്റ് ബില്ലുകള്‍ സമര്‍പ്പിക്കും. ഇന്റര്‍വ്യൂ നടത്താനെത്തിയ വിഷയ വിദഗ്ധര്‍ക്കും ഇന്‍വിജിലേറ്റര്‍മാര്‍ക്കും നല്‍കേണ്ട യാത്രാബത്തയും അലവന്‍സും സംബന്ധിച്ച ബില്ലുകളാണ് കൂടുതലായും മാറാതെ കിടക്കുന്നത്. പി എസ് സിയുടെ പരീക്ഷാ ചെലവിനുള്ള ഹെഡില്‍ ഇനി 1.97 കോടി രൂപ മാത്രമാണു ബാക്കിയുള്ളത്. പരീക്ഷാ നടത്തിപ്പിനായി 9.25 കോടി രൂപ കൂടി കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ തുക സര്‍ക്കാര്‍ അനുവദിക്കുമെന്നാണ് കമ്മീഷന്റെ പ്രതീക്ഷ. പി എസ് സി സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ ധനമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെലവ് ചുരുക്കലിനെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും 17ന് ചേരുന്ന യോഗം വിശദമായി ചര്‍ച്ച ചെയ്യും. ഒഴിവാക്കാന്‍ സാധിക്കുന്ന അനാവശ്യ ചെലവുകള്‍ പി എസ് സി ഉപസമിതി തന്നെ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, കേരളത്തിലെ പി എസ് സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെയര്‍മാന്‍മാര്‍ ഇന്നലെ തിരുവനന്തപുരത്തെത്തി. പശ്ചിമബംഗാള്‍, ഗോവ, തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് രണ്ട് ദിവസം കേരളത്തില്‍ സന്ദര്‍ശനം നടത്തുക. പി എസ് സിയുടെ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം, ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം, കമ്പ്യൂട്ടര്‍ സജ്ജീകരണങ്ങള്‍, ചട്ടങ്ങളും നിയമാവലിയും തുടങ്ങിയവയെക്കുറിച്ചാണ് സംഘം പഠനം നടത്തുക.
പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണനുമായി രാവിലെ ചര്‍ച്ച നടത്തുന്ന സംഘം ഇന്ന് ചേരുന്ന കമ്മീഷന്‍ യോഗത്തില്‍ അര മണിക്കൂര്‍ സംബന്ധിക്കും. ചെയര്‍മാന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇത്. ചെയര്‍മാന്‍മാര്‍ക്ക് പുറമേ ഐ ടി വിഭാഗം തലവന്‍മാരും സംഘത്തോടൊപ്പമെത്തിയിട്ടുണ്ട്. പി എസ് സിയുടെ നാല് ഓണ്‍ലൈന്‍ സെന്ററുകളിലും സംഘം സന്ദര്‍ശനം നടത്തും. ഈ നാല് സംസ്ഥാനങ്ങളിലും കേരളത്തിലെ പി എസ് സിയുടെ മാതൃക നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

Latest