Connect with us

Kerala

ഭിന്നശേഷിക്കാരോട് സര്‍ക്കാറിന് അവഗണന

Published

|

Last Updated

തിരുവനന്തപുരം: ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള അധ്യാപകരുടെ എണ്ണം വെട്ടിച്ചുരുക്കിയതു മൂലം ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലായിരിക്കയാണ്. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിലായി 1,54000 ഭിന്നശേഷിയുളള വിദ്യാര്‍ഥികളാണുള്ളത്. ഇവര്‍ക്കുള്ള 1,300 അധ്യാപകരില്‍ നിന്ന് 500 പേരെ ഒഴിവാക്കിയതാണ് ഇവരുടെ പഠനം അവതാളത്തിലാക്കുന്നത്.
എസ് എസ് എയുടെ കീഴില്‍ റിസോഴ്‌സ് അധ്യാപകരാണ് ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനപരിശീലനം നല്‍കുന്നത്. 2003 മുതല്‍ ഈ മേഖലയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടന്നിരുന്നത്. എന്നാല്‍ ഈ അധ്യയന വര്‍ഷം റിസോഴ്‌സ് അധ്യാപകരെ എസ് എസ് എ നിയമിച്ചിട്ടില്ല. നിലവിലുള്ള 1300 അധ്യാപകരില്‍ നിന്ന് അഞ്ഞൂറോളം അധ്യാപകരെ വെട്ടിച്ചുരുക്കുകയും ചെയ്തു. ഇതോടെ നിര്‍ധന കുടുംബങ്ങളിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ പഠനം താളം തെറ്റിയിരിക്കുകയാണ്. അന്ധര്‍, ബധിരര്‍, മൂകര്‍, കാഴ്ച്ചക്കുറവുള്ളവര്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഒന്നിലധികം വൈകല്യങ്ങള്‍ ബാധിച്ചവര്‍, മാനസിക വളര്‍ച്ചാ മാന്ദ്യം ബാധിച്ചവര്‍, ചലനേന്ദ്രിക വൈകല്യം ബാധിച്ചവര്‍, പഠനവൈകല്യം ബാധിച്ചവര്‍ തുടങ്ങി 12 ഓളം വൈകല്യമുള്ള കുട്ടികളെയാണ് ഭിന്നശേഷിയുള്ളവരായി പരിഗണിക്കുന്നത്. ഈ വിഷയങ്ങളില്‍ സെപ്ഷ്യല്‍ ബി എഡ് ഉള്ളവരെയാണ് റിസോഴ്‌സ് അധ്യാപകരായി എസ് എസ് എ നിയമിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി നടക്കുന്ന കരാര്‍ അടിസ്ഥാനങ്ങളിലുള്ള നിയമനം ഈ അധ്യയനവര്‍ഷം മുതല്‍ വേതനാടിസ്ഥാനത്തിലാണെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.
എസ് എസ് എയുടെ കണക്ക് പ്രകാരം ഓരോ എട് വിദ്യാര്‍ഥികള്‍ക്കുമായി ഒരു അധ്യാപകന്‍ വേണമെന്നതാണ്. 1,54000 വിദ്യാര്‍ഥികള്‍ക്ക് 18,750 അധ്യാപകര്‍ ആവശ്യമുള്ളയിടത്താണ് 1300 അധ്യാപകരെ സര്‍ക്കാര്‍ നിയമിച്ചിരുന്നത്. അതില്‍ നിന്നും അഞ്ഞൂറുപേരെ കൂടി വെട്ടിക്കുറച്ചതോടെ വിദ്യാര്‍ഥികളുടെ പഠനം സംബന്ധിച്ചുള്ള പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. വീടുകളില്‍ അവശരായി കിടക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഹോംബെയ്‌സ് എഡ്യുക്കേഷന്‍, രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്സുകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പുകള്‍, പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കുള്ള പരിശീലനം തുടങ്ങി എസ് എസ് എയുടെ എല്ലാ ചുമതലകളും റിസോഴ്‌സ് അധ്യാപകരാണ് നിര്‍വ്വഹിക്കുന്നത്. ഇതിനു പുറമെ ഓരോ ജില്ലയിലേയും ഓട്ടിസം സെന്ററുകളുടെ ചുമതലയും ഇവര്‍ക്കാണ്.
എന്നാല്‍ അധ്യാപകരുടെ എണ്ണത്തില്‍ നടത്തിയ വെട്ടിച്ചുരുക്കല്‍ ഈ കുട്ടികളോടുള്ള സര്‍ക്കാരിന്റെ കടുത്ത അവഗണനയാണ്. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട ഇംഗ്ലൂസീവ് എഡ്യുക്കേഷന്‍ നല്‍കാതെ സര്‍ക്കാര്‍ ഇവര്‍ക്കായി പ്രത്യേകം എയ്ഡഡ് സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ റിസോഴ്‌സ് അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മെയ് മാസത്തില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ നിരാഹാര സത്യാഗ്രഹവും നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ജൂണില്‍ അധ്യാപകരെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാഴ്‌വാക്കാവുകയായിരുന്നു. ഈ സാഹചര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാര്‍ഥികളോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിച്ച് റിസോഴ്‌സ് അധ്യാപകരെ പുനര്‍നിയമിക്കണമെന്നതാണ് പരക്കെ ഉയര്‍ന്നുവരുന്ന ആവശ്യം.