Connect with us

Sports

അമരാവതി റവന്യൂ ഭൂമിയില്‍ കുടില്‍കെട്ടി സമരം

Published

|

Last Updated

മുണ്ടക്കയം: ഭൂരഹിത കേരളം പദ്ധതിയില്‍പ്പെടുത്തി സര്‍ക്കാര്‍ നല്‍കിയ സ്ഥലം വാസയോഗ്യമല്ലെന്നാരോപിച്ച് 13 കുടുംബങ്ങള്‍ റവന്യൂഭൂമി കൈയേറി കുടില്‍കെട്ടി. മുണ്ടക്കയം ഗ്രാമപ്പഞ്ചായത്തിലെ അമരാവതിയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു സമരം. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 13 കുടുംബങ്ങള്‍ അമരാവതി- പുഞ്ചവയല്‍ പാതയോരത്തുള്ള റവന്യൂ ഭൂമി കൈയേറി താമസമാരംഭിക്കുകയായിരുന്നു. ഉച്ചക്ക് 12 ഓടെ കാഞ്ഞിരപ്പള്ളി തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ താത്കാലിക പരിഹാരമുണ്ടായതിനെ തുടര്‍ന്ന് കൈയേറ്റക്കാര്‍ തന്നെ കുടിലുകള്‍ പൊളിച്ചുനീക്കി. കോരുത്തോട് വില്ലേജിലെ മടുക്ക ചകിരിമേട്ടില്‍ ഭൂരഹിത കേരളം പദ്ധതിയില്‍പ്പെടുത്തി ഭൂമി ലഭിച്ചവരാണ് അവിടെ ജീവിക്കാനാകില്ലെന്ന് ആരോപിച്ച് സ്ഥലം ഉപേക്ഷിച്ച് അമരാവതിയില്‍ വന്ന് സ്ഥലം കൈയേറിയത്.
2013ലാണ് 56 പേര്‍ക്ക് മടുക്ക ചകിരിമേട്ടില്‍ കാടുപിടിച്ചു കിടന്നിരുന്ന സ്ഥലം വെട്ടിത്തെളിച്ച് മൂന്ന് സെന്റ് വീതം നല്‍കിയത്. ഇവിടെ വീടുവെച്ചു താമസമാരംഭിച്ചവര്‍ പിന്നീട് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് താമസം മാറുകയായിരുന്നു. ജലക്ഷാമം രൂക്ഷമായ ഇവിടെ മടുക്കയിലെത്തിയ ശേഷം ബസില്‍ യാത്ര ചെയ്താണ് പലരും അലക്കാനും കുളിക്കാനും പോയിരുന്നത്. ഇവിടെ പാമ്പുകളുടെ ശല്യവും രൂക്ഷമായിരുന്നു. നിരവധി തവണ അധികാരികളെ സമീപിച്ച് ഫലമുണ്ടാവാതെ വന്നപ്പോഴാണ് ഇവര്‍ അമരാവതിയിലെത്തി കുടില്‍കെട്ടിയത്. അമരാവതി- പുഞ്ചവയല്‍ പാതയോരത്തുള്ള റവന്യൂ ഭൂമി 17 പേര്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കാനായി അധികൃതര്‍ അളന്നുതിരിച്ചിരുന്നു. കോളനി വരുന്നത് ഒഴിവാക്കാന്‍ സമീപവാസികള്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. ഈ സ്ഥലമാണ് കൈയേറി കുടില്‍ കെട്ടിയത്. വിവരം അറിഞ്ഞ് കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ കെ പി ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ജയചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ തടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ റവന്യൂ സംഘം സമരക്കാരുടെ പ്രതിനിധികളുമായി സംസാരിച്ചു. ചൊവ്വാഴ്ച കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ സൗകര്യമൊരുക്കുകയും ചെയ്യാമെന്നു ഉറപ്പുനല്‍കുകയായിരുന്നു. ഇത് സമ്മതിച്ച സമരക്കാര്‍ കുടിലുകള്‍ പൊളിച്ചു നീക്കുകയായിരുന്നു.

---- facebook comment plugin here -----

Latest