Connect with us

Health

അര്‍ബുദ പ്രതിരോധം: സുകൃതം പദ്ധതി വിപുലമാക്കുന്നു

Published

|

Last Updated

തൃശൂര്‍: ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുക്കുന്ന അര്‍ബുദത്തിനെതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ സുകൃതം പദ്ധതി വിപുലമാക്കുന്നു. അര്‍ബുദ വ്യാപനം അനുദിനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതിനെതിരായ നീക്കം ആരോഗ്യ വകുപ്പ് ഊര്‍ജിതമാക്കുന്നത്. നിലവില്‍ ഒന്നര ലക്ഷത്തോളം അര്‍ബുദ രോഗികള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. ഓരോ വര്‍ഷവും അമ്പതിനായിരത്തില്‍പ്പരം രോഗികള്‍ കേരളത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ബോധവത്കരണം, മുന്‍കൂര്‍ രോഗനിര്‍ണയം, ചികിത്സ, സ്വാന്തന ചികിത്സ, പുതിയ പഠനങ്ങള്‍ എന്നിവ നടത്താനാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്.
സുകൃതം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ആര്‍ സി സി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ബി പി എല്‍ കുടുംബങ്ങള്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലുള്ളവര്‍, ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട സാക്ഷ്യപത്രം കൈവശമുള്ളവര്‍ എന്നിവര്‍ക്ക് സൗജന്യ ചികിത്സ നേരത്തെതന്നെ ലഭ്യമാക്കിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമെന്നോണം 35 ലക്ഷം കുടുംബങ്ങള്‍ക്ക് ചികിത്സാ സഹായം എത്തിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ സഹകരണത്തോടെ നടന്നുവരുന്ന സ്വാസ്ഥ്യം പദ്ധതിയുടെ രണ്ടാം ഘട്ടവും ഉടന്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഈ പദ്ധതി വിപുലമാക്കിയാല്‍ കുടുംബശ്രീയും തിരുവനന്തപുരം ആര്‍ സി സിയും സംയുക്തമായി ക്യാന്‍സര്‍ ബോധവത്കരണ, പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
അര്‍ബുദം തടയുക, രോഗബാധയുണ്ടായാല്‍ നേരത്തെ ചികിത്സിക്കുക, രോഗവിമുക്തി നേടാനാകാത്തവര്‍ക്ക് സാന്ത്വന ചികിത്സയിലൂടെ ശിഷ്ട ജീവിതം വേദനാരഹിതമാക്കുക എന്നീ കാര്യങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മികച്ച സേവനം കാഴ്ചവെക്കാനാകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി കുടുംബശ്രീ സന്നദ്ധ പ്രവര്‍ത്തര്‍ക്ക് പരിശീലനവും നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആര്‍ സി സിയുടെയും ദേശീയ ഗ്രാമീണ ദൗത്യത്തിന്റെയും സഹകരണത്തോടെ കഴിഞ്ഞ ലോക അര്‍ബുദ ദിനത്തില്‍ തുടക്കം കുറിച്ച ക്യാന്‍സര്‍ ബോധന നിയന്ത്രണ ചികിത്സാ പദ്ധതി പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ നടന്നുവരുന്നുണ്ട്.
പ്രധാനമായും സംസ്ഥാനത്ത് സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം, പുരുഷന്മാരില്‍ അധികമായി കണ്ടുവരുന്ന വായയിലെ അര്‍ബുദം എന്നിവ പ്രതിരോധിക്കുന്നതിനാണ് ഈ പദ്ധതി ഊന്നല്‍ നല്‍കുന്നത്. ഇവ തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ ലളിതവും ചെലവ് ചുരുങ്ങിയതുമായ ചികിത്സയിലൂടെ 90 ശതമാനത്തോളം പൂര്‍ണമായും ചികിത്സിച്ച് മാറ്റാമെന്നാണ് ഈ രംഗത്തെ ഡോക്ടര്‍മാര്‍ പറയുന്നത്. ഈ പദ്ധതി മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ച് ഏഴ് ലക്ഷം പേര്‍ക്ക് സഹായമെത്തിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ അര്‍ബുദ ചികിത്സാ വിഭാഗത്തിന് മിനി ആര്‍ സി സി പദവി ലഭിച്ച സാഹചര്യത്തില്‍ ആലപ്പുഴ, തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ കൂടി ഇത് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ ചികിത്സാ വിഭാഗത്തിന്റെ വികസനത്തിന് 45 കോടിയും തൃശൂര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ ലീനിയര്‍ ആക്‌സിലറേറ്റര്‍ വാങ്ങുന്നതിനായി 35 കോടിയും സര്‍ക്കാര്‍ അനിവദിച്ചിട്ടുണ്ട്. ഇതിനു പുറമെ, മധ്യകേരളത്തില്‍ ക്യാന്‍സര്‍ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടും റിസര്‍ച്ച് സെന്ററും സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. അര്‍ബുദത്തെ പ്രാരംഭദശയില്‍ കണ്ടുപിടിക്കുന്നതിനും സൗജന്യ ചികിത്സ നല്‍കുന്നതിനുമായി സര്‍ക്കാറും തൃശൂര്‍ ജില്ലാ പഞ്ചായത്തും തൃശൂര്‍ മെഡിക്കല്‍ കോളജ് ക്യാന്‍സര്‍ വിഭാഗവും സംയുക്തമായി നടപ്പിലാക്കുന്ന ജീവസ്പര്‍ശം പദ്ധതിക്കും ഇന്നലെ തുടക്കമായിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ രോഗികള്‍ക്കാണ് പദ്ധതി ഉപകാരപ്രദമാവുകയെങ്കിലും ഘട്ടം ഘട്ടമായി മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചേക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ ജില്ലാ ശുപത്രിയില്‍ ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വഹിച്ചു. നേരത്തെ തിരുവനന്തപുരം ആര്‍ സി സി, കണ്ണൂര്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, എറണാകുളം ജനറല്‍ ആശുപത്രി, അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ മാത്രമായിരുന്നു അര്‍ബുദ ചികിത്സാ സൗകര്യമുണ്ടായിരുന്നത്. 2013ല്‍ തുടക്കം കുറിച്ച ജില്ലാ ക്യാന്‍സര്‍ കെയര്‍ പദ്ധതിയിലൂടെയാണ് മറ്റ് ജില്ലകളിലും അര്‍ബുദ ചികിത്സാ സൗകര്യം എര്‍പ്പെടുത്തിയത്. ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ കൂടി ക്യാന്‍സര്‍ കെയര്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Latest