Connect with us

Sports

ഇന്ത്യക്ക് എ ക്ലാസ് ജയം

Published

|

Last Updated

ചെന്നൈ: ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ എക്ക് തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക എ യെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യ ബോണസ് പോയിന്റും സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 74 പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഓപണര്‍മാരായ മായങ്ക് അഗര്‍വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും (130) ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദിന്റെ അര്‍ധ സെഞ്ച്വറിയുമാണ് (90) ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.അഗര്‍വാളാണ് മാന്‍ ഓഫ് ദ മാച്ച്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ അനായാസമായി നേരിട്ട ഇരുവരും ഓപണിംഗ് വിക്കറ്റില്‍ 219 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എല്‍ഗാറിന്റെ പന്തില്‍ എല്‍ ബിയില്‍ കുടുങ്ങി ഉന്‍മുക്ത് പുറത്താകുമ്പോള്‍ 34.4 ഓവറില്‍ 219 റണ്‍സ് എന്ന നിലയിലായരുന്നു ഇന്ത്യ.
122 പന്തില്‍ 16 ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടെയാണ് അഗര്‍വാള്‍ 130 റണ്‍സെടുത്തത്. 94 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഉന്‍മുക്തിന്റെ ഇന്നിംഗ്‌സ്. മനീഷ് പാണ്ഡെ(9), കരുണ്‍ നായര്‍ (4) എന്നിവര്‍ പുറത്താകാതെ നിന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്വിന്റന്‍ ഡി കോക്കിന്റെ (108) സെഞ്ചുറിയും ഡെയ്ന്‍ വിലാസിന്റെ (50) അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പത്തോവറില്‍ 49 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ റിഷി ധവാന്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സന്ദീപ് ശര്‍മ 46 റണ്‍ വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ധവാല്‍ കുല്‍ക്കര്‍ണി, കരണ്‍ ശര്‍മ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആസ്‌ത്രേലിയയോടെ തോറ്റിരുന്നു.

 

ഇന്ത്യന്‍ താരം ദക്ഷിണാഫ്രിക്കക്കായി കളത്തിലിറങ്ങി

mandeep-647_080915071514മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഇന്ത്യന്‍ താരം പകരക്കാരനായി കളിക്കളത്തിലിറങ്ങിയത് കാണികള്‍ക്ക് കൗതുക കാഴ്ചയായി. ഇന്ത്യയുടെ മന്‍ദീപ് സിംഗാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളത്തിലിറങ്ങിയത്. റിസര്‍വ് ബെഞ്ചിലുള്ള നാല് പേര്‍ പരുക്കിന്റെ പിടിയിലായതോടെ ദക്ഷിണാഫ്രിക്ക “ഇന്ത്യ”യുടെ സഹായം തേടുകയായിരുന്നു.
ഒടുവില്‍ ദക്ഷിണാഫ്രിക്കന്‍ ജേഴ്‌സിയണിഞ്ഞ് മന്‍ദീപ് കളത്തിലേക്ക്. ഇന്ത്യയുടെ അന്തിമ ഇലവനില്‍ മന്ദീപ് സിംഗിന് ഇടം ലഭിച്ചിരുന്നില്ല. ക്രിക്കറ്റില്‍ ഇത്തരം വിചിത്രമായ സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. അരങ്ങേറുന്നതിന് മുമ്പ് സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഒരിക്കല്‍ പാക്കിസ്ഥാന് വേണ്ടി ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങിയിരുന്നു.

Latest