Connect with us

Kerala

വെള്ളാപ്പള്ളക്കെതിരെ രൂക്ഷവിമര്‍ശവുമായി പിണറായി

Published

|

Last Updated

തിരുവനന്തപുരം: എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശവുമായി സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. ഒപ്പം ആളുണ്ടെന്ന് തെറ്റിദ്ധരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തൊട്ടുകളിക്കരുതെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പാര്‍ട്ടിയെ തൊട്ട് കളിച്ചാല്‍ അനുഭവിച്ചറിയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തെഗാഡിയയെ അവതാര പുരുഷനാക്കി കൊണ്ടുവരാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. ആര്‍ എസ് എസ് മുന്‍പും ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഏജന്റുമാരുടെ പ്രവര്‍ത്തനം അന്നൊന്നും വിലപ്പോയിട്ടില്ല. അരുവിക്കരയിലെ പരാജയത്തിന് മറ്റൊരു സംഘടനയേയും പഴിചാരുന്നില്ലെന്നും പിണറായി വ്യക്തമാക്കി.
എസ് എന്‍ ഡി പി – ബി ജെ പിയോട് അടുക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി എസ് എന്‍ ഡി പി – സിപിഎം വാഗ്വാദം നടക്കുകയാണ്. എസ് എന്‍ ഡി പി യോഗത്തിനെതിരെ പലപ്പോഴും സി പി എമ്മിന്റെ ഭാഗത്തുനിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷം ബിജെപിയുമായി എസ്എന്‍ഡിപി അടുക്കുകയാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സിപിഎം നടത്തിയിരുന്നു.
ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വെള്ളാപ്പള്ളി നടത്തിയിരുന്നത്. കോണ്‍ഗ്രസുകാരും ബിജെപിക്കാരും ഭൂരിപക്ഷമുള്ള എന്‍എസ്എസിനെ താലോലിക്കുകയാണ് സിപിഎം. അപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന സമീപനമാണ് സിപിഎമ്മിന്റേത്. എസ്എന്‍ഡിപിയെ ചവിട്ടിത്താഴ്ത്തുകയാണ് എന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Latest