Connect with us

National

ബീഹാറില്‍ ഇനിയും കാട്ടുഭരണം വന്നാല്‍ എല്ലാം നശിക്കുമെന്ന് മോദി

Published

|

Last Updated

ഗയ: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ജെ ഡി(യു)വിനും ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിക്കും നേരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ബീഹാറില്‍ ഇനിയും കാട്ടുഭരണം വന്നാല്‍ എല്ലാം നശിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബി ജെ പി അധികാരത്തില്‍ വന്നാല്‍ മാത്രമെ ബിഹാറില്‍ വികസനവും ആധുനീകരണവും സാദ്ധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ ഗയയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനത്തെിയപ്പോഴാണ് മോദി നിതീഷ് – ലാലു സഖ്യത്തിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണെന്നും മോദി ഓര്‍മിപ്പിച്ചു.

ഇന്ത്യയില്‍ നടക്കുന്നത് ട്വിറ്റര്‍ ഭരണം മാത്രമാണെന്ന് പറഞ്ഞ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിരിച്ചടിച്ചതോടെ ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പിടിച്ചിരിക്കുകയാണ്.
കഴിഞ്ഞ കാല്‍ നൂറ്റാണ്ട് ജെ.ഡി(യു)വിന്റെ അഹങ്കാരവും ചതിയും ചൂഷണവും നിങ്ങള്‍ സഹിച്ചു. അത് ഇനിയും അഞ്ചു വര്‍ഷം കൂടി സഹിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ. ബിഹാറില്‍ ഇതുവരെ നിങ്ങള്‍ കണ്ടതെല്ലാം കാടത്ത ഭരണമായിരുന്നു, വീണ്ടും ഒരിക്കല്‍ കൂടി അത് തുടരാന്‍ നിങ്ങള്‍ അനുവദിച്ചാല്‍ സംസ്ഥാനത്തിന്റെ വന്‍ നാശമായിരിക്കും ഫലം മോദി പറഞ്ഞു.
എന്നാല്‍ മോദിക്ക് തക്ക മറുപടിയുമായി നിതീഷ് കുമാറും രംഗത്തത്തെി. 2002ലെ ഗുജറാത്ത് കലാപനാളില്‍ രാജ്യധര്‍മം പാലിക്കാന്‍ വാജ്‌പേയി മോദിക്ക് നല്‍കിയ ഉപദേശം ഇന്ത്യ ഇപ്പോഴും ഓര്‍ക്കുന്നുവെന്ന് നിതീഷ് തിരിച്ചടിച്ചു. ബി ജെ പി പ്രസിഡന്റ് അമിത് ഷാ ജയിലില്‍ നിന്നും എന്ത് പഠിച്ചുവെന്ന് വ്യക്തമാക്കാന്‍ മോദി തയാറാകണം. ബി ജെ പിക്കുള്ളത് ട്വിറ്റര്‍ ഭരണം മാത്രമാണെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ സമയമില്ലെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററിലൂടെ തന്നെയായിരുന്നു നിതീഷ് കുമാറും പ്രതികരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മോദി ഇന്ത്യയിലെ കര്‍ഷകര്‍ക്കായി എന്താണ് ചെയ്തത് ? ഒന്നും ചെയ്തിട്ടില്ല. ഉല്‍പന്നങ്ങള്‍ക്ക് മാന്യമായ വിലയെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കാന്‍ വേണ്ട നടപടികള്‍ മോദി ചെയ്യണമെന്നും നിതീഷ് പറഞ്ഞു.