തഅ്മീറിന്റെ പണിശാല മാറുന്നു; ‘സല്ലാജ്’ നോക്കുകുത്തി

Posted on: August 9, 2015 7:05 pm | Last updated: August 9, 2015 at 7:05 pm
SHARE

IMG_20150719_060039
ദിബ്ബ: ഫുജൈറ-ദിബ്ബ റൂട്ടിലെ ദദ്‌ന പാതയോരത്ത് തഅ്മീര്‍ മുഹമ്മദ് പത്ത് വര്‍ഷം മുമ്പ് സ്ഥാപിച്ച ‘സല്ലാജ്’ ഇനി ഓര്‍മയാവും. കുടിവെള്ളം സംഭരിച്ച് വെച്ച് സല്ലാജിലൂടെ നാട്ടുകാര്‍ക്ക് തണുത്ത വെള്ളം കുടിക്കാനും കൊണ്ടുപോകാനും സൗകര്യമൊരുക്കിയ തഅ്മീര്‍ തന്റെ പണിശാല മാറ്റുന്നതോടെ ഈ സല്ലാജ് രംഗമൊഴിയും.
25 വര്‍ഷമായി ദദ്‌നയില്‍ മെക്കാനിക്കായി പണിശാല നടത്തിവരികയായിരുന്നു തഅ്മീര്‍ മുഹമ്മദ് എന്ന ഈജിപ്ത്തിലെ മന്‍സൂറ സ്വദേശി. നഗരസഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കട അടച്ച് സനാഇയ്യയിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതനായതിനെ തുടര്‍ന്നാണ് കുടിവെള്ള വിതരണത്തിന് മുടക്കം വന്നത്.
കൊടും ചൂടിലും തണുപ്പിലും ഇതുവഴി കടന്നുപോകുന്നവര്‍ക്കും തോട്ടം-കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്കും വലിയൊരനുഗ്രഹമായിരുന്നു ഈ കുടിവെള്ള സംഭരണി. ദദ്‌നയിലും പരിസരങ്ങളിലും താമസിക്കുന്ന തൊഴിലാളികളും മറ്റും കുപ്പികളിലും കാനുകളിലും വെള്ളം നിറച്ച് കൊണ്ടുപോകുന്നത് നിത്യക്കാഴ്ചയായിരുന്നു ഒരു വര്‍ഷം മുമ്പ് വരെയെന്ന് തഅ്മീര്‍ മുഹമ്മദ് ഓര്‍ക്കുന്നു.
ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് സനാഇയ്യയിലേക്ക് മാറ്റുന്നതോടെ നാട്ടുകാര്‍ക്ക് വേണ്ടി സ്ഥാപിച്ച കുടിവെളള സംഭരണി വഴി ദാഹജലം നല്‍കാനാകാതെ വിഷമിക്കുമ്പോഴും ഏതെങ്കിലും വിശാല മനസ്‌കര്‍ ഈ സല്ലാജ് വൃത്തിയാക്കി കുടിവെള്ളം ലഭ്യമാക്കാന്‍ സൗകര്യമൊരുക്കുമെന്ന ആശ്വാസത്തിലാണ് തഅ്മീര്‍ മുഹമ്മദ് സനാഇയ്യയിലേക്ക് തന്റെ വര്‍ക്ക്‌ഷോപ്പ് മാറ്റാനൊരുങ്ങുന്നത്.