Connect with us

Gulf

തൊഴിലന്വേഷകരോട് ഇത്തിരി കാരുണ്യം

Published

|

Last Updated



സന്ദര്‍ശക വിസയിലെത്തി തൊഴില്‍ തേടുന്നവര്‍ കുറഞ്ഞിട്ടില്ല. നാട്ടില്‍, തൊഴിലവസരങ്ങള്‍ ഏറെയുണ്ടെങ്കിലും, കനത്ത വരുമാനം നേടാന്‍ കഴിയുമെങ്കിലും ഗള്‍ഫില്‍ ജീവിതോപാധി എന്ന സ്വപ്‌നം പേറി നടക്കുന്നവര്‍ ധാരാളം. നാട്ടിലെ സാമൂഹികാന്തരീക്ഷം മലിനമാണ് എന്നതാകാം കാരണം. രാഷ്ട്രീയ, വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ വകതിരിവില്ലാതെ പോലീസ് നടപടി സ്വീകരിക്കുന്നതും കാരണമാകാം.
നാട്ടില്‍, വിശേഷിച്ച് മലബാര്‍ ഭാഗത്ത്, സര്‍ക്കാര്‍ ജോലിക്കാര്‍ക്കു മാത്രമെ പൊതു പരിരക്ഷ ലഭിക്കാറുള്ളു. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും കേസില്‍പെടുന്ന അവസ്ഥയാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വര്‍ഗീയത ഇളക്കിവിടുന്നവര്‍ ചുരുക്കം പേരാണ്. പക്ഷേ, സംഘര്‍ഷം വ്യാപിച്ചാല്‍ മുന്‍പിന്‍ നോക്കാതെ പോലീസ് കൂട്ടത്തോടെ പിടികൂടും. ധാരാളം നിരപരാധികള്‍ ഇതില്‍പെടും. അതേ സമയം, വര്‍ഗീയ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ യാതൊരു നടപടി സ്വീകരിക്കുകയുമില്ല.
വിദേശികള്‍ക്കും സൈ്വര ജീവിതം നയിക്കാമെന്നതാണ് ഗള്‍ഫിന്റെ ഒരു മേന്മ. അതാണ് നാടും വീടും വിട്ട് പലരും ഗള്‍ഫിലേക്ക് ചേക്കേറുന്നത്. ഗള്‍ഫില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞെങ്കിലും യുവതീയുവാക്കള്‍ എത്തിക്കൊണ്ടേയിരിക്കുന്നു. പലരും വേണ്ടത്ര തയ്യാറെടുപ്പോടെയല്ല വരുന്നത് എന്നതാണ് കഷ്ടം. ഇത് നിരാശക്ക് ഇടയാക്കുന്നു.
മികച്ച വിദ്യാഭ്യാസ യോഗ്യത, തൊഴിലില്‍ വൈദഗ്ധ്യം ഉണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും പ്രധാനമാണ്. നഴ്‌സുമാര്‍, പാചകക്കാര്‍, ആധുനിക സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് ഇപ്പോഴും സാധ്യതയുണ്ട്. നാട്ടില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് വഴി വരുകയാണെങ്കില്‍ വലിയ ചെലവില്ല. ഗള്‍ഫ് റിക്രൂട്ട്‌മെന്റിന്റെ പരസ്യം ഇപ്പോഴും നാട്ടിലെ പത്രങ്ങളില്‍ വ്യാപകം.
സന്ദര്‍ശക വിസയിലെത്തി ജോലി തേടുന്നവര്‍ക്ക് അല്‍പം പ്രയാസത്തിന് സാധ്യതയുണ്ട്. യു എ ഇയില്‍ എത്തിപ്പെടാന്‍ വിമാനടിക്കറ്റിനും വിസക്കും ഏതാണ്ട് 30,000 രൂപവരും. ഇവിടെ ഒരു കിടക്കയിടം ലഭിക്കണമെങ്കില്‍ പ്രതിമാസം 500 ദിര്‍ഹം അഥവാ 8,500 രൂപ കരുതണം. ഭക്ഷണം, യാത്ര തുടങ്ങിയവക്ക് 1000 ദിര്‍ഹം അഥവാ 17,000 രൂപ വേറെ വേണം. എല്ലാം കൂടി കുറഞ്ഞത് 75,000 രൂപ പോയിക്കിട്ടും.
വേള്‍ഡ് എക്‌സ്‌പോ 2020 മുന്നില്‍ കണ്ട് ദുബൈ, 2022 ലോകകപ്പ് ആതിഥേയത്വത്തിന്റെ പശ്ചാത്തലത്തില്‍ ദോഹ തുടങ്ങിയ നഗരങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അനവധി. പക്ഷേ, സ്ഥാപനങ്ങള്‍ വളരെ കരുതലോടെയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. എണ്ണയുടെ വിലയിടിവ് പ്രശ്‌നമായിരിക്കുന്നു. മിക്ക കമ്പനികളും കാത്തിരുന്ന് കാണാം എന്ന നിലപാട് സ്വീകരിക്കുന്നു.
യു എ ഇയിലെ എണ്ണ, പ്രകൃതി വാതക കമ്പനികള്‍ റിക്രൂട്ട്‌മെന്റ് ഏറെക്കുറെ നിര്‍ത്തിവെച്ചു. ജീവനക്കാരെ ആവശ്യമുണ്ട് എന്ന പരസ്യത്തില്‍ 19 ശതമാനം ഇടിവുവന്നു. നിര്‍മാണ മേഖലയില്‍ റിക്രൂട്ട്‌മെന്റ് 23 ശതമാനം കുറഞ്ഞു.
അതേ സമയം ഐ ടി, ടെലികോം മേഖല പ്രതീക്ഷക്ക് വക നല്‍കുന്നു. ഇവിടങ്ങളിലെ തൊഴില്‍ സാധ്യത അഞ്ചുശതമാനം വര്‍ധിച്ചിട്ടുണ്ട്. ചികിത്സാ മേഖലക്കും തളര്‍ച്ചയില്ല.
തൊഴില്‍ തേടുന്നവരെ സഹായിക്കുന്ന മനഃസ്ഥിതി കേരളീയര്‍ക്കുണ്ടായിരുന്നു. പ്രതിഫലേച്ഛയില്ലാതെ, ഉദ്യോഗാര്‍ഥികളെ കരപറ്റിക്കുന്ന നാടന്‍ മനസുകളുടെ പരിണിത ഫലമാണ് ഗള്‍ഫില്‍ ഇത്രയധികം മലയാളികള്‍. ജാതിയോ മതമോ കണക്കിലെടുക്കാതെ, യോഗ്യത നോക്കി തൊഴില്‍ തരപ്പെടുത്തിക്കൊടുക്കും. ഒരു കുടുംബം രക്ഷപ്പെട്ടോട്ടെയെന്ന് കരുതിയാണത്.
മികച്ച ബയോഡാറ്റ എങ്ങിനെ തയ്യാറാക്കാമെന്നത് സംബന്ധിച്ച് ക്ലാസെടുക്കുന്ന കൂട്ടായ്മകളും ഉണ്ടായിരുന്നു. അത്തരം നന്മകളെ തിരിച്ചുപിടിക്കേണ്ടതുണ്ട്.
കെ എം എ

Latest