യു എ ഇ ക്രിക്കറ്റ് ടീമില്‍ മലയാളി

Posted on: August 9, 2015 6:59 pm | Last updated: August 9, 2015 at 6:59 pm
SHARE

IMG_7016ദുബൈ: മലേഷ്യയിലെ കോലാലംപൂരില്‍ ഈ മാസം 28 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ നടക്കുന്ന എസിസി പ്രീമിയര്‍ കപ്പിനുള്ള യു എ ഇ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ മലയാളി വിദ്യാര്‍ഥിയും. ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് അഫ്‌സലാ(16)ണ് ടീമില്‍ ഇടംപിടിച്ച ഏക മലയാളി. മുഹമ്മദ് അഫ്‌സലടക്കം അഞ്ച് ഇന്ത്യന്‍ അംഗങ്ങള്‍ ഉള്‍പ്പെടുന്ന 14 അംഗ ടീം 25ന് മലേഷ്യയിലേ് പുറപ്പെടും. നാല് പാക്കിസ്ഥാന്‍, മൂന്ന് ശ്രീലങ്കന്‍, യു എ ഇ, ദക്ഷിണാഫ്രിക്ക ഒന്നു വീതം അടങ്ങുന്നതാണ് ടീം.
ചെറുപ്പം മുതലേ ക്രിക്കറ്റിനോട് അടങ്ങാത്ത അഭിനിവേശം പ്രകടിപ്പിച്ചിരുന്ന മുഹമ്മദ് അഫ്‌സല്‍ ഷാര്‍ജ യങ് ടാലന്റ്‌സ് ക്രിക്കറ്റ് അക്കാദമി(വൈ ടി സി എ)യില്‍ അഞ്ചാം വയസുമുതല്‍ പരിശീലനം നേടിയിരുന്നു. നേരത്തെ സ്‌കൂള്‍ ടീമില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 1996ല്‍ യുഎഇ ലോക കപ്പ് ടീമില്‍ അംഗമായിരുന്ന പാക്കിസ്ഥാന്‍ സ്വദേശി ഷഹ്‌സാദ് അല്‍ത്താഫാണ് മുഹമ്മദ് അഫ്‌സലിന്റെ പരിശീലകന്‍.
ദുബൈ കൊമേഴ്‌സ്യല്‍ ബാങ്ക് ജീവനക്കാരനും ക്രിക്കറ്റ് കളിക്കാരനുമായ തിരുവനന്തപുരം ചാക്ക സ്വദേശി മജീദ് ഷാജി മോന്‍-ഷാമില ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് മുഹമ്മദ് അഫ്‌സല്‍.
വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാനാണ്. സഹോദരങ്ങളായ മുഹമ്മദ് അജ്മല്‍, മുഹമ്മദ് അമീന്‍ എന്നിവരും ക്രിക്കറ്റ് കളിക്കാരാണ്.