Connect with us

Gulf

ജലസേചനം നിലച്ചതോടെ താമസ കേന്ദ്രത്തിലെ പച്ചപ്പ് നശിച്ചതായി താമസക്കാര്‍

Published

|

Last Updated

ദുബൈ: ഡിസ്‌കവറി ഗാര്‍ഡണിലെ സെന്‍ ക്ലസ്റ്ററില്‍ നട്ടുപിടിപ്പിച്ച ചെടികളും മരങ്ങളും പുല്‍ത്തകിടിയുമെല്ലാം ജലസേചന സംവിധാനം താറുമാറായതോടെ നശിച്ചതായി താമസക്കാര്‍. ഒരു വര്‍ഷത്തിനകമാണ് ഹരിതാഭമായിരുന്ന മേഖല മരുഭൂമിക്ക് സമാനമായി മാറിയിരിക്കുന്നതെന്ന് ഇവിടുത്തെ താമസക്കാര്‍ വ്യക്തമാക്കി. ആഡംബര താമസ കേന്ദ്രങ്ങള്‍ മോഹിച്ചെത്തിയവരാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. പച്ചപ്പ് നശിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ പരാതിപ്പെട്ടിട്ടും നിര്‍മാതാക്കളായ നഖീല്‍ അധികൃതര്‍ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും താമസക്കാര്‍ ആരോപിക്കുന്നു.
ജലസേചനം നടത്താനുള്ള ഓട്ടോമാറ്റിക് സംവിധാനം തകരാറിലായതോടെയാണ് കനത്ത ചൂടില്‍ ചെടികളും മരങ്ങളുമെല്ലാം ഉണങ്ങിയത്. താന്‍ ഉള്‍പെടെയുള്ള താമസക്കാര്‍ ഇതോടെ കടുത്ത നിരാശയിലായിരിക്കയാണെന്ന് താമസക്കാരനായ മിഥുന്‍ ചയനാനി(31) വ്യക്തമാക്കി. പച്ചപ്പും ഇവിടെ ഒരുക്കിയ പ്രകൃതിദൃശ്യങ്ങളുടെയും ഭംഗിയാണ് 2013ല്‍ താമസം ആരംഭിക്കാന്‍ സെന്‍ ക്ലസ്റ്റര്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഈ യുവാവ് പറഞ്ഞു.
കഴിഞ്ഞ 10 മാസമായി ജലസേചന സംവിധാനം പ്രവര്‍ത്തിക്കാത്തതാണ് മേഖലയുടെ ഭംഗി നഷ്ടപ്പെടാന്‍ ഇടയാക്കിയിരിക്കുന്നത്. പച്ചപ്പുണ്ടായിരുന്ന അവസരത്തില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ ഉള്‍പെടെ നല്ല സൗകര്യമായിരുന്നു. ഇപ്പോള്‍ ഈ അവസ്ഥ പൂര്‍ണമായും ഇല്ലാതായിരിക്കയാണ്. 12 വര്‍ഷത്തോളം വളര്‍ച്ച എത്തിയ മരങ്ങളാണ് ഇപ്പോള്‍ പൂര്‍ണമായും ഉണങ്ങിയേക്കാവുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ 10 മാസത്തിനിടയില്‍ ആഴ്ചയില്‍ എന്ന വണ്ണം നഖീല്‍ അധികൃതരുമായി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ വിളിച്ചുകൊണ്ടിരിക്കയാണെന്നും യാതൊരു നടപടിയും കമ്പനി സ്വീകരിക്കുന്നില്ലെന്നും ഇന്ത്യക്കാരനായ മിഥുന്‍ ആരോപിച്ചു. കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനായ മിഥുന്‍ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി തയ്യാറാവുന്നില്ലെങ്കില്‍ അടുത്ത മാര്‍ച്ചില്‍ താമസം മാറ്റാനുള്ള ഒരുക്കത്തിലാണ്. നിലവിലെ വാടക കരാര്‍ പുതുക്കേണ്ടത് മാര്‍ച്ചിലാണ്. 42,000 ദിര്‍ഹം വാര്‍ഷിക വാടകക്കാണ് ഇവിടെ സ്റ്റുഡിയോ ഫഌറ്റ് സ്വന്തമാക്കിയത്. പ്രകൃതിഭംഗിയോടുള്ള താല്‍പര്യമാണ് ഡിസ്‌കവറി ഗാര്‍ഡണില്‍ താമസം തുടങ്ങാന്‍ പ്രേരണയായത്. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ ഇതിലും കുറഞ്ഞ വാടകയില്‍ മികച്ച താമസം ലഭ്യമാണെന്നും മിഥുന്‍ പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ് ഇവിടെ ജലസേചന സംവിധാനം തകരാറിലായതെന്ന് താമസക്കാരിയായ 26 കാരിയും വ്യക്തമാക്കി. രണ്ടു വര്‍ഷം മുമ്പ് മേഖലയില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയപ്പോള്‍ ഇവിടെ ഒരുക്കിയ പ്രകൃതിഭംഗിയാണ് താമസം തുടങ്ങാന്‍ പ്രേരണയായത്. സെന്‍ ക്ലസ്റ്ററിലെ സ്ട്രീറ്റ് രണ്ടില്‍ മാത്രമാണ് ഈ പ്രശ്‌നമുള്ളതെന്നും അവര്‍ പറഞ്ഞു.

Latest