കടലില്‍ മരിച്ച യുവാവിനെക്കുറിച്ചുള്ള ദുരൂഹത നീങ്ങാതെ സ്വദേശി കുടുംബം

Posted on: August 9, 2015 6:56 pm | Last updated: August 9, 2015 at 6:56 pm
SHARE

&MaxW=640&imageVersion=default&AR-150809416

ഫുജൈറ: കടലില്‍ മീന്‍പിടിക്കാന്‍ പോയ യുവാവ് മരിച്ചതിലെ ദുരൂഹത നീങ്ങാതെ സ്വദേശി കുടുംബം. മുക്കുവനായ ജുമ സലിം അല്‍ ദന്‍ഹാനിയുടെ കുടുംബത്തിനാണ് ഇതുവരെയും കൃത്യമായ മരണ കാരണം അറിയാനാവാത്തത്. അജമാന്‍ മറീനയില്‍ നിന്നു ജുലൈ 25(ശനി)നായിരുന്നു അറേബ്യന്‍ ഗള്‍ഫിലേക്ക് മത്സ്യം പിടിക്കാന്‍ ജുമ സലിം(37) ഉള്‍പെട്ട സംഘം പുറപ്പെട്ടത്.
എന്നാല്‍ രണ്ടാം ദിവസമായ തിങ്കളാഴ്ച ഇദ്ദേഹം മരിച്ചെന്ന വിവരമാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നു കുടുംബത്തിന് ലഭിച്ചത്. വിദ്യാര്‍ഥികളായ അഞ്ചു കുട്ടികള്‍ക്കും യൂണിഫോമും മറ്റും വാങ്ങി വരാമെന്ന് പറഞ്ഞായിരുന്നു യൂവാവ് മത്സ്യം പിടിക്കാന്‍ യാത്രയായത്.
പെരുന്നാള്‍ അവധി കഴിഞ്ഞ ശേഷമായിരുന്നു കടലിലേക്കുള്ള യാത്രയെന്ന് ജുമ സമീമിന്റെ റഷ്യക്കാരിയായ ഭാര്യ റെയ്‌സത്ത് ഷിറസുദിനോവ(35) വ്യക്തമാക്കി. യൂണിഫോമും ബേഗുമെല്ലാമായി തിരിച്ചെത്താമെന്ന് പറഞ്ഞായിരുന്നു ഞങ്ങളെ ചുംബിച്ച് യാത്രയായത്. അജ്മാന്‍ മറീനയില്‍ നിന്നു എന്നെ വിളിച്ചിരുന്നു. കടലില്‍ എത്തിയാല്‍ വീണ്ടും വിളിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എല്ലായിപ്പോഴും മത്സ്യബന്ധനത്തിന് പോയാല്‍ ഒന്നോ, രണ്ടോ മണിക്കൂര്‍ ഇടവിട്ട് അദ്ദേഹം സന്ദേശങ്ങള്‍ അയക്കുമായിരുന്നു. പക്ഷേ അന്ന് അതുണ്ടായില്ല. ആറു ദിവസത്തേക്ക് യാതൊരു വിവരവും ലഭിച്ചില്ല. ഭര്‍ത്താവിനെ ആരോ പണത്തിനായി തടഞ്ഞുവെക്കുകയായിരുന്നുവെന്നാണ് തോന്നിയത്. ഫോണ്‍ വിളിച്ചിട്ട് ഔട്ട് ഓഫ് റെയ്ഞ്ച് എന്നാണ് അറിയാനായത്. ഒടുവില്‍ അദ്ദേഹത്തിന്റെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു എന്നാല്‍ സഹോദരന്‍ ബോട്ട് ഉടമയെ വിളിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു മറുപടി. ജൂലൈ 30ന് വിദേശ ഫോണില്‍ നിന്നു സഹോദരന്‍ വിളിച്ചതായി അല്‍ ദന്‍ഹാനിയുടെ സഹോദരി വ്യക്തമാക്കി. ശബ്ദത്തിലെ അസ്വസ്ഥത സംശയങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. ഭയന്നപോലെയാണ് സംസാരിച്ചിരുന്നത്. പണം അയക്കാന്‍ ആവശ്യപ്പെട്ടത് പ്രകാരം അലിയെന്ന ആള്‍ക്ക് അയച്ചെങ്കിലും പിന്നീട് ആ നമ്പറില്‍ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.
പിതാവ് സലിം അല്‍ ദന്‍ഹാനി മകന്റെ തിരോധാനത്തെക്കുറിച്ച് അജ്മാന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിദേശ കാര്യ മന്ത്രാലയം അല്‍ ദന്‍ഹാനി മരിച്ചതായി സ്ഥിരീകരിച്ചതും മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയതും. മരണം കഴിഞ്ഞിട്ടും യഥാര്‍ഥ കാരണം അറിയാതെ വിഷമിക്കുകയാണ് ഇപ്പോഴും ഈ കുടുംബം.