തദ്ദേശ തിരഞ്ഞെടുപ്പ്: അടിസ്ഥാനം പഴയ വാര്‍ഡ്

Posted on: August 9, 2015 4:53 am | Last updated: August 10, 2015 at 6:50 pm
SHARE

voteതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പഴയ വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വാര്‍ഡ് പുനര്‍വിഭജനം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഈ നിര്‍ദേശം കമ്മീഷന്‍ മുന്നോട്ടു വെച്ചത്. ഈ നിര്‍ദേശം ചൂണ്ടിക്കാട്ടി വാര്‍ഡ് വിഭജനം വൈകുന്നതിലുള്ള ആശങ്ക ഗവര്‍ണറെയും സംസ്ഥാന സര്‍ക്കാറിനെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖാമൂലം അറിയിച്ചു.
ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കി കമ്മീഷനെ അറിയിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഗവര്‍ണര്‍ പി സദാശിവത്തിനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണും നല്‍കിയ കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആവശ്യപ്പെട്ടു. ഗവര്‍ണറുമായി കമ്മീഷണര്‍ ഇക്കാര്യത്തില്‍ നേരിട്ട് ചര്‍ച്ചയും നടത്തി. സര്‍ക്കാറിന്റെയും ഗവര്‍ണറുടെയും നിലപാട് അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആശങ്ക അറിയിച്ച സാഹചര്യത്തില്‍ സര്‍ക്കാറിനോട് ഗവര്‍ണറുടെ ഓഫീസ് വിശദീകരണം തേടിയിട്ടുണ്ട്. ഭരണഘടനയിലെ അനുച്ഛേദം 253 (കെ) അനുസരിച്ച് തദ്ദേശ സ്ഥാപന ഭരണസമിതി അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയാലുടന്‍ പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെടണം. ഇതിനായി തിരഞ്ഞെടുപ്പ് നടക്കേണ്ട വര്‍ഷം ജനുവരി ഒന്നിനു മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി ഡീലിമിറ്റേഷന്‍ കമ്മീഷനെ സര്‍ക്കാര്‍ അറിയിച്ചിരിക്കണമെന്നാണ് ചട്ടം. എന്നാല്‍, ഈ കാലാവധി കഴിഞ്ഞ് എട്ട് മാസം പിന്നിട്ടിട്ടും സര്‍ക്കാറിന് പഞ്ചായത്ത് – നഗരസഭാ പുനര്‍വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
ജൂലൈ 31നകം വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, ഗ്രാമപഞ്ചായത്തുകളുടെ വിഭജനം ഏതാണ്ട് പൂര്‍ത്തിയായെങ്കിലും നഗരസഭകളുടെ വിഭജനം അനിശ്ചിതത്വത്തിലാണ്. ഇത് പൂര്‍ത്തിയായ ശേഷം വേണം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഭജനം നടത്താന്‍. ബ്ലോക്ക് പഞ്ചായത്തുകളുടെ പട്ടിക സമര്‍പ്പിച്ചെങ്കിലും വാര്‍ഡുകളും സംവരണക്രമവും നല്‍കിയിട്ടില്ല. 69 ഗ്രാമപഞ്ചായത്തുകളും 32 മുനിസിപ്പാലിറ്റികളും ഒരു കോര്‍പറേഷനും പുതുതായി രൂപവത്കരിക്കാനായിരുന്നു തീരുമാനം. ഇതിനായി 242 തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കേണ്ടിവരുമായിരുന്നു. തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകള്‍ വിഭജിച്ച് പുതിയ നഗരസഭകള്‍ രൂപവത്കരിക്കാനുള്ള നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നുവെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. പുതിയ പഞ്ചായത്തുകളുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട കേസുകള്‍ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ ബ്ലോക്ക് പുനഃക്രമീകരണത്തിന് അമ്പത് ദിവസവും ജില്ലാ പഞ്ചായത്ത് വാര്‍ഡ് പുനഃക്രമീകരണത്തിന് നാല്‍പ്പത് ദിവസവും വേണം. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. അതിനു മുമ്പ് വാര്‍ഡുകളുടെയും പോളിംഗ് ബൂത്തുകളുടെയും വോട്ടര്‍മാരുടെയും അന്തിമ പട്ടിക പുറത്തിറക്കണം. പുനഃക്രമീകരിച്ച പട്ടികയുടെ അടിസ്ഥാനത്തില്‍ ഇത് അസാധ്യമാണ്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ തീരുമാനപ്രകാരം പുതിയ തദ്ദേശ സ്ഥാപനങ്ങള്‍ ഈ തിരഞ്ഞെടുപ്പിലുണ്ടാകില്ല. 2010ലേതു പോലെ 978 ഗ്രാമപഞ്ചായത്തുകളിലും അറുപത് മുനിസിപ്പാലിറ്റികളിലും അഞ്ച് കോര്‍പറേഷനുകളിലും തിരഞ്ഞെടുപ്പ് നടക്കും. സര്‍ക്കാര്‍ തീരുമാനമെന്തായാലും കമ്മീഷന് സ്വന്തം നിലപാടുമായി മുന്നോട്ടു പോകുന്നതിന് നിയമതടസ്സമില്ല.
പുതിയ വാര്‍ഡ് പുനഃസംഘടന അനുസരിച്ച് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ വ്യക്തമാക്കി. വാര്‍ഡ് വിഭജനം നേരത്തെ പൂര്‍ത്തിയാക്കണമെന്ന് രണ്ടര വര്‍ഷം മുമ്പ് കത്തിടപാടിലൂടെയും നേരിട്ടും സര്‍ക്കാറിനോട് നിരന്തരമായി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, നിശ്ചിതസമയത്ത് പുനര്‍വിഭജന നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വേണ്ടത്ര ജാഗ്രതയുണ്ടായില്ല. പുനര്‍വിഭജനവുമായി ബന്ധപ്പെട്ട് മൂവായിരത്തോളം പരാതികളാണ് ലഭിച്ചത്. ഇതെല്ലാം തീര്‍പ്പാക്കണമെങ്കില്‍ കാലതാമസമുണ്ടാകും. ഭരണഘടനപ്രകാരം പുതിയ ഭരണസമിതി നവംബര്‍ ഒന്നിന് അധികാരമേല്‍ക്കണമെങ്കില്‍ അടുത്ത മാസം വിജ്ഞാപനം പുറപ്പെടുവിക്കണം. അതിനുള്ള നടപടികളുമായി കമ്മീഷന്‍ മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here