തമിഴ്‌നാട്ടില്‍ സഖ്യസാധ്യത തേടി ബി ജെ പി

Posted on: August 9, 2015 3:44 am | Last updated: August 8, 2015 at 11:46 pm
SHARE

modi and jayalalithaചെന്നൈ: തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ന ല്ലൊരു മത്സരമാണ് എന്‍ ഡി എ പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും, ബി ജെ പിയുടെ തന്ത്രങ്ങള്‍ക്ക് നിന്നുകൊടുക്കാതെ എ ഐ എ ഡി എം കെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട്ടിലെ ആദ്യ ഔദ്യോഗിക സന്ദര്‍ശന വേളയില്‍ എ ഐ എ ഡി എം കെയുമായി തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങളും സജീവമായിരുന്നു. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തില്‍ ഏര്‍പ്പെടേണ്ടെന്ന തീരുമാനമാണ് അവര്‍ കൈക്കൊണ്ടിരിക്കുന്നത് എന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. തനിച്ച് മത്സരിച്ച് ഭൂരിപക്ഷം നേടാനുള്ള കരുത്ത് ഇപ്പോഴും പാര്‍ട്ടിക്കുണ്ടെന്നും ബി ജെ പിയുമായുള്ള കൂട്ടുകെട്ട് ന്യൂനപക്ഷ വിഭാഗങ്ങളെയും ചില സാമുദായിക വിഭാഗങ്ങളെയും പാര്‍ട്ടിയില്‍ നിന്ന് അകറ്റുമെന്നുമാണ് ജയലളിതയുടെ ഉറച്ച വിശ്വാസം. 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമുണ്ടാക്കാതെ ഒറ്റക്ക് മത്സരിച്ച എ ഐ എ ഡി എം കെക്ക് സംസ്ഥാനത്ത് ആകെയുള്ള 39ല്‍ 37 സീറ്റുകളും നേടാനായത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അതേസമയം, ഇതേ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയമാണ് സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തെ വീണ്ടും ജയലളിതയുടെ പാര്‍ട്ടിയിലേക്ക് നോട്ടമിടാന്‍ പ്രേരിപ്പിക്കുന്നത്.
നിലവിലുള്ള എന്‍ ഡി എ സഖ്യത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതിലേക്കാള്‍ നല്ലത് എ ഐ എ ഡി എം കെയുമായി നീക്കുപോക്കുണ്ടാക്കുക എന്നതാണെന്നാണ് സംസ്ഥാനത്തെ ഒരു വിഭാഗം ബി ജെ പി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. എന്‍ ഡി എയിലെ പല സഖ്യകക്ഷികളുടെയും വോട്ടുകള്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ലെന്നും അവര്‍ കണക്കുകൂട്ടുന്നു.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയതില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്നും ഡല്‍ഹിയില്‍ അദ്ദേഹത്തെ പല സംസ്ഥാന മുഖ്യമന്ത്രിമാരും സന്ദര്‍ക്കാറുണ്ടെന്നും സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ തമിളിശൈ സുന്ദരരാജന്‍ പറഞ്ഞു.
അതേസമയം, തമിഴ്‌നാട്ടിലെത്തിയ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദളിത് വിഭാഗങ്ങളുടെ വിവധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ സാമുദായിക അടിത്തറ വിപുലമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പട്ടികവിഭാഗങ്ങളുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തുന്നതിനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.