Connect with us

Articles

കേരളത്തിലെ ലഹരി വിരുദ്ധ വിശേഷങ്ങള്‍

Published

|

Last Updated

കേരളത്തില്‍ നടക്കുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളെ മൂന്നായി വിഭജിക്കാം. ഒന്ന്, നിലവില്‍ ലഹരിക്ക് അടിമകളായവര്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍. രണ്ട്, യുവാക്കളും വിദ്യാര്‍ഥികളും പുതുതായി ലഹരി ഉപയോഗം തുടങ്ങാതിരിക്കാനുള്ള പ്രതിരോധ ബോധവത്കരണ പരിപാടികള്‍. മൂന്ന്, മദ്യ നിരോധവും ലഹരി ഉപയോഗത്തിനും കൈവശം വെക്കുന്നതിനും എതിരെയുള്ള നിയമ നടപടികളും.
ലഹരി ചികിത്സ എന്ന പേരില്‍ കേരളത്തില്‍ നിരവധി സംവിധാനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മരുന്ന്, കൗണ്‍സിലിംഗ്, പുനരധിവാസം എന്നിവ ഉള്‍പ്പെടുന്ന സമന്വയ ചികിത്സയാണ് ഫലപ്രദം. അല്‍പ്പകാലം ചില പ്രത്യേക മരുന്നുകള്‍ മാത്രം കഴിക്കുന്നതുകൊണ്ട് രോഗിയില്‍ മാറ്റം ഉണ്ടാകണമെന്നില്ല. ചികിത്സക്ക് വേണ്ടി സ്ഥാപനം തിരഞ്ഞെടുക്കുമ്പോള്‍ മരുന്നിനോടൊപ്പം കൗണ്‍സിലിംഗ്, സാമൂഹിക-മന:ശാസ്ത്ര ക്ലാസുകള്‍ (P-sycho Social education) എന്നിവ ലഭ്യമാണോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. ലഹരിയോടുള്ള ആസക്തിയെപറ്റി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യം അതൊരു ആജീവനാന്ത രോഗമാണ് എന്നതാണ്. ഒരാള്‍ ലഹരിക്ക് അടിപ്പെട്ടാല്‍ ചികിത്സയിലൂടെ അയാളെ സാധാരണ ജിവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നാലും ആസക്തി അയാളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നില്ല. അതുകൊണ്ടാണ് കൗണ്‍സിലിംഗ്, പുനരധിവാസം, ആല്‍ക്കഹോള്‍/നാര്‍ക്കോട്ടിക് അനോണിമസ് എന്നിവ പ്രധാനപ്പെട്ടതാകുന്നത്. ലഹരിയോടുള്ള ആസക്തി പ്രമേഹം പോലെ ഒരു ആജീവനാന്ത രോഗമായതിനാല്‍ ചികിത്സിച്ചു ഭേദമാക്കലല്ല, മറിച്ച് നിയന്ത്രിച്ചു നിര്‍ത്തലാണ് സംഭവിക്കുന്നത്. ചികിത്സയിലൂടെ സാധാരണ ജീവിതം അയാള്‍ക്കും സാധ്യമാണ്. ഇത്തരം കാര്യങ്ങള്‍ രോഗിയെയും കുടുംബാംഗങ്ങളെയും കൗണ്‍സിലിംഗ് വേളയിലാണ് ബോധ്യപ്പെടുത്തുക. ഈ കാര്യങ്ങള്‍ ബോധ്യപ്പെടാത്ത കാലത്തോളം രോഗിക്ക് മരുന്നിനോട് കൂടുതല്‍ ആശ്രിതത്വം തോന്നാന്‍ ഇടവരുന്നു. വീണ്ടും ലഹരി ഉപയോഗത്തിലേക്ക് വഴുതിവീണാല്‍ രോഗിയും കുടുംബാംഗങ്ങളും നിരാശരാവുന്നത് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാത്തതുകൊണ്ടാണ്. ആജീവനാന്ത രോഗമാണ് എന്ന തിരിച്ചറിവ് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കാനും രോഗത്തിന്റെയും താന്‍ വന്നുപെട്ട ജീവിതാവസ്ഥവസ്ഥയുടെയും ഭീകരത ബോധ്യപ്പെടാനും രോഗിയെ പ്രാപ്തനാക്കുന്നു. മന്ത്രത്തിന്റെയും ആഭിജാരത്തിന്റെയും ചികിത്സാ രീതികള്‍, അറിഞ്ഞും അറിയാതെയും ഒറ്റമൂലി നല്‍കി ലഹരി ആസക്തി നിയന്ത്രിക്കുക എന്നിവ ശാസ്ത്രത്തിന്റെ പിന്‍ബലമില്ലാത്തതാണ്. പ്രാര്‍ത്ഥനയും ഹിപ്‌നോട്ടിസവും കൊണ്ട് ലഹരി ആസക്തി മാറ്റിയെടുക്കാം എന്ന വാദം വെറും തട്ടിപ്പാണ്. എന്നാല്‍ പ്രാര്‍ഥനയും ഹിപ്‌നോട്ടിസവും ചികിത്സയുടെ ഫലം വര്‍ധിപ്പിക്കുന്ന സപ്പോര്‍ട്ടിംഗ് ഏജന്റുകളാണ്. ലഹരിയോടുള്ള ആസക്തി ഇല്ലാതാക്കാന്‍ കാര്യമായ മരുന്നുകളൊന്നും ഇല്ല. സ്ഥിരമായ ലഹരി ഉപയോഗം മൂലം ഉണ്ടായ ശാരീരിക മാനസിക പിന്‍വലിയല്‍ ലക്ഷണങ്ങളെ (withdrawal symptoms) നിയന്ത്രിക്കാനും ശരീരത്തില്‍ നിന്ന് ലഹരിയുടെ അംശം നീക്കം ചെയ്യാനുമാണ് മരുന്ന് നല്‍കുന്നത്.
മദ്യനിരോധത്തിന്റെ കൂടെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ് ചികിത്സാ സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുക എന്നത്. നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളെ പൊതുവായ മാനദണ്ഡങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരികയും പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഭാഗത്തു നിന്ന് പ്രോത്സാഹനമുണ്ടാകുകയും സര്‍ക്കാറിന്റെ ലഹരി ചികിത്സാ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ വിപുലമാക്കുകയും ചെയ്താല്‍ ചികിത്സാ മേഖലയിലെ കുറവുകള്‍ നികത്തപ്പെടും. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഡോ. വിജയകുമാര്‍ സമിതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. കേരളത്തില്‍ എണ്‍പത് ലക്ഷം ആളുകള്‍ മദ്യം ഉപയോഗിക്കുന്നവരാണെന്നും അതില്‍ ആറ് ലക്ഷം പേര്‍ ചികിത്സ നല്‍കേണ്ട അവസ്ഥയിലാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. ലഹരിക്കെതിരെ ബോധവത്കരണങ്ങള്‍ സജീവമാണെങ്കിലും ചികിത്സയെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ വളരെ കുറവാണ്; അബദ്ധജഡിലമായ തെറ്റിദ്ധാരണകള്‍ ധാരാളം നിലനില്‍ക്കുന്നുമുണ്ട്.
കഞ്ചാവ് പോലുള്ള ചില ലഹരികള്‍ രോഗിയെ വര്‍ഷങ്ങളോളം ചികിത്സ നല്‍കേണ്ട അവസ്ഥയില്‍ എത്തിച്ചേക്കാം. ഇത്തരം രോഗികള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നത് വളരെ ശ്രമകരമായ കാര്യമാണ്. രോഗികള്‍ക്ക് ദീര്‍ഘകാല പരിചരണം നല്‍കുന്ന റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കേണ്ടതിന്റെ പ്രസക്തി ഇവിടെയാണ്. സ്വകാര്യ മേഖലയില്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളിലെ ചികിത്സാ ചെലവ് കൂടുതല്‍ കാലം വഹിക്കാന്‍ പല കുടുംബങ്ങള്‍ക്കും സാധിക്കണമെന്നില്ല. സര്‍ക്കാറിനും സന്നദ്ധ സംഘടനകള്‍ക്കും ഏറ്റെടുത്തു നടത്താവുന്ന സേവനമാണ് ഇത്. രോഗികള്‍ക്ക് ചില തൊഴിലുകള്‍ പരിശീലിപ്പിച്ച് അവരുടെ ചെലവിന്റെ ഒരു ഭാഗം കണ്ടെത്തുന്ന പ്രൊജക്ടുകള്‍ക്കും കേരളത്തില്‍ പ്രസക്തിയുണ്ട്. ദീര്‍ഘകാല പരിചരണം ആവശ്യമുള്ള ഈ രോഗികള്‍ ലഹരിയുടെ വ്യാപനത്തിന് കാരണക്കാരാവുന്നുണ്ട്. ഇതര ജോലികള്‍ ചെയ്യാന്‍ ശാരീരികമായോ മാനസികമായോ അനുയോജ്യമല്ലാത്ത അവസ്ഥയില്‍ എത്തുന്ന രോഗി ലഹരി വില്‍പ്പന വരുമാന മാര്‍ഗമാക്കി മാറ്റുന്നു. യുവാക്കളും വിദ്യാര്‍ഥികളും ഇത്തരക്കാരില്‍ നിന്നാണ് ലഹരി ഉപയോഗം പഠിക്കുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
സമൂഹത്തിന്റെ പൊതുവായ അവബോധം വളരെ പ്രധാനപ്പെട്ടതാണ്. ലഹരി ചികിത്സ എന്നത് പലരും പരിഹാസം കലര്‍ന്ന ഇളം ചിരിയോടെ സമീപിക്കുന്ന ഒന്നാണ്. ലഹരി ആസക്തി രോഗമാണ് എന്ന തിരിച്ചറിവ് പല തെറ്റിദ്ധാരണകളെയും ഇല്ലാതാക്കുന്നതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. മോഹന്‍ റോയിയുടെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍, ഹൃദ്രോഗികളെയും ക്യാന്‍സര്‍ രോഗികളെയും കാണുന്നപോലെ ലഹരി ആസക്തി ബാധിച്ചവരെയും കാണണം. തമാശക്കുവേണ്ടി ലഹരി ഉപയോഗിച്ചു തുടങ്ങുന്ന വ്യക്തി സാവധാനമാണ് രോഗാവസ്ഥ പ്രാപിക്കുന്നത്. ലഹരി ഉപയോഗത്തിന്റെ നിശ്ചിത ഘട്ടം പിന്നിട്ടാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മനസ്സല്ല ശരീരത്തിലെ രാസമാറ്റങ്ങളാണ്. ഉപയോഗത്തിന്റെ ആദ്യഘട്ടത്തില്‍ മനസ്സിനു പങ്കുണ്ടെങ്കിലും രോഗാവസ്ഥയില്‍ മനസ്സിനു യാതൊരു പങ്കുമില്ല. ഒരാള്‍ മദ്യാസക്ത രോഗിയാവുന്നത് ഇങ്ങനെ വിശദീകരിക്കാം. മദ്യത്തിലടങ്ങിയ ആല്‍ക്കഹോള്‍ തലച്ചോറിലെ ഡോപമിന്‍ എന്ന പദാര്‍ഥവുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അങ്ങനെ രൂപപ്പെടുന്ന പദാര്‍ഥത്തിന്റെ പേരാണ് “തിക്ക്”. ഈ പദാര്‍ഥത്തിന്റെ സ്വാധീനം കൊണ്ടാണ് ഒരാള്‍ക്ക് വീണ്ടും വീണ്ടും മദ്യം ഉപയോഗിക്കാനുള്ള ആസക്തിയുണ്ടാകുന്നത്. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കിവെക്കുന്നത് ലഹരിക്ക് അടിപ്പെട്ട ആളോട് സഹാനുഭൂതിയോടെ ഇടപെടാനും അയാളെ ചികിത്സക്ക് പ്രേരിപ്പിക്കാനും സഹായിക്കും.
സിനിമ-സീരിയലുകളിലെ ലഹരി ഉപയോഗം അഭിനയിക്കുന്ന രംഗങ്ങളും കലാകാരന്‍മാരുടെ വ്യക്തിജീവിതവും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. ഇത്തരം സിനിമകളും അവയില്‍ അഭിനയിക്കുന്നവരും കലയുടെ ധര്‍മം നിര്‍വഹിക്കുന്നില്ല. മനുഷ്യപുരോഗതിയാണ് കലയുടെ ധര്‍മം. വികാരങ്ങളും സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും സന്തോഷങ്ങളും രേഖപ്പെടുത്തി സമൂഹത്തില്‍ ഗുണാത്മക മാറ്റം ഉണ്ടാക്കുന്നതിനാണ് കലാപ്രവര്‍ത്തനങ്ങള്‍ ആവിര്‍ഭവിച്ചിട്ടുള്ളത്. ലഹരിക്കയത്തിലേക്ക് യുവാക്കള്‍ ആപതിക്കാതിരിക്കാന്‍ കലാകാരന്മാരുടെയും സെലിബ്രിറ്റികളുടെയും കരുതല്‍ ആവശ്യമാണ്. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ നിയന്ത്രിക്കാന്‍ സെന്‍സര്‍ ബോര്‍ഡുമായി ചേര്‍ന്ന് നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്ന കാര്യം സ്വാഗതാര്‍ഹമാണ്.
ലഹരി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ചില ബോധവത്കരണങ്ങളെങ്കിലും ലഹരി എന്താണ് എന്നറിയാനുള്ള ത്വര കുട്ടികളില്‍ വളര്‍ത്തുന്നില്ലേ? വിഷയത്തിന്റെ മുകളില്‍ തൊട്ടുതലോടി പോകാനുള്ളതല്ല, അഗാധതയിലേക്ക് ഇറങ്ങിച്ചെന്ന് മാത്രം നടത്തേണ്ടതാണ് ലഹരി ബോധവത്കരണ പരിപാടികള്‍. ലഹരി മരുന്നിനെതിരായ പ്രചാരണ പരിപാടി കൃത്യമായി അവതരിപ്പിക്കാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് വസ്തുതയാണ് എന്നു പറഞ്ഞത് പൊതുമരാമത്ത് സെക്രട്ടറിയും നിരവധി സാമൂഹികക്ഷേമ പദ്ധതികളെക്കൊണ്ട് ശ്രദ്ധേയനുമായ എ പി എം മുഹമ്മദ് ഹനീഷാണ്. ലഹരി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഉപയോഗപ്പെടുത്തണം. ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നവര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നേടുന്നത് ഉചിതമായിരിക്കും. അനുഭവ സാക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ ക്ലാസെടുക്കുന്നത് കൂടുതല്‍ ഫലപ്രദമാണല്ലോ. ലഹരിക്കെതിരെ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുന്ന ലാഘവത്തോടെ ചെയ്യാന്‍ പറ്റുന്നതല്ല ചികിത്സ എന്ന് മനസ്സിലാക്കാന്‍ പരിശീലനം നിമിത്തമാവും. ബോധവത്കരണ ക്ലാസുകള്‍ വലിയ കൂട്ടം ആളുകള്‍ക്ക് നടത്തുന്നതിലുപരി ചെറിയ ഗ്രൂപ്പിനുവേണ്ടി നടത്തുന്നത് ഫലം ചെയ്യും. ചര്‍ച്ചാ രീതി (Interactive) യിലുള്ള ക്ലാസുകളാണ് കൂടുതല്‍ അഭികാമ്യം. ക്ലാസുകളുടെ തുടര്‍ പ്രവര്‍ത്തനം (Follow up) നിര്‍ബന്ധമായും നടത്തിയിരിക്കണം. തിരഞ്ഞെടുക്കപ്പെട്ട ഒരു ഗ്രൂപ്പിനു പരിശീലനം നല്‍കി ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.
ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുക എന്നത് വളരെ നല്ല ആശയമാണ്. മദ്യനിരോധത്തെ എതിര്‍ക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. മദ്യത്തിന് അടിപ്പെട്ട ആളുകളില്‍ 99 ശതമാനവും ആദ്യമായി മദ്യം നുണയാനുള്ള ഏക കാരണം അത് ലഭ്യമായി എന്നത് മാത്രമാണ്. ലഹരി നിയമപരമാക്കുമ്പോള്‍ അത് ചില തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. പൗരന്‍മാരുടെ ക്ഷേമത്തിനുവേണ്ടി നിലകൊള്ളേണ്ട സര്‍ക്കാര്‍ ഒരു സാധനം നിയമപരമാക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അര്‍ത്ഥം. മദ്യനിരോധം മൂലം ഉപയോഗം കുറഞ്ഞതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതിനുള്ള കാരണങ്ങളില്‍ ഒന്ന് ദുര്‍ബലമായ നിയമങ്ങളാണ്. മദ്യത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട അബ്കാരി നിയമത്തിന്റെ അത്രപോലും ശക്തമല്ല ഇതര ലഹരി മരുന്നുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍. അനധികൃതമായി മദ്യം കൈവശം വെക്കുന്നതിന് പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിക്കുമ്പോള്‍ കഞ്ചാവ് കൈവശം വെക്കുന്നതിന് നല്‍കുന്ന ശിക്ഷ വെറും ആറുമാസത്തെ തടവും പതിനായിരം രൂപ പിഴയുമാണ്. കുറ്റവാളികള്‍ക്ക് ഒരു നിലയിലും രക്ഷപ്പെടാന്‍ പഴുതു നല്‍കാത്ത രീതിയില്‍ നിയമങ്ങള്‍ നിര്‍മിക്കുകയും അത് നടപ്പാക്കാന്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും അവര്‍ അത് കൃത്യമായി നിര്‍വഹിക്കുന്നുണ്ടോ എന്ന് നോക്കുകയും ചെയ്യലാണ് മികച്ച ലഹരി പ്രതിരോധ പ്രവര്‍ത്തനം. കരിഞ്ചന്തയുള്ള മദ്യ വ്യാപാരവും വാറ്റും മദ്യ ദുരന്തങ്ങളും നിയമം കൊണ്ടാണ് തടയേണ്ടത്. ലഹരി നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ജീവനക്കാരുടെ എണ്ണം സംസ്ഥാനത്ത് അപര്യാപ്തമാണ്. എക്‌സൈസ് ജീവനക്കാരുടെ സംഘടനകളുടെ കണക്കനുസരിച്ച് 27,000 ജീവനക്കാരുടെ കുറവുണ്ട്. നിയമവും ചികിത്സ വേണ്ടവര്‍ക്ക് ചികിത്സയും ബോധവത്കരണവും ഫലപ്രദമായി ഉപയോഗിക്കുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കേരളത്തിന് ആവശ്യം.
(മഅ്ദിന്‍ ഡി-അഡിക്ഷന്‍ സെന്റര്‍
കോ-ഓര്‍ഡിനേറ്ററാണ് ലേഖകന്‍)

Latest