Connect with us

Articles

തൊഴിലിടങ്ങളിലെ സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങള്‍

Published

|

Last Updated

ജോലിക്ക് ചേരാനുള്ള അറിയിപ്പ് ലഭിച്ചപ്പോള്‍ അവള്‍ക്കും കുടുംബത്തിനും പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. ഒരു അപകടത്തില്‍ പരുക്കേറ്റ് അരക്ക് താഴെ തളര്‍ന്ന് കിടപ്പാണ് ഭര്‍ത്താവ്. അവളുടെ വരുമാനം കൊണ്ടു വേണം കുടുംബം പുലരാന്‍. പുതുമുഖമാണെങ്കിലും സഹപ്രവര്‍ത്തകര്‍ സഹായിക്കുമെന്നും അവരില്‍ നിന്ന് സഹകരണം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയോടെയാണ് അവള്‍ ഓഫീസിലേക്ക് പുറപ്പെട്ടത്. സുന്ദരിയായ അവള്‍ ചെന്നുകയറിയപ്പോള്‍ പലരില്‍ നിന്നുമുണ്ടായ തുളച്ചുകയറുന്ന നോട്ടവും കണ്ണിറുക്കലും കണ്ടില്ലെന്ന് നടിച്ച് അവള്‍ ജോലിയില്‍ ഏര്‍പ്പെട്ടു. അടുത്ത ദിവസം രാവിലെ ഓഫീസില്‍ എത്തിയപ്പോള്‍ അവളുടെ മേശപ്പുറത്ത് ഒരു കവര്‍. തുറന്നു നോക്കിയപ്പോള്‍ അവള്‍ ഞെട്ടിപ്പോയി. ഗര്‍ഭനിരോധന ഉറയുടെ ഒരു ഒഴിഞ്ഞ പാക്കറ്റായിരുന്നു കവറിനുള്ളില്‍. ആര്‍ക്കെങ്കിലും അബദ്ധം പറ്റിയതായിരിക്കുമെന്നു കരുതി അവള്‍ ഒന്നും മിണ്ടിയില്ല. അടുത്ത ദിവസങ്ങളിലും “സമ്മാനം” ആവര്‍ത്തിച്ചപ്പോള്‍ അവള്‍ തകര്‍ന്നു പോയി. മേലധികാരികളോട് പരാതിപ്പെട്ടെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. ആരാണ് ഇത് ചെയ്യുന്നതെന്ന് കണ്ടുപിടിക്കാനാവില്ലെന്നായിരുന്നു മറുപടി.
ഒരു ആനുകാലികത്തില്‍ ഒരു സ്ത്രീ ഉദ്യോഗസ്ഥ എഴുതിയതാണ് അവര്‍ക്ക് ഓഫീസില്‍ നിന്നേല്‍ക്കേണ്ടി വന്ന ഈ ദുരനുഭവങ്ങള്‍. മുതിര്‍ന്ന പോലീസുദ്യോഗസ്ഥരില്‍ നിന്നേല്‍ക്കേണ്ടി വരുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ നാഗ്പൂര്‍ ജില്ലയിലെ വനിതാ പോലീസുകാര്‍ ഡി ജി പിക്ക് പരാതി നല്‍കിയത് ഈ അടുത്ത ദിവസമാണ്. സഹപ്രവര്‍ത്തകരായ പോലീസുകാര്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയും വേശ്യകളെന്ന് പരിചയപ്പെടുത്തി തങ്ങളുടെ ഫോണ്‍ നമ്പറുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കി അപമാനിക്കുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ പരാതി. സഹപ്രവര്‍ത്തകരുടെ ഇംഗിതത്തിന് വഴങ്ങാത്തതിലുള്ള പ്രതികാരമാണ് ഇതിന് പിന്നില്‍.
തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ ഇന്ന് ആഗോളതലത്തില്‍ തന്നെ വലിയൊരു പ്രശ്‌നമായി വളര്‍ന്നിട്ടുണ്ട്. ഓഫീസുകളില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, പോലീസില്‍, സൈന്യത്തില്‍, മാധ്യമസ്ഥാപനങ്ങളില്‍, നീതിന്യായ മേഖലയില്‍ പോലും സ്ത്രീകള്‍ക്ക് മാന്യമായും സൈ്വരമായും ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. 2013ല്‍ യു എസില്‍ 26000ത്തോളം വനിതാ സൈനികരാണ് സഹപ്രവര്‍ത്തകരായ പുരുഷ സൈനികരുടെ പീഡനത്തിനിരയായത്. വാഷിംഗ്ടണ്‍ ടൈംസിലെ ഫോട്ടോ ജേര്‍ണലിസ്റ്റ് മേരി കാല്‍വര്‍ട്ട് തന്റെ ഫോട്ടോ ഫീച്ചറില്‍ പ്രസിദ്ധീകരിച്ച കണക്കാണിത്. പീഡനത്തിനിരയായവരില്‍ ഏഴില്‍ ഒരു സ്ത്രീ മാത്രമാണ് വിവരം തുറന്നു പറയുന്നതെന്നും പത്തില്‍ ഒരാള്‍ മാത്രമേ നിയമപരമായി അതിനെ നേരിടുന്നുള്ളുവെന്നും മേരികാല്‍വര്‍ട്ട് പറയുന്നു. പീഡനത്തിനെതിരെ പ്രതികരിക്കാനും അവര്‍ക്ക് ഭയം. അങ്ങനെ പ്രതികരിച്ച ചിലരെ ജോലിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് നിശ്ശബ്ദം എല്ലാം സഹിക്കുകയാണ് മിക്ക പേരും. ബ്രിട്ടീഷ് വനിതാ സൈനികരില്‍ 40 ശതമാനം ലൈംഗിക പീഡനത്തിനിരയാകുന്നുണ്ടെന്നാണ് ബ്രിട്ടീഷ് സൈനിക നേതൃത്വം നടത്തിയ സര്‍വേ ഫലം കാണിക്കുന്നത്. ഒരു മാസം മുമ്പാണ് ഈ സര്‍വേ ഫലം പുറത്തുവന്നത്.
നമ്മുടെ രാജ്യത്തും സ്ത്രീകള്‍ ഭീതിയോടെയാണ് പുരുഷ സാന്നിധ്യമുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. വനിതാ ജഡ്ജിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഹിമാചല്‍ പ്രദേശിലെ ഒരു ജഡ്ജി സസ്‌പെന്‍ഷനിലാണിപ്പോള്‍. രണ്ട് വര്‍ഷം മുമ്പ് സുപ്രീംകോടതി റിട്ട. ജഡ്ജി എ കെ ഗാംഗുലിയില്‍ നിന്നുണ്ടായ ലൈംഗിക പീഡനങ്ങള്‍ ഒരു യുവ അഭിഭാഷക വെളിപ്പെടുത്തിയിരുന്നു. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ നിയമനടപടികളെ അഭിമുഖീകരിക്കുകയാണ്. താഴ്ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ് കൂടുതല്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. ജോലി ലഭിക്കണമെങ്കില്‍ ഉദ്യോഗാര്‍ഥിനി സ്ഥാപന മേധാവിയുടെ കിടക്ക പങ്കിടാന്‍ സന്നദ്ധമാകണമെന്ന സ്ഥിതിവിശേഷം പോലുമുണ്ട് ചില സ്വകാര്യ കമ്പനികളില്‍ .
ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെയും നിയമങ്ങള്‍ ധാരാളമുണ്ട്. ഇതു പോരെന്ന തോന്നലില്‍ രണ്ട് വര്‍ഷം മുമ്പ് “ജോലിസ്ഥലത്തെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹാരവും) 2013” എന്നൊരു നിയമം കൊണ്ടുവന്നു. ഇതിലെ 3ാം വകുപ്പ് പ്രകാരം ലൈംഗിക സ്വഭാവമുള്ള ശാരീരികനീക്കങ്ങള്‍ മാത്രമല്ല, സ്പര്‍ശനങ്ങളും, ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍, ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ കാണിക്കല്‍, തുടങ്ങിയവയെല്ലാം ലൈംഗിക പീഡനത്തിന്റെ ഗണത്തില്‍ പെടുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്‌റ്റേഡിയം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, കളിസ്ഥലങ്ങള്‍, സംഘടന, സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍, മറ്റു ജോലി സ്ഥലങ്ങള്‍ തുടങ്ങിയ സ്ത്രീകള്‍ ജോലിചെയ്യുന്നതും ജോലി ആവശ്യാര്‍ഥം എത്താനിടയുള്ളതുമായ എല്ലാ സ്ഥലങ്ങളും ഇതിന്റെ പരിധിയില്‍ വരുന്നുണ്ട്. ജോലിക്കാരായ സ്ത്രീകള്‍ക്ക് മാത്രമല്ല, ഇത്തരം സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്കും ഈ നിയമപ്രകാരം സുരക്ഷ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ നിയമം വന്നു രണ്ട് വര്‍ഷം പിന്നിട്ടിട്ടും തൊഴിലിടങ്ങളിലെ സ്ത്രീ ഇന്നും സുരക്ഷിതയല്ല. നിയമമോ നീതിന്യായ വ്യവസ്ഥയോ സന്നദ്ധ സംഘടനകള്‍ പോലുമോ അവരുടെ രക്ഷക്ക് എത്തുന്നില്ല. നിയമപുസ്തകങ്ങളില്‍ സ്ത്രീകള്‍ക്കായി നീക്കിവെക്കപ്പെട്ട താളുകളുടെ എണ്ണം കൂടി വരുന്നതുകൊണ്ടു മാത്രം സ്ത്രീസുരക്ഷ നടപ്പിലാകില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മറിച്ച് സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിലും ജോലികളോടുള്ള സ്ത്രീകളുടെ സമീപനത്തിലുമെല്ലാം മാറ്റം വന്നെങ്കിലേ ഇത് സാധ്യമാവുകയുള്ളു.
സ്ത്രീകളെ കേവലം ഉപഭോഗ വസ്തുവായി കാണുകയും, ലൈംഗിക അരാജകത്വം ക്ഷണിച്ചു വരുത്തുകയും ചെയ്യുന്ന പ്രവണതകള്‍ക്ക് തടയിടുകയാണ് തൊഴില്‍മേഖലകളിലടക്കം സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ ആദ്യമായി ചെയ്യേണ്ടത്. സിനിമ, ടി വി സീരിയലുകള്‍, മീഡിയകള്‍, പരസ്യങ്ങള്‍ തുടങ്ങിയവയിലെല്ലാം ഇന്ന് സ്ത്രീ വില്‍പ്പനച്ചരക്കാണ്. അവരുടെ നഗ്നത വിറ്റാണ് ഈ മേഖലകളെല്ലാം വളരുന്നത്. സമത്വ വാദത്തിന്റെ മറവില്‍ പടിഞ്ഞാറന്‍ ലോകം സ്ത്രീകളെ വീടിനു വെളിയിലേക്ക് ആട്ടിത്തെളിയിച്ചത്, സ്ത്രീസമൂഹത്തിന്റെ നന്മ ലാക്കാക്കിയല്ലെന്നും അവരുടെ കച്ചവട താത്പര്യാര്‍ഥമാണെന്നും മനസ്സിലാക്കാനുള്ള ചിന്താ ഔന്നിത്യവും വിവേകവും ആ വിഭാഗത്തിന് ഇല്ലാതായിപ്പോയി.
വീടിന് വെളിയില്‍ സ്ത്രീകള്‍ക്കൊരു ജോലി ആഭിജാത്യത്തിന്റെയും അന്തസ്സിന്റെയും ലക്ഷണമായി കാണുന്ന പ്രവണതക്കും മാറ്റം വരേണ്ടതുണ്ട്. ഇതും സ്ത്രീ ചൂഷണം ലക്ഷ്യമാക്കി പ്രചരിപ്പിച്ച ഒരു സിദ്ധാന്തമാണ്. നല്ല സാമ്പത്തിക ശേഷിയും ഭര്‍ത്താവിന് മികച്ച ജോലിയുമുള്ള കുടുംബത്തിലെ സ്ത്രീകള്‍ പോലും ജോലിക്ക് പോകുന്നത് ഈ പ്രചാരണത്തില്‍ ആകൃഷ്ടരായാണ്. ശിശുപരിപാലനം, ഗൃഹഭരണം തുടങ്ങി പ്രകൃതി സ്ത്രീയെ ഉത്തരവാദപ്പെടുത്തിയ അനിവാര്യമായ കടമകള്‍ ഇട്ടെറിഞ്ഞാണ് അവരുടെ ഈ പുറപ്പാട്. പ്രാരാബ്ധമുള്ള ഒരു കുടുംബത്തില്‍, സ്ത്രീ ജോലിക്ക് പോയില്ലെങ്കില്‍ കുടുംബം പട്ടിണിയാകുന്ന സാഹചര്യത്തില്‍ ഇത് ന്യായീകരിക്കാം. അല്ലാത്ത ഘട്ടത്തില്‍ വീടിന് വെളിയില്‍ സ്ത്രീക്കൊരു ജോലി വേണമെന്ന് എന്തിനാണ് അവര്‍ ശാഠ്യം പിടിക്കുന്നത്? ഗൃഹജോലിക്കു പതിത്വം കല്‍പിക്കുകയെന്നത് പുരുഷമേധാവിത്വപരമായ കാഴ്ചപ്പാടാണെന്ന ഫെമിനിസ്റ്റ് മനോഗതിയില്‍ ചിന്താബോധമുള്ള സ്ത്രീകള്‍ പോലും അകപ്പെടുന്നുവെന്നതാണ് സങ്കടം. പുരുഷന്മാര്‍ വിഹരിക്കുന്ന എല്ലാ മേഖലകളിലും കയറിപ്പറ്റിയെങ്കിലേ സ്ത്രീസമത്വം നടപ്പാകുകയുള്ളൂവെന്നുണ്ടോ? എത്ര ശ്രമിച്ചാലും അത്തരമൊരു സമത്വം സാധ്യവുമല്ല. ചുരുക്കത്തില്‍ നിയമങ്ങളും ചട്ടങ്ങളും ഫലം കാണണമെങ്കില്‍ സാമൂഹികാന്തരീക്ഷം അതിനനുസൃതമായി ചിട്ടപ്പെടുത്തുകയോ പരിവര്‍ത്തിതമാവുകയോ വേണം. ധാര്‍മിക ബോധത്തിന്റെയും സാന്മാര്‍ഗിക ചിന്തയുടെയും പിന്‍ബലമില്ലാത്ത ഒരു നിയമത്തിനും രോഗാതുരമായ സമൂഹത്തിന്റെ മനസ്സിനെ മാറ്റിയെടുക്കാനാകില്ല.

---- facebook comment plugin here -----

Latest