Connect with us

Editorial

കിട്ടാക്കടം പിരിച്ചെടുക്കല്‍

Published

|

Last Updated

ഇന്ത്യയുടെ ഒരു പ്രസ്റ്റീജ് കോര്‍പറേറ്റ് സ്ഥാപനമാണ് റിലയന്‍സ് ഗ്രൂപ്പ്. ലോക ധനാഢ്യരില്‍ മുന്‍പന്തിയിലാണ് ഇതിന്റെ ഉടമകളായ അംബാനി സഹോദരങ്ങള്‍. എണ്ണപര്യവേക്ഷണം മുതല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ ചില്ലറ വില്‍പ്പന ശൃംഖല വരെ റിലയന്‍സിനുണ്ട്. ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പയര്‍, പരിപ്പ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയെല്ലാം ഉപഭോക്താക്കള്‍ക്ക് ഒരു മേല്‍ക്കൂരക്ക് കീഴില്‍ റിലയന്‍സ് ഗ്രൂപ്പില്‍ ലഭ്യമാണ്. ഒരു പുതിയ ദൗത്യം കൂടി ഇപ്പോള്‍ റിലയന്‍സ് ലേലം വിളിയിലൂടെ ഏറ്റെടുത്തിരിക്കുന്നു. ബേങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കിട്ടാക്കടം പിരിച്ചെടുക്കലാണ് ആ ദൗത്യം. കിട്ടാക്കടം പട്ടികയില്‍ വിദ്യാഭ്യാസ വായ്പ വരെ ഉള്‍പ്പെടും. കിട്ടാക്കടം പിരിക്കുന്നതിന് ക്വട്ടേഷന്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നവരുടെ പ്രവര്‍ത്തനവും വാടക ഗുണ്ടകളുടെ പ്രവര്‍ത്തനവും തമ്മില്‍ വലിയ അന്തരമൊന്നുമില്ല. ബേങ്കുകളുടെ കിട്ടാക്കടം പിരിക്കലിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് വെറുതെയായില്ല.
കഴിഞ്ഞ ജൂണ്‍ 30 വരെ വിദ്യാഭ്യാസ വായ്പയില്‍ 90,502 അക്കൗണ്ടുകളിലായി 2252 കോടി രൂപയാണ് ബേങ്കുകള്‍ക്ക് കിട്ടാക്കടമായി കിടക്കുന്നത്. ഇതില്‍ 2015 മെയ് 31 വരെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട 8430 വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകളാണ് റിലയന്‍സ് ആസ്തി പുന:സംവിധാന കമ്പനിയെ ഏല്‍പ്പിച്ചത്. 61.94 കോടി രൂപക്കാണ് റിലയന്‍സ് ലേലത്തില്‍ എടുത്തത്. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും തിരിച്ചുപിടിക്കാന്‍ വിഷമകരവുമായ വായ്പാ ബാധ്യതയാണ് റിലയന്‍സ് ലേലത്തില്‍ പിടിച്ചത്. ഇതില്‍ 128.37 കോടി രൂപ മാത്രമാണ് പിരിച്ചെടുക്കാന്‍ ബാക്കി നില്‍ക്കുന്നത്.
കഴിഞ്ഞ നാല് ധനകാര്യ വര്‍ഷങ്ങളില്‍ 25 ദേശസാത്കൃത ബേങ്കുകള്‍ക്ക് കിട്ടാക്കടമായി നഷ്ടപ്പെട്ടത് 12,620 കോടി രൂപയാണ്. കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കനറാ ബേങ്ക്, വിജയ ബേങ്ക്, കോര്‍പറേഷന്‍ ബേങ്ക്, സിണ്ടിക്കേറ്റ് ബേങ്ക്, സ്റ്റേറ്റ് ബേങ്ക് ഓഫ് മൈസൂര്‍ എന്നീ അഞ്ച് ബേങ്കുകള്‍ക്ക് മാത്രം കിട്ടാക്കടമായി നഷ്ടപ്പെട്ടത് 2,060.75 കോടി രൂപയാണെന്ന് ധനമന്ത്രാലയത്തിന്റെ രേഖകള്‍ പറയുന്നു. ഈ ബേങ്കുകളില്‍ ഇതേ കാലയളവില്‍ 4845 വഞ്ചനാ കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസ്, അഹമ്മദാബാദ് ആസ്ഥാനമായ ടെലികോം കമ്പനിക്കെതിരെയാണ്. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ, വിജയ ബേങ്ക്, കനറാ ബേങ്ക് എന്നിവ സംയുക്തമായി നല്‍കിയ പരാതിയിലാണ് കമ്പനിക്കെതിരെയും അതിന്റെ ഡയറക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തത്. അതിനിടയില്‍ അടിയന്തര ആവശ്യം പറഞ്ഞ് ടെലികോം കമ്പനിയുടെ പ്രമോട്ടര്‍ , ഈ മൂന്ന് ബേങ്കുകളില്‍ നിന്ന് 40.4 കോടി രൂപ പിന്‍വലിച്ച് മുങ്ങി. വായ്പ തിരിച്ചടക്കാന്‍ 2013 ആഗസ്റ്റ് 31വരെ സമയം ആവശ്യപ്പെട്ട് പ്രമോട്ടര്‍ മുങ്ങുകയായിരുന്നു. കഴിഞ്ഞ നാല് ധനകാര്യ വര്‍ഷത്തിനിടയിലുണ്ടായ പ്രമാദമായ കേസാണിത്. വ്യവസായികളും ധനാഢ്യരും ബേങ്ക് അധികൃതരും ഇടനിലക്കാരും കൂട്ടുചേര്‍ന്ന് നടത്തുന്ന വഞ്ചനയുടെ ഫലമാണ് ബേങ്കുകള്‍ നേരിടുന്ന കിട്ടാക്കട പ്രശ്‌നം. ബേങ്ക് വായ്പ ലഭിക്കാന്‍ ഒരു സാധാരണക്കാരന്‍ തന്റെ കൈവശമുള്ളതെല്ലാം ബേങ്കിന് പണയപ്പെടുത്തേണ്ടിവരുമ്പോള്‍, വന്‍ വ്യവസായികളും, ധനാഢ്യരും ബേങ്ക് വായ്പക്ക് മതിയായ രേഖകള്‍ പോലും സമര്‍പ്പിക്കാറില്ല. മുനിസിപ്പല്‍ സ്റ്റേഡിയവും ടൗണ്‍ഹാളും ഈട് നല്‍കി കോടികള്‍ വായ്പ നേടിയെടുത്ത രാഷ്ട്രീയക്കാരനും ഭരണാധികാരിയും നമുക്കുണ്ടായിരുന്നു. ബേങ്കുകളില്‍ നടക്കുന്ന തിരിമറിക്ക് അല്‍പമെങ്കിലും ശമനമുണ്ടായതും സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വായ്പ ലഭിച്ചുതുടങ്ങിയതും ദേശസാത്കരണത്തിന് ശേഷമാണ്. ഏത് സാഹചര്യത്തിലും ചെറുകിടക്കാരും കര്‍ഷകരും ബേങ്ക് വായ്പ കൃത്യമായി തിരിച്ചടക്കുമ്പോള്‍ കൊമ്പന്‍ സ്രാവുകള്‍ പണം തിരിച്ചടക്കുന്ന കാര്യം ആലോചിക്കുന്നുപോലുമില്ലെന്ന് ബേങ്കുകള്‍ പരാതിപ്പെടുന്നു. ഇപ്പോള്‍ കിട്ടാക്കടത്തില്‍ നിന്ന് നേട്ടം കൊയ്യുന്നതും പഴയ യജമാനന്മാര്‍ തന്നെ. കിട്ടാക്കടം പിരിച്ചെടുക്കാനുള്ള അവകാശം ലേലം വിളിയിലൂടെ നേടിയെടുക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയൂ.
വ്യവസായികള്‍ക്ക് നല്‍കുന്നതിലും വളരെ കൂടിയ പലിശ നിരക്കിലാണ് പഠന വായ്പ നല്‍കുന്നത്. പഠനകാലത്ത് വായ്പാ തിരിച്ചടവ് സാധ്യമല്ലെന്ന് ആര്‍ക്കും ബോധ്യമുള്ളതാണ്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ആറോ ഏഴോ വര്‍ഷമെങ്കിലും വേണ്ടിവരും. തുടര്‍ന്ന് ജോലി ലഭിക്കണം. ഇതൊന്നും പരിഗണിക്കാതെ പഠനവായ്പ തിരിച്ചുപിടിക്കാന്‍ മുതിര്‍ന്നാല്‍ അത് മഹാപാതകമായിരിക്കും. കര്‍ഷകരുടെ വഴിയെ വിദ്യാര്‍ഥികളുമെന്ന അവസ്ഥയുണ്ടാകും. വിദ്യാഭ്യാസ വായ്പ പലിശരഹിതമാക്കാനാണ് ഭരണകൂടം ശ്രമിക്കേണ്ടത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍, വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയ പദ്ധതികള്‍ പോലും അര്‍ഹിക്കുന്നവര്‍ക്കല്ല, ലക്ഷപ്രഭുക്കള്‍ക്കാണ് ഗുണം ചെയ്യുന്നത്. പക്ഷേ ഇത് സമ്മതിച്ചുകൊടുക്കാന്‍ ആരും തയ്യാറാവുന്നില്ലെന്ന് മാത്രം. ഈ ആത്മവഞ്ചന ഇനിയെങ്കിലും അവസാനിപ്പിക്കണം.

Latest