Connect with us

International

കാബൂളില്‍ ആക്രമണ പരമ്പര; അമ്പതിലേറെ മരണം

Published

|

Last Updated

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വീണ്ടും താലിബാന്‍ ആക്രമണം. പോലീസ് അക്കാദമി, സൈന്യം, നാറ്റോ എന്നീ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങളില്‍ ചുരുങ്ങിയത് 50 പേരെങ്കിലും കൊല്ലപ്പെട്ടു. ഇതില്‍ 20 പേര്‍ പോലീസ് കേഡറ്റുകളാണ്. ഒരു നാറ്റോ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം താലിബാന്‍ തീവ്രവാദികള്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 400ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.
അക്കാദമിയിലേക്ക് പ്രവേശനം കാത്ത് പരിശോധനകള്‍ക്ക് വേണ്ടി വരിയായി നില്‍ക്കുന്ന പോലീസ് കേഡറ്റുകളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് അഫ്ഗാനിസ്ഥാനിലെ മുതിര്‍ന്ന രഹസ്യാന്വേഷണ വിഭാഗം മേധാവി ചൂണ്ടിക്കാട്ടി. മുല്ലാ ഉമറിന്റെ മരണത്തെ തുടര്‍ന്ന് താലിബാനികള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ, ഇത് രണ്ടാം തവണയാണ് അഫ്ഗാന്‍ സുരക്ഷാ വിഭാഗത്തെ ലക്ഷ്യമാക്കി ആക്രമണം നടക്കുന്നത്.
രണ്ടാഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കി വീടുകളിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് പോലീസ് കേഡറ്റുകള്‍ക്ക് നേരെ ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണങ്ങളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് വിഭാഗത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന രാജ്യത്തെ പ്രധാന അക്കാദമിയാണ് പടിഞ്ഞാറന്‍ കാബൂളിലെ ആക്രമണത്തിനിരയായ ഈ കേന്ദ്രം. എല്ലാ വര്‍ഷവും 2,000നും 3,000നും ഇടയില്‍ പോലീസ് കേഡറ്റുകള്‍ ഇവിടെ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങാറുണ്ട്.