വന്യജീവി ആക്രമണത്തില്‍ വന്‍ വര്‍ധന

Posted on: August 9, 2015 4:02 am | Last updated: August 8, 2015 at 11:03 pm
SHARE

Wayanad Elephantsതിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം നേരിടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. വന്യജീവി ആക്രമണത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതും പരുക്കേറ്റവരുമായി നഷ്ടപരിഹാരം ലഭിച്ചവരുടെ എണ്ണത്തില്‍ 160 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വരെ ഇവരുടെ എണ്ണം 7,416ല്‍ എത്തി. പ്രധാനമായും വയനാട്, ഇടുക്കി, കോട്ടയം ജില്ലകളിലാണ് വന്യജീവി ആക്രമണം വര്‍ധിച്ചിട്ടുള്ളത്. 20 പേരാണ് കഴിഞ്ഞ വര്‍ഷം വന്യജീവി ആക്രമണത്തെ തുടര്‍ന്ന് മരിച്ചത്.
ഇവരില്‍ കൂടുതല്‍ പേര്‍ക്കും ആനയുടെ ആക്രമണമാണ് നേരിടേണ്ടി വന്നത്. ആദിവാസികളും കാട്ടിനുള്ളിലെത്തുന്ന വിനോദ സഞ്ചാരികളുമാണ് ആക്രമണത്തിന് ഇരയായിട്ടുള്ളത്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ കടുവ ആക്രമണവും ഗവിയിലെ ആന ആക്രമണവുമാണ് അടുത്ത കാലത്ത് ഇത്തരത്തില്‍ നടന്ന രണ്ട് സംഭവങ്ങള്‍. വനത്തിനുള്ളിലെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പ്രധാനമായും വന്യജീവികള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ കാരണമെന്നാണ് ജൈവൈവിധ്യ ബോര്‍ഡിന്റെ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. നഗരവത്കരണത്തിന്റെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടിവന്നതും വനത്തിനുള്ളിലെ ഭക്ഷ്യവസ്തുക്കളുടെ കുറവും കാലാവസ്ഥാ വ്യതിയാനവും വനത്തിനുള്ളില്‍ ജനവാസ മേഖലയിലെ സസ്യലതാദികളുടെ വളര്‍ച്ചയും മൃഗങ്ങളെ കാടു വിട്ട് നാട്ടിലേക്കിറങ്ങാന്‍ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇടക്കിടയുണ്ടായ കാട്ടുതീയില്‍ സംസ്ഥാനത്തെ 18,170 ഹെക്ടര്‍ വനപ്രദേശത്ത് നാശം വിതച്ചു.
ഇത്തരം സാഹചര്യങ്ങളിലും വന്യമൃഗങ്ങള്‍ ആക്രമണകാരികളായി മാറാറുണ്ട്. വന്യജീവി ആക്രമണം നേരിടുന്നതിനായി വനംവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 259 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പദ്ധതികള്‍ പലതും പൂര്‍ത്തിയായിക്കഴിഞ്ഞു.
സോളാര്‍ വൈദ്യുതി ഉപയോഗിച്ച് ഇടുക്കിയില്‍ 16.30 കിലോ മീറ്റര്‍ ദൂരവും തേക്കടിയില്‍ 12.10 കിലോമീറ്റര്‍ ദൂരവും വൈദ്യുതി വേലികളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. വൈല്‍ഡ് ലൈഫ് ഇടുക്കി ഡിവിഷന്റെ ക്യാമ്പുകളുടെ സമീപത്തായി 750 മീറ്റര്‍ ദൂരത്തില്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിനായി ട്രഞ്ചുകളും ഇടുക്കി ആദിവാസി സെറ്റില്‍മെന്റ് മേഖലകള്‍ കേന്ദ്രീകരിച്ച് അഞ്ചര കിലോമീറ്റര്‍ ദൂരത്തില്‍ കയ്യാലകളും നിര്‍മിച്ചിട്ടുണ്ട്. പുതിയനിയമ പ്രകാരം വന്യജീവികളുടെ ആക്രമണത്തില്‍ മരണപ്പെടുന്ന വ്യക്തിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here