Connect with us

National

വ്യാപം: ആത്ഹത്യക്ക് അനുമതി തേടി രാഷ്ട്രപതിക്ക് പ്രതികളുടെ കത്ത്‌

Published

|

Last Updated

ഭോപ്പാല്‍: വ്യാപം കേസിലെ ദുരൂഹ മരണങ്ങളുയര്‍ത്തുന്ന ഭീതികള്‍ക്കിടെ കേസില്‍ കുറ്റാരോപിതരായി ഗ്വാളിയോര്‍ ജയിലില്‍ കഴിയുന്ന എഴുപതോളം പേര്‍ ആത്മഹത്യ ചെയ്യാനനുവദിക്കണമെന്നപേക്ഷിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു.
വ്യാപം കേസുമായി ബന്ധപ്പെട്ടുള്ള ഇതുവരെയുള്ള ദുരൂഹ മരണങ്ങളുടെ എണ്ണം 49 ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തവേ അക്ഷയ് സിംഗ് എന്ന പത്രപ്രവര്‍ത്തകന്റെ ദുരൂഹ മരണത്തോടെയാണ് വ്യാപം കേസും കേസുമായി ബന്ധപ്പെട്ടുള്ള ദുരൂഹ മരണങ്ങളും വ്യാപക ശ്രദ്ധയാര്‍ജിക്കാന്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ കക്ഷികള്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തി ലുള്ള ബി ജെ പി ഗവണ്‍മെന്റിനെതിരെ പ്രക്ഷോഭം തുടങ്ങി. കഴിഞ്ഞ മാസം അഞ്ച് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യാനനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന് കത്തെഴുതിയിരുന്നു. പോലീസ് അന്വേഷണത്തില്‍ നിരപരാധികളെന്ന് തെളിഞ്ഞിട്ടും കോളജ് അധികൃതരും സഹപാഠികളും ഇവരോട് വിവേചനം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം.
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് പരീക്ഷാ നിയമന ക്രമക്കേടുകള്‍ നടത്തിയ അഞ്ച് പേര്‍ക്കെതിരെ വെള്ളിയാഴ്ച്ച സി ബി ഐ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേസന്വേഷണം ഏറ്റെടുത്ത സി ബി ഐ യോട് ആഗസ്റ്റ് 24നകം വ്യാപവുമായി ബന്ധപ്പെട്ട എല്ലാ കേസന്വേഷണങ്ങളും ഏറ്റെടുക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഭോപ്പാലില്‍ അഞ്ചെണ്ണമടക്കം പ്രത്യേക കോടതികള്‍ സ്ഥാപിക്കാനുള്ള സി ബി ഐ യുടെ ധൃതിയില്‍ സുപ്രീം കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു.
മധ്യപ്രദേശിലെ സര്‍ക്കാര്‍ നിയമനവും പ്രവേശന പരീക്ഷകളും നടത്തുന്ന സ്ഥാപനമായ വ്യാപത്തില്‍ വ്യത്യസ്ത നിയമന പരീക്ഷകളിലും പ്രവേശന പരീക്ഷകളിലും ആള്‍മാറാട്ടമടക്കം ക്രമക്കേട് നടത്തി അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ജയിലിലാണ്.