കേരള എക്‌സ്പ്രസില്‍ ദമ്പതികളെ ആക്രമിച്ച് കവര്‍ച്ച; രണ്ട് യുവാക്കള്‍ പിടിയില്‍

Posted on: August 8, 2015 6:22 pm | Last updated: August 9, 2015 at 6:54 am
SHARE

mmmകടുത്തുരുത്തി: കേരള എക്‌സ്പ്രസില്‍ വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന തമിഴ് യുവാക്കളെ പിടികൂടി. ഇന്നലെ ഉച്ചക്ക് 2.30 ഓടെ കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനിലാണ് നാടകീയ സംഭവം. തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിക്കു പോകുകയായിരുന്ന കേരളാ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കല്ലമ്പലം സ്വദേശികളായ നാസില്‍ മന്‍സില്‍ മുഹമ്മദ് നാസില്‍ (54), ഭാര്യ ഖൈറുന്നീസ (35), മകന്‍ മുഹമ്മദ് നാസിം (ആറ്) എന്നിവരാണ് അക്രമണത്തിന് ഇരയായത്. ഗുരുതരമായി പരുക്കറ്റ ഖൈറുന്നിസയെയും ഭര്‍ത്താവിനെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശികളായ വിനു (21), സന്തോഷ് (19) എന്നിവരെ അറസ്റ്റ് ചെയ്തു.
മുഹമ്മദ് നാസിലും കുടുബവും വര്‍ക്കലയില്‍ നിന്ന് തലയോലപ്പറമ്പിലെ ബന്ധുവിട്ടിലേക്ക് പോകുകയായിരുന്നു. കണ്ണിന് കാഴ്ച കുറവുള്ള മുഹമ്മദ് നാസില്‍ വികലാംഗര്‍ക്കുള്ള കോച്ചിലായിരുന്നു യാത്ര ചെയ്തിരുന്നത്. ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ രണ്ട് പേര്‍ കോച്ചില്‍ വന്ന് എത്തി നോക്കിയതായി മുഹമ്മദ് നാസില്‍ പറഞ്ഞു. തുടര്‍ന്ന് ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ മോഷണസംഘം കമ്പാര്‍ട്ട്‌മെന്റില്‍ ചാടിക്കയറുകയായിരുന്നു. വികലാംഗരുടെ കമ്പാര്‍ട്ട്‌മെന്റാണെന്ന് പറഞ്ഞപ്പോള്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങാമെന്ന് പറഞ്ഞു യാത്ര തുടര്‍ന്നു. ഏറ്റുമാനൂര്‍ എത്തിയപ്പോള്‍ രണ്ട് പേരും ചേര്‍ന്ന് ദമ്പതികളെ മര്‍ദിക്കുകയും പണമടങ്ങിയ ബാഗ് കൈക്കലാക്കുകയുമായിരുന്നു. മൂവായിരം രൂപയും രണ്ട് മൊബൈല്‍ ഫോണുകളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
ഈ സമയം കമ്പാര്‍ട്ട്‌മെന്റില്‍ മറ്റു യാത്രക്കാര്‍ ഇല്ലായിരുന്നു. പലതവണ ട്രെയിനിന്റെ അപായചങ്ങല വലിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ തടസ്സപ്പെടുത്തി. പിന്നീട് കോതനല്ലൂരിനും കുറുപ്പന്തറക്കും ഇടക്ക് വെച്ച് ചങ്ങല വലിക്കുകയും വണ്ടി കുറുപ്പന്തറ സ്റ്റേഷനില്‍ നിര്‍ത്തുകയുമായിരുന്നു. ട്രെയിന്‍ നിര്‍ത്തിയ ഉടന്‍ പ്രതികള്‍ ഇറങ്ങിയോടി. പരുക്കേറ്റ കുടുംബത്തെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ട്രെയിനില്‍ നിന്ന് ചാടിയോടിയ പ്രതികളെ കോതനല്ലൂര്‍ വിജയാ പാര്‍ക്ക് ഹോട്ടലിന് സമീപത്തു നിന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.