ദുബൈ ടാക്‌സികളിലും ക്യാമറ സ്ഥാപിക്കാന്‍ ആര്‍ ടി എ ആലോചിക്കുന്നു

Posted on: August 8, 2015 5:45 pm | Last updated: August 8, 2015 at 5:45 pm
SHARE

Radio_Taxi_generic_650ദുബൈ: അബുദാബിയുടെ പാത പിന്തുടര്‍ന്ന് ദുബൈയിലെ ടാക്‌സികളിലും ക്യാമറ സ്ഥാപിക്കാന്‍ അധികാരികള്‍ ആലോചിക്കുന്നു. ദുബൈയിലെ ടാക്‌സി കാറുകള്‍ നിയന്ത്രിക്കുന്ന ആര്‍ ടി എയാണ് ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നത്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിയും നടപടിക്ക് അനുകൂലമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നതിനാല്‍ അധികം വൈകാതെ ദുബൈ നിരത്തുകളില്‍ ഓടുന്ന കാറുകളിലും ക്യാമറകള്‍ സ്ഥാപിക്കപ്പെടുമെന്നാണ് കരുതുന്നത്. ദുബൈയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ദ ഖലീജ് ടൈംസ് സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ അഭിപ്രായ സര്‍വേയില്‍ 74 ശതമാനവും ക്യാമറ സ്ഥാപിക്കുന്നതിനെ അനുകൂലിച്ചാണ് പ്രതികരിച്ചത്. അതായത് 1,600 പേര്‍ പ്രതികരണം അറിയിച്ചപ്പോള്‍ അനുകൂലിച്ചിരിക്കുന്നത് 1,200 പേര്‍.
ക്യാമറ സ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി സ്ഥിരം ടാക്‌സി യാത്രക്കാരയായ ഫിലിപൈന്‍ സ്വദേശി എഡ്‌ലിന്‍ ലോപസ് വ്യക്തമാക്കി. പലപ്പോഴും അമിതവേഗത്തെക്കുറിച്ച് കാര്‍ നല്‍കുന്ന മുന്നറിയിപ്പ് പോലും ടാക്‌സി ഡ്രൈവര്‍മാര്‍ പരിഗണിക്കാറില്ലെന്നും അത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ ക്യാമറ ഫലപ്രദമാവുമെന്നും അവര്‍ പറഞ്ഞു. അമിത വേഗം കണ്ടെത്താനും ഡ്രൈവറും യാത്രക്കാരുമായുണ്ടാവുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനും വാഹനം ഡ്രൈവ് ചെയ്യവേ ചില ഡ്രൈവര്‍മാര്‍ സുരക്ഷ അപകടത്തിലാക്കി മൊബൈലില്‍ സംസാരിക്കുന്നത് കണ്ടെത്താനുമെല്ലാം ക്യാമറ ഉപകാരപ്പെടുമെന്നാണ് യാത്രക്കാര്‍ ക്യാമറക്ക് കാണുന്ന ഗുണം.
ക്യാമറ സ്ഥാപിക്കുന്നത് ഏറെ ഗുണം ചെയ്യുക ഡ്രൈവര്‍മാര്‍ക്കായിരിക്കുമെന്ന് ടാക്‌സി ഡ്രൈവറായ അഹ്മദ് ഖുറേഷി അഭിപ്രായപ്പെട്ടു. അകാരണമായി ടാക്‌സി ഡ്രൈവര്‍മാരെക്കുറിച്ച് യാത്രക്കാര്‍ നല്‍കുന്ന പരാതികളില്‍ പലപ്പോഴും ഭീമമായ തുകയാണ് പിഴ ഇനത്തില്‍ ഡ്രൈവര്‍മാര്‍ക്ക് നഷ്ടമാവുന്നത്. ഇത്തരം സംഭവങ്ങളില്‍ കമ്പനി അധികൃതര്‍ക്ക് ഡ്രൈവറുടെ നിരപരാധിത്വം ബോധ്യപ്പെടാന്‍ ക്യാമറയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു. അനുവദനീയമായ വേഗത്തില്‍(മണിക്കൂറില്‍ 100 കിലോമീറ്ററില്‍ താഴെ) സഞ്ചരിക്കുമ്പോഴും ചില യാത്രക്കാര്‍ അമിതവേഗം ആരോപിച്ച് അധികാരികള്‍ക്ക് പരാതി നല്‍കാറുണ്ട് അത്തരം കേസുകളില്‍ ക്യാമറ ഡ്രൈവര്‍ക്ക് രക്ഷയാവുമെന്ന് മറ്റൊരു ടാക്‌സി ഡ്രൈവറായ അഹ്മദ് സാഹിദ് വ്യക്തമാക്കി.
ക്യാമറ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് പറയാനുള്ളത് വാഹനത്തില്‍ ലഭ്യമാവുന്ന സ്വകാര്യത ക്യാമറ വരുന്നതോടെ ഇല്ലാതാവുമെന്നാണ്. വളരെ കുറഞ്ഞ ശതമാനം ഡ്രൈവര്‍മാര്‍ മാത്രമാണ് മോശമായി പെരുമാറുന്നത്. യാത്രക്കാരും ഡ്രൈവര്‍മാരും തമ്മില്‍ വാഗ്വാദം സംഭവിക്കുന്നതും ദുബൈയില്‍ അപൂര്‍വമാണ്. അങ്ങനെ നോക്കുമ്പോള്‍ ചെറിയ കാര്യത്തിനായി വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്ന ക്യാമറ ആശാസ്യമല്ലെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
ക്യാമറ ടാക്‌സികളില്‍ സ്ഥാപിക്കുകയെന്നാല്‍ നാം സ്വകാര്യതക്ക് കനത്ത വില നല്‍കേണ്ടി വരികയെന്നാണ് അര്‍ഥമാക്കേണ്ടതെന്ന് യാത്രക്കാരനായ ഗിരീഷി എടത്തിട്ട അഭിപ്രായപ്പെട്ടു. ക്യാമറയുടെ കാര്യത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവ സ്ഥാപിച്ച ശേഷം ക്യാമറ ഉള്ളതിനെയാണോ, ഇല്ലാത്തതിനെയാണോ യാത്രക്കാര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് നോക്കിവേണം നടപടി സ്വീകരിക്കാനെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. സെന്റര്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് അബുദാബിയാണ് ടാക്‌സികളില്‍ ക്യാമറ ഘടിപ്പിക്കാന്‍ നടപടി സ്വീകരിച്ചത്. ഈ വര്‍ഷം 100 ടാക്‌സികളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാനാണ് അബുദാബി ഒരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here