Connect with us

Wayanad

ചൈനീസ് പട്ട: കച്ചവട തന്ത്രത്തിനെതിരെ ഒറ്റയാള്‍ പോരാട്ടവുമായി ലിയോനാര്‍ഡ് ജോണ്‍

Published

|

Last Updated

ലിയോനാര്‍ഡ് ജോണ്‍

ലിയോനാര്‍ഡ് ജോണ്‍

കല്‍പ്പറ്റ: ആട് വേറെ, ആന വേറെ. കാഴ്ചയില്‍ ഇരട്ടകളെന്നു തോന്നുമെങ്കിലും അജഗജാന്തരമുണ്ട് കറുവപ്പട്ടയും ചൈനീസ് പട്ടയും തമ്മില്‍. കറുവ മരത്തിന്റെ അകംതോലാണ് കറുവപ്പട്ട.ചൈനീസ് പട്ട കാസ്യം മരത്തിന്റെ തോലും.ഔഷധമൂല്യവും സുഗന്ധവും ഉള്ളതാണ് കറുവപ്പട്ട. ഈ ഗുണങ്ങള്‍ നന്നേകുറഞ്ഞ ചൈനീസ് പട്ട വില്ലനുമാണ്. മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലാന്‍ കരുത്തുള്ളതാണ് രണ്ടിനം പട്ടകളിലുമുള്ള കൗമാരിന്‍ എന്ന രാസവസ്തു. കറുവപ്പട്ടയില്‍ നാമമാത്രമാണ് കൗമാരിന്‍ സാന്നിധ്യം. ചൈനീസ് പട്ടയില്‍ വളരെ കൂടുതലാണിത്. ചൈനീസ് പട്ട ചേര്‍ത്തുണ്ടാക്കുന്ന മരുന്നുകളും ഭക്ഷ്യവസ്തുക്കളും തുടര്‍ച്ചയായി സേവിച്ചാല്‍ കരളും വൃക്കയും തകരാറിലായി ആളുടെ കഥകഴിയും. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് ഇക്കാര്യം. എന്നിട്ടും ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍നിന്നു ഒരോ വര്‍ഷവും നൂറുകണക്കിനു ടണ്‍ ചൈനീസ് പട്ടയാണ് ഇന്ത്യന്‍ തുറമുഖങ്ങളിലെത്തുന്നത്. ഇത് കറുവപ്പട്ടയെന്ന പേരില്‍ രാജ്യവ്യാപകമായി വിറ്റഴിയുന്നുമുണ്ട്. ചൈനീസ് പട്ടയിലടങ്ങിയ കൗമാരിന്റെ ഇരകളാണ് രാജ്യത്തെ വൃക്ക, കരള്‍ രോഗികളില്‍ കുറച്ചെങ്കിലും. ഈ യാഥാര്‍ഥ്യം തുറന്നുകാട്ടുന്നതിനും ചൈനീസ് പട്ട ഇറക്കുമതി ഇന്ത്യയില്‍ നിരോധിക്കാനുമുള്ള പോരാട്ടത്തിലാണ് കണ്ണൂര്‍ പയ്യാമ്പലം ജോണ്‍സന്‍സ് വില്ലയില്‍ ലിയോനാര്‍ഡ് ജോണ്‍.
കറുവപ്പട്ട കര്‍ഷനുമാണ് ലിയോനാര്‍ഡ്. കണ്ണൂര്‍ ജില്ലയിലെ നടുവിലിനു സമീപം അദ്ദേഹത്തിനു 30 ഏക്കറില്‍ കറുവപ്പട്ട കൃഷിയുണ്ട്. ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി എട്ട് വര്‍ഷം മുന്‍പ് നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് പട്ടയില്‍ കൗമാരിന്‍ ആപത്കരമായ അളവിലുണ്ടെന്ന് ലിയോനാര്‍ഡിനു ബോധ്യമായത്. യൂറോപ്യന്‍ രാജ്യങ്ങള്‍ ചൈനീസ് പട്ട ഇറക്കുമതി നിരോധിച്ചതാണെന്നും മനസിലായി. ഇറക്കുമതി ചെയ്ത ചൈനീസ് പട്ടയുടെ വിപണനം രാജ്യത്തെ കറുവപ്പട്ട കര്‍ഷര്‍ക്ക് ന്യായവില ലഭിക്കുന്നതിനു വിഘാതമാകുന്നതും അദ്ദേഹത്തെ പ്രകോപിതനാക്കി. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കറുവപ്പട്ട ഉല്‍പാദനത്തില്‍ പ്രഥമസ്ഥാനത്താണ് കേരളം.
സ്‌പൈസസ് ബോര്‍ഡിന് പരാതി നല്‍കിയാണ് ചൈനീസ് പട്ടയ്‌ക്കെതിരായ അടരിനു ലിയോനാര്‍ഡ് തുടക്കമിട്ടത്. ഇത് പ്രത്യേകഫലം ഉളവാക്കിയില്ല. തുടര്‍ന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിക്ക് പരാതി അയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അതോറിറ്റിയുടെ സയന്റിഫിക് പാനല്‍ ചൈനീസ് പട്ടയെ ആഴത്തിലുള്ള പഠനത്തിനു വിധേയമാക്കി. കറുവപ്പട്ടയില്‍ കൗമാരിന്‍ അളവ് 0.004-ഉം ചൈനീസ് പട്ടയില്‍ അഞ്ചും ശതമാനമാണെന്ന് കണ്ടെത്തി. ചൈനീസ് പട്ട ഉപയോഗം മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് സ്ഥിരീകരിച്ചു.പഠനഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി.പക്ഷേ, ഇന്ത്യയില്‍ ഭരണചക്രം തിരിക്കുന്നവര്‍ ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കണ്ടില്ല. അതേസമയം, ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് ന്യൂസിലന്റ്, കാനഡ, സഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ ചൈനീസ് പട്ട ഇറക്കുമതി നിരോധിച്ചു.
കച്ചവട താത്പര്യങ്ങളുടെ സ്വാധീനമാണ് ഇന്ത്യയില്‍ ചൈനീസ് പട്ട ഇറക്കുമതി നിരോധത്തിനു തടസ്സമെന്ന് ലിയോനാര്‍ഡ് പറയുന്നു. 2014-15ല്‍ വിശാഖപട്ടണം തുറമുഖത്തുമാത്രം 55,000 കിലോ ചൈനീസ് പട്ടയാണ് ഇറക്കുമതി ചെയ്തത്. ഇത്തരത്തില്‍ മറ്റു തുറമുഖങ്ങളിലും ഇറക്കുമതി നടന്നിട്ടുണ്ടാകണം. ഇതു സംബന്ധിച്ച വിവരം ബന്ധപ്പെട്ട മന്ത്രാലയം പുറത്തുവിടുന്നില്ല. ഇറക്കുമതിക്കാര്‍ ആരൊക്കെയെന്നും വ്യക്തമാക്കുന്നില്ല. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി വെബ്‌സൈറ്റിലിട്ട പഠന റിപ്പോര്‍ട്ട് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നതുമല്ലെന്ന് ലിയോനാര്‍ഡ് പറയുന്നു.
ഇറക്കുമതി ചെയ്ത ചൈനീസ് പട്ട കറുവപ്പട്ടയെന്ന പേരില്‍ വിപണികളില്‍ എത്തിക്കുന്നവര്‍ കൊള്ളലാഭം കൊയ്യുകയാണ്. 250 രൂപ മുതല്‍ 500 രൂപ വരെയാണ് ഒരു കിലോഗ്രാം കറുവപ്പട്ടയുടെ ഉല്‍പാദന ചെലവ്.
ചൈനീസ് പട്ടക്കിത് അഞ്ച് രൂപയില്‍ കുറവാണ്. ചൈനയിലെയും ഇന്തോനേഷ്യയിലെയും കാടുകളില്‍ സമൃദ്ധമായി വളരുന്നതാണ് കാസ്യം.
കേരളത്തില്‍ കറുവപ്പട്ട കിലോഗ്രാമിന് ശരാശരി 300 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില. ഇത് 400-500 രുപ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്.ഒരു കിലോഗ്രാം ചൈനീസ് പട്ട ഇന്ത്യയിലെത്തിക്കുമ്പോള്‍ ഇറക്കുമതിക്കാര്‍ക്ക് ഏകദേശം 60 രുപയാണ് ചെലവ്. മൊത്തച്ചവടക്കാര്‍ മുഖേന വിപണിയിലെത്തുന്ന ഇതിനു ഉപഭോക്താക്കള്‍ ചതിയറിയാതെ കറുവപ്പട്ടയുടെ അതേവില നല്‍കുന്നു.
രാജ്യത്ത് കനത്ത നഷ്ടത്തിലാണ് കറുവപ്പട്ട കൃഷി. വരവിനെക്കാള്‍ വളരെ കൂടുതലാണ് ചെലവ്. നഷ്ടം അസഹ്യമായപ്പോഴാണ് ഒരു ദശാബ്ദം മുന്‍പ് അഞ്ചരക്കണ്ടി കറുവപ്പട്ട എസ്റ്റേറ്റിനു താഴുവീണത്. ചൈനീസ് പട്ടയുടെ ഇറക്കുമതി നിരോധിക്കുകയും ശ്രീലങ്കയില്‍നിന്നുള്ള കറുവപ്പട്ട ഇറക്കുമതി നിയന്ത്രിക്കുയും ചെയ്യുന്നത് ഇന്ത്യയില്‍ കറുവപ്പട്ട കൃഷി ലാഭകരമാകുന്നതിനു വഴിയൊരുക്കുമെന്നാണ് ലിയോനാര്‍ഡിന്റെ അഭിപ്രായം.
ഫ്രാന്‍സ് ഉള്‍പ്പെടെ പല രാജ്യങ്ങളും ചൈനീസ് പട്ട ഉപയോഗത്തിനെതിരെ ടെലിവിഷന്‍ അടക്കം മാധ്യമങ്ങളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നുണ്ട്. ഭാരത സര്‍ക്കാര്‍ ഈ പാത പിന്തുരടണമെന്ന ആഗ്രഹവും ലിയോനാര്‍ഡിനുണ്ട്. ചൈനീസ് പട്ട്ക്കുനേരേ ഇന്ത്യന്‍ വാതിലുകള്‍ അട്ക്കുന്നതിനുള്ള നീക്കങ്ങള്‍ ആരോഗ്യവും ബുദ്ധിയും സമ്പത്തും അനുവദിക്കുന്ന കാലത്തോളം തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനവും.

Latest