കൂള്‍ബാറില്‍ രണ്ടംഗ സംഘത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്‌

Posted on: August 8, 2015 11:03 am | Last updated: August 8, 2015 at 11:03 am
SHARE

പേരാമ്പ്ര: ബസ് സ്റ്റാന്‍ഡിലെ കൂള്‍ബാറില്‍ രണ്ടംഗ സംഘം നടത്തിയ അക്രമത്തില്‍ കടയുടമയുടെ മകന് പരുക്ക്. വെറൈറ്റി കൂള്‍ ബാര്‍ ഉടമ മുസ്തഫയുടെ മകന്‍ ജുനൈസി (24) നാണ് സാരമായി പരുക്കേറ്റത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജുനൈസിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കടയിലെത്തിയ യുവാക്കള്‍ ചില്ലറ പൈസയുടെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും കടയിലെ സ്റ്റൂള്‍ എടുത്ത് തലക്ക് അടിക്കുകയുമായിരുന്നുവെന്ന് ജുനൈസ് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. ബാദുഷ അബ്ദുസ്സലാം, കെ ഭാസ്‌കരന്‍, സി എം അഹമ്മദ്‌കോയ, പി കെ രാജീവന്‍, ടി കെ പ്രകാശന്‍, സാജിദ് ഊരാളത്ത് നേതൃത്വം നല്‍കി.