ചേനപ്പാടിക്കാരുടെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക്

Posted on: August 8, 2015 9:30 am | Last updated: August 8, 2015 at 9:30 am
SHARE

കാൡകാവ്: മരം വീണ് പിഞ്ചുബാലന്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും വീടുകള്‍ തകരുകയും ചെയ്ത സംഭവത്തിന് ശേഷം ചേനപ്പാടി ആദിവാസികള്‍ക്ക് പരുത്തിപ്പറ്റയില്‍ വീട് നിര്‍മാണം തുടങ്ങി.
ആശിച്ച ഭൂമി ആദിവാസികള്‍ക്ക് സ്വന്തം എന്ന പദ്ധതിയിലാണ് കോളനിക്കാര്‍ക്ക് വീട് പണി ആരംഭിച്ചത്. ഒരു വര്‍ഷത്തോളമായി പുല്ലങ്കോട് ലേബര്‍ വെല്‍ഫെയര്‍ സെന്ററില്‍ അഭയാര്‍ഥികളായി കഴിയുകയാണ് ചേനപ്പാടി കോളനിയിലെ ആദിവാസികള്‍. ഒമ്പത് കുടുംബങ്ങള്‍ക്കാണ് പരുത്തിപ്പറ്റയില്‍ വീടൊരുങ്ങുന്നത്. ചേനപ്പാടി മലവാരത്തില്‍ വനത്തിനുള്ളില്‍ കഴിഞ്ഞിരുന്ന ആദിവാസികള്‍ താമസിച്ചിരുന്ന ജീര്‍ണിച്ച വീടുകള്‍ പൊളിച്ച് മാറ്റി പുതിയ വീട് പണി ആരംഭിച്ചിരുന്നു.
ഇതിനിടെ സ്ഥലം സന്ദര്‍ശിച്ച ഐ ടി ഡി പി ഉദ്യോഗസ്ഥര്‍ സ്ഥലം വാസയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് കടുത്ത ദുരിതത്തില്‍ കഴിയുകയായിരുന്ന കുടുംബങ്ങളെ പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചോക്കാട് നാല്‍പത് സെന്റ് സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. വെള്ളവും മറ്റ് അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും പരിഹാരമില്ലാതായതോടെ വീണ്ടും കാട് കയറിയ കുടുംബങ്ങളാണ് ദുരന്തത്തില്‍ പെട്ടത്. പിന്നീട് വാര്‍ഡ് മെമ്പര്‍ റിസിയ അലിയുടേയും ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടേയും സഹായത്തോടെയാണ് ഈ കുടുംബങ്ങളെ പുല്ലങ്കോടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.
അപകടത്തെ തുടര്‍ന്ന് ഏറെ താമസിച്ചെങ്കിലും സര്‍ക്കാര്‍ നഷ്ടപരിഹാരങ്ങള്‍ നല്‍കിയിരുന്നു. താമസിക്കാന്‍ വീടും സ്ഥലവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ക്ക് ശേഷമാണ് കോളനിക്കാര്‍ക്ക് വീടുകള്‍ യാഥാര്‍ഥ്യമാകുന്നത്. വീടുകള്‍ നിര്‍മിക്കുന്നതിന് ഒന്നാം ഗഡു 52,000 രൂപ വീതം ഒമ്പത് കുടുംബങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ഐ ടി പി അധികൃതരുടെ നിര്‍ദേശ പ്രകാരം എടക്കര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് വീടുകളുടെ നിര്‍മാണം നടത്തുന്നത്. ഇന്ന് വീടുകളുടെ നിര്‍മാണത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തും.
മന്ത്രി എ പി അനില്‍കുമാറിന്റേയും മുന്‍ ജില്ലാകലക്ടര്‍ പി കെ ബിജുവിന്റെയും താത്പര്യ പ്രകാരമാണ് ചേനപ്പാടി ആദിവാസികള്‍ക്ക് ആശിച്ച ഭൂമി ആദിവാസികള്‍ക്ക് സ്വന്തം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. കോളനിക്കാരുടെ അസാന്നിധ്യത്തിലാണ് വീടുകള്‍ക്ക് കുറ്റിയടിച്ച് തറ കീറല്‍ തുടങ്ങിയതില്‍ കോളനിക്കാര്‍ സന്തോഷത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here